ഇരിട്ടി ഉൾപ്പെടെ മലയോരത്ത് ലഹരിവസ്തുക്കളുടെ ഉപയോഗവും വില്പനയും വീണ്ടും സജീവം

ഇരിട്ടി ഉൾപ്പെടെ മലയോരത്ത് ലഹരിവസ്തുക്കളുടെ ഉപയോഗവും വില്പനയും വീണ്ടും സജീവമാകുന്നു. മേഖലയിലെ വിവിധ ടൗണുകൾ കേന്ദ്രീകരിച്ചും നാട്ടിൻപുറത്തെ ചെറുകിട വ്യാപാരസ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുമാണ് വൻതോതിലുള്ള വിൽപ്പനയും കടത്തും നടത്തുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ അടഞ്ഞുകിടന്ന സംസ്ഥാന അതിർത്തികൾ എല്ലാം തുറന്നതോടെയാണ് മലയോര മേഖലയിലേക്ക് ലഹരിവസ്തുക്കളുടെ കടത്ത് കൂടിയത്.

കർണാടകത്തിലെ ബെംഗളൂരു, മൈസൂരു, വീരാജ്‌പേട്ട തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് ചെറിയ തുകയ്ക്ക് വാങ്ങിക്കുന്ന ഹാൻസ്, കൂൾലിപ്പ് തുടങ്ങിയ ലഹരിവസ്തുക്കളാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് എത്തുന്നത്.

കർണാടകയിൽനിന്ന്‌ ഇവ വാഹനത്തിൽ കയറ്റിവിടുന്നതിനും ലക്ഷ്യസ്ഥാനത്ത് എത്തിയാൽ ഇറക്കി സൂക്ഷിപ്പ് കേന്ദ്രത്തിലേക്ക് എത്തിക്കുന്നതിനും അവിടെനിന്ന് വിവിധ മേഖലകളിലേക്ക് എത്തിക്കുന്നതിനും ഏജന്റുമാരും പ്രവർത്തിക്കുന്നുണ്ട്. ഇത്തരം ലഹരിവസ്തുക്കൾ എത്തിക്കുന്നതിലും വില്പനയിലൂടേയും ലഭിക്കുന്ന വൻ ലാഭമാണ് കൂടുതൽ പേരെ ഇതിന്റെ ഏജന്റുമാരാക്കി മാറ്റുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മലയോരത്തെ വിവിധ മേഖലകളിൽനിന്നായി നിരവധി കേസുകളാണ് എക്‌സൈസും പോലീസും പിടിച്ചത്. പിടിക്കപ്പെട്ടാൽ ചെറിയ തുക മാത്രമാണ് പിഴയൊടുക്കേണ്ടതായി വരുന്നത്. അതുകൊണ്ടുതന്നെ ഒരിക്കൽ പിടിക്കപ്പെട്ടവർതന്നെ വീണ്ടും ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നതാണ് പോലീസിനും എക്സൈസിനും തലവേദനയാകുന്നത്. ലഹരിവസ്തുക്കളുടെ വിൽപ്പന നടത്തുന്നത് ശ്രദ്ധയിൽപെട്ടാൽ എക്‌സൈസ് വകുപ്പിനെ അറിയിക്കണമെന്നും വിവരം കൈമറുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതർ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: