കേരളത്തിൽ നടക്കുന്നത് കടംമൂടിയ വികസനമാണെന്ന് കെ.സുധാകരൻ എം.പി

കണ്ണൂർ: കേരളത്തിൽ നടക്കുന്നത് കടംമൂടിയ വികസനമാണെന്ന് കെ.സുധാകരൻ എം.പി. പറഞ്ഞു. കണ്ണൂർ കോർപ്പറേഷൻ ഐക്യജനാധിപത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഴിമതിക്കുവേണ്ടിയാണ് വികസനം നടത്തുന്നത്. വികസനത്തിന്റെ പേരിൽ നടക്കുന്നത് കൺസൾട്ടൻസിയെ നിശ്ചയിക്കലും ആ കൺസൾട്ടൻസിയിലൂടെ കോടികൾ അടിച്ചുമാറ്റുകയുമാണ്. ഈ അടിച്ചുമാറ്റലിന് നേതൃത്വം കൊടുക്കുന്നതാകട്ടെ സംസ്ഥാനത്തെ മന്ത്രിമാരുടെയും പാർട്ടിസെക്രട്ടറിയുടെ മക്കളും. ഇതുപോലൊരു കൊള്ള ഇന്ത്യയിലുണ്ടായിട്ടില്ല. അത്രയും ഭീകരമായ കൊള്ളയാണ് സംസ്ഥാനത്ത് നടക്കുന്നത്. എല്ലാ കൊള്ളരുതായ്മകളും നടന്നിട്ടും അതിനെതിരെ പ്രതികരിക്കാൻപോലും മന്ത്രിമാർക്ക് സാധിക്കുന്നില്ല. നപുംസകങ്ങളായി മാറിയിരിക്കുകയാണ് ഇവരെന്നും സുധാകരൻ പറഞ്ഞു.

ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി അധ്യക്ഷത വഹിച്ചു. കെ.എം.ഷാജി എം.എൽഎ., യു.ഡി.എഫ്. ചെയർമാൻ പി.ടി.മാത്യു, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി അബ്ദുൾ കരീം ചേലേരി, സി.എം.പി. നേതാവ് സി.എ.അജീർ എന്നിവർ സംസാരിച്ചു.

യു.ഡി.എഫ്. മുൻ ചെയർമാൻ പ്രൊഫ. എ.ഡി.മുസ്തഫ, മുൻ മേയർ സുമാ ബാലകൃഷ്ണൻ, കെ.പി.സി.സി. ജന. സെക്രട്ടറി അഡ്വ. മാർട്ടിൻ ജോർജ്‌, നേതാക്കളായ സുരേഷ് ബാബു എളയാവൂർ, അഡ്വ. ടി.ഒ.മോഹനൻ, കെ.പ്രമോദ്, വി.വി.പുരുഷോത്തമൻ, സി.രഘുനാഥ്, വി.പി.വമ്പൻ, പി.എ.തങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റിയും രൂപവത്കരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: