കഴിഞ്ഞ തവണ ജയിച്ച വാർഡ് നൽകാതെ പാർട്ടി നേതൃത്വം വഞ്ചിച്ചതായി മുൻ മുസ്‌ലിംലീഗ് വനിതാ നേതാവ്

തലശ്ശേരി: കഴിഞ്ഞ തവണ ജയിച്ച വാർഡ് നൽകാതെ പാർട്ടി നേതൃത്വം വഞ്ചിച്ചതായി തലശ്ശേരി നഗരസഭാ കൗൺസിലറും മുസ്‌ലിംലീഗ് വനിതാവിഭാഗം നേതാവുമായിരുന്ന പി.പി.സാജിത പത്രസമ്മേളനത്തിൽ പറഞ്ഞു. ഇത്തവണ മത്സരിക്കാനില്ലെന്ന് തീരുമാനിച്ചതാണ്. പാർട്ടിനിർബന്ധത്തിന് വഴങ്ങിയാണ് മത്സരിക്കാൻ തീരുമാനിച്ചത്. എന്നാൽ, ജയസാധ്യയില്ലാത്ത വാർഡിൽ മത്സരിക്കാനാണ് നേതൃത്വം ആവശ്യപ്പെട്ടത്. കഴിഞ്ഞതവണ 23 വോട്ടിന് ജയിച്ച ചേറ്റംകുന്ന് വാർഡ് നൽകാതെ ഇത്തവണ നേതാവിന്റെ മകനെ സ്ഥാനാർഥിയാക്കി. രണ്ടാംസ്ഥാനത്തുള്ള ബി.ജെ.പി. ജയിക്കാതിരിക്കാനാണ് ഇത്തവണ ചേറ്റംകുന്നിൽ സ്വതന്ത്രയായി മത്സരിക്കുന്നത്. ചേറ്റംകുന്ന് വാർഡിൽ ഇത്തവണയും തന്നെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് വാർഡിലെ 500 പേർ ഒപ്പിട്ട നിവേദനം പാർട്ടിനേതൃത്വത്തിന് നൽകിയിരുന്നു.

പാർട്ടിസ്ഥാനങ്ങൾ മാത്രമാണ് രാജിവെച്ചത്. പാർട്ടിയിൽനിന്ന് രാജിവെച്ചിട്ടില്ല. എൽ.ഡി.എഫുമായി സഖ്യമില്ല. വോട്ട് ആരു തന്നാലും വാങ്ങും. മത്സരത്തിൽനിന്ന് പിൻമാറണമെന്നാവശ്യപ്പെട്ട് പാർട്ടി നേതൃത്വം കഴിഞ്ഞ ദിവസം കത്ത് നൽകി. മത്സരത്തിൽനിന്ന് പിൻമാറില്ല. വാർഡിൽ തിരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ടുപോകും. പാർട്ടിയിലെ ചിലർ ഇപ്പോഴും വ്യക്തിഹത്യ നടത്തുകയാണെന്ന് സാജിത പറഞ്ഞു. വീട്ടിൽ ക്വാറന്റീനിലായിരുന്ന സാജിതയുടെ നാമനിർദേശപത്രിക വാർഡിലുള്ള രണ്ടു വോട്ടർമാരാണ് നൽകിയത്. സൂക്ഷ്മപരിശോധനവേളയിൽ ഇവരുടെ പത്രിക സ്വീകരിക്കുന്നതിനെ ചൊല്ലി തർക്കമുണ്ടായെങ്കിലും പത്രിക അംഗീകരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: