ജില്ലാ ആശുപത്രിയെ ഹൃദയ ശസ്ത്രകിയ നടത്താവും വിധം വികസിപ്പിക്കും: ശൈലജ ടീച്ചർ

കണ്ണൂർ ജില്ലാ ആശുപത്രിയെ ഹൃദയ ശസ്ത്രകിയ ഉൾപ്പെടെ നടത്താവുന്ന വിധം വികസിപ്പിക്കുമെന്ന് ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ പറഞ്ഞു. ജില്ലാ ആശുപത്രിയിലെ നവീകരിച്ച മോർച്ചറിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലാ പഞ്ചായത്ത് സമർപ്പിച്ച ജില്ലാ ആശുപത്രി മാസ്റ്റർ പ്ലാനിന് കിഫ്ബിയിൽനിന്ന് 76 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. ഇനിയും കൂടുതൽ തുക ആവശ്യം വരുമ്പോൾ അനുവദിക്കും. ഇവിടെ കാത് ലാബിന് ടെൻഡർ ആയിക്കഴിഞ്ഞതായി മന്ത്രി അറിയിച്ചു.

“ആർദ്രം’ പദ്ധതിക്ക് കീഴിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച ആതുരാലയമായി കണ്ണൂർ ജില്ലാ ആശുപത്രിയെ മാറ്റാനുള്ള ടീം സ്പിരിറ്റോടെയുള്ള പ്രവർത്തനം ഇവിടെയുണ്ട്. മൂന്ന് വർഷം കൊണ്ട് എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള ഹൈടെക് ആശുപത്രിയായി കണ്ണൂർ ജില്ലാ ആശുപത്രിയെ മാറ്റുന്നതിൻെറ ഭാഗമാണ് മോർച്ചറി നവീകരണം. മരിച്ചവരോട് ആദരവ് കാണിക്കുന്നത് ഏറ്റവും പാവനമായ കർമമാണ്. പഠനാവശ്യങ്ങൾക്കായി ദാനം ചെയ്യപ്പെടുന്ന മൃതദേഹങ്ങൾ പഠനാവശ്യം കഴിഞ്ഞ് എല്ലാ ആദരവോടെയും ബഹുമാനത്തൊടെയും സംസ്കരിക്കപ്പെടണം. കോഴിക്കോട് മെഡിക്കൽ കോളജിലുണ്ടായ സംഭവങ്ങൾ ഇനി ആവർത്തിക്കാനിടയാവരുത്. വൃത്തിയും വെടിപ്പുമുള്ള ആധുനിക സൗകര്യങ്ങളുള്ള മോർച്ചറി ഒരുക്കിയ ജില്ലാ പഞ്ചായത്തിനെ മന്ത്രി അഭിനന്ദിച്ചു.
നവീകരിച്ച മോർച്ചറിയിൽ പോസ്റ്റ് മോർട്ടം നവംബർ 25ന് തുടങ്ങുമെന്ന് അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി സുമേഷ് അറിയിച്ചു. മോർച്ചറിക്കുമുന്നിലായി ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിൽ ചിത്രങ്ങൾ സ്ഥാപിക്കും. മോർച്ചറിക്കുമുന്നിൽ പൂന്തോട്ടം നിർമിക്കാൻ സ്ഥലം വിട്ടുതന്ന കൻേറാൺമെൻറ് ബോർഡിന് പ്രസിഡൻറ് നന്ദി അറിയിച്ചു. നേരത്തെ മോർച്ചറിക്കുമുന്നിൽ മഴ നനയാതെ നിൽക്കാനുള്ള സൗകര്യമുണ്ടായിരുന്നില്ല. കൻേറാൺമെൻറ് വിട്ടുതന്ന സ്ഥലത്താണ് ഇതിന് സൗകര്യമുണ്ടാക്കിയത്.
47 ലക്ഷം രൂപ ചെലവഴിച്ചാണ് ജില്ലാ ആശുപത്രി മോർച്ചറി നവീകരിച്ചത്. ഒരേ സമയം രണ്ട് പോസ്റ്റ്മോർട്ടം നടത്താനുള്ള സൗകര്യം പുതിയ മോർച്ചറിയിലുണ്ടാവും. പൊലീസിന് വേണ്ട ഇൻക്വസ്റ്റ് റൂം, ഒാഫീസ് മുറി, ജീവനക്കാർക്കുള്ള മുറി, വിശ്രമ മുറി എന്നിവയും ഉണ്ട്. മൃതദേഹം ആശുപത്രിയിൽനിന്ന് മോർച്ചറിയിലേക്ക് നേരിട്ട് കൊണ്ടുവരാനുള്ള പാതയോടു കൂടിയ ഹാളും നിർമിച്ചിട്ടുണ്ട്. ജില്ലാ നിർമിതി കേന്ദ്രയാണ് നിർമാണം നിർവഹിച്ചത്.

കണ്ണൂർ കോർപറേഷൻ മേയർ ഇ.പി ലത മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി ദിവ്യ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.പി ജയബാലൻ മാസ്റ്റർ, കെ. ശോഭ, കൻേറാൺമെൻറ് ബോർഡ് വൈസ് പ്രസിഡൻറ് കേണൽ പത്മനാഭൻ, ജില്ലാ മെഡിക്കൽ ഒാഫീസർ (ആരോഗ്യം) ഡോ. കെ. നാരായണ നായിക്, ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. വി.പി രാജേഷ് എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: