പ്രണയപ്പകയില്‍ അരുംകൊല; ആദ്യം കഴുത്തിന് വെട്ടി, മണിക്കൂറുകള്‍ക്കകം പ്രതി പിടിയില്‍

പാനൂരിൽ വീട്ടിനകത്ത് 23 കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റം സമ്മതിച്ചതായി വിവരം. കൂത്തുപറമ്പിനടുത്ത് മാനന്തേരി സ്വദേശിയായ ശ്യാംജിത് എന്ന യുവാവാണ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ളത്. പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണു പ്രിയ (23)യാണ് കൊല്ലപ്പെട്ടത്.

പാനൂരിലെ ന്യൂക്ലിയസ് ആശുപത്രിയിലെ ഫാർമസി വിഭാഗത്തിലെ ജീവനക്കാരിയായിരുന്നു കൊല്ലപ്പെട്ട വിഷ്ണുപ്രിയ. ഇന്ന് ഉച്ചയോടെയാണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവരുടെ അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്കായി കുടുംബവീട്ടിലായിരുന്നു യുവതി. ഇന്ന് രാവിലെ വസ്ത്രം മാറാനും മറ്റുമായി സ്വന്തം വീട്ടിലേക്ക് വന്നതായിരുന്നു. മകൾ തിരികെ വരാൻ വൈകിയതോടെ അന്വേഷിച്ചിറങ്ങിയ അമ്മയാണ് വിഷ്ണുപ്രിയയെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ വീട്ടിനകത്ത് കണ്ടെത്തിയത്.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം സമീപവാസികളിൽ നിന്ന് വിവരം തിരക്കി. ഒരാൾ മുഖംമൂടി ധരിച്ച് പോകുന്നത് കണ്ടെന്ന് സമീപവാസികളിലൊരാൾ മൊഴി നൽകി. തുടർന്ന് വിഷ്ണുപ്രിയയുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. പ്രതി വിഷ്ണുപ്രിയക്ക് പരിചയമുള്ളയാളാകാമെന്ന സംശയത്തെ തുടർന്നായിരുന്നു ഇത്. ഇതേ തുടർന്നാണ് ശ്യാംജിത്തിനെ കസ്റ്റഡിയിലെടുത്തത്.

നാല് മാസമായി ന്യൂക്ലിയസ് ആശുപത്രിയിൽ ജീവനക്കാരിയായിരുന്നു വിഷ്ണുപ്രിയ. യുവതി പ്രണയം നിരസിച്ചതിനെ തുടർന്നുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് ഉത്തരമേഖലാ ഡിഐജി രാഹുൽ ആർ നായർ, സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ എന്നിവർ സ്ഥലത്തെത്തി. ഫോറൻസിക് വിഭാഗവും കൃത്യം നടന്ന വീടിനകത്ത് പരിശോധന നടത്തിയിരുന്നു. പ്രതിയുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തു. തുടർന്ന് ഇയാളെ കോടതിയിൽ ഹാജരാക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: