യാത്രക്കാരെ പെരുവഴിയിലാക്കി ബസ് ജീവനക്കാർ തമ്മിൽ തർക്കം – കേസെടുത്ത് പോലീസ്

ഇരിട്ടി: സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ നടന്ന സമയത്തെച്ചൊല്ലിയുള്ള തർക്കം മൂലം യാത്രക്കാർ പെരുവഴിയിലായി. ഇരിട്ടി പഴയ സ്റ്റാന്റിലെ ബസ് സ്റ്റോപ്പിൽ വെച്ച് നടന്ന സമയത്തെക്കുറിച്ചുള്ള തർക്കം മൂത്തപ്പോൾ ഇരു ബസ്സുകളും ഓട്ടം നിർത്തി. ഇതാണ് ബസ്സിലുള്ള യാത്രക്കാർ പെരുവഴിയിലാകാൻ ഇടയാക്കിയത്. ഇരിട്ടി പോലീസ് ഇരു ബസ്സിലെയും ജീവനക്കാർക്കെതിരെ കേസ്സെടുത്തു. കേസെടുക്കാനുള്ള ഒരുക്കത്തിലാണ് മോട്ടോർ വാഹനവകുപ്പും.
വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ദേവഗീതം ബസ് ഇരിട്ടി പഴയ ബസ് സ്റ്റാൻഡിൽ എത്തി ബസ്റ്റോപ്പിൽ ആളെ കയറ്റുന്നതിനിടയിൽ തൊട്ട് പിന്നാലെ വന്ന കണ്ണൂരിലേക്ക് പോകുന്ന പ്രസാദം ബസ് ദേവഗീതം ബസ്സിന് തടസ്സം തീർക്കുന്ന വിധം നിർത്തുകയായിരുന്നു. തുടർന്ന് ഇരു ബസ് ജീവനക്കാരൻ തമ്മിൽ വാക്കേറ്റം ഉണ്ടായി. ഇതോടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാർ സ്ഥലത്തെത്തി ബസ് ജീവനക്കാരെ ശാന്തമാക്കാൻ ശ്രമിച്ചു. 10 മിനിറ്റിലേറെ തർക്കം തുടർന്നത്തോടെ രണ്ട് ബസ്സിന്റെയും സർവീസ് മുടങ്ങി.
ഇതിനെത്തുടർന്ന് ഇരു ബസ്സിലെയും യാത്രക്കാർക്ക് മറ്റ് ബസുകളെ ആശ്രയിക്കേണ്ടി വന്നു . ട്രെയിനിൽ ഉൾപ്പെടെ പോകേണ്ട ആളുകളും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഉള്ളവരും വലഞ്ഞു. ഇതോടെ പോലീസ് രണ്ടു ബസുകളും കസ്റ്റഡിയിലെടുത്തു. ജീവനക്കാർക്കെതിരെ കേസും രജിസ്റ്റർ ചെയ്തു.