വിശക്കുന്നുണ്ടോ, എങ്കില്‍ നടന്നോളൂ… കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനിലേക്ക്

കണ്ണൂര്‍: വിശക്കുന്ന വയറുമായി ഇനിയാരും കണ്ണൂര്‍ ടൗണില്‍ ഉണ്ടാകരുത്. മാനുഷികപരമായ ഈ തീരുമാനം കൈക്കൊണ്ടത് ആരെന്ന് അറിയുമ്പോഴാണ് അത്ഭുതം ഇരട്ടിക്കുന്നത്. കണ്ണൂര്‍ ജില്ലാ പോലീസിന്റെ നേതൃത്വത്തിലാണ് മാതൃകാപരമായ ഈ തീരുമാനം.
വിശന്നെത്തുന്നവര്‍ക്ക് ഭക്ഷണം നല്‍കുന്ന പുതിയ സംരംഭത്തിനാണ് പോലീസ് നേതൃത്വം നല്‍കുക. നഗരത്തില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നവര്‍ക്കും വിശന്നു തളര്‍ന്നവര്‍ക്കും കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷന്റെ മുറ്റത്ത് ഒരുക്കുന്ന പ്രത്യേക കേന്ദ്രത്തിലെത്തി വിശപ്പടക്കാം. സ്റ്റേഷന്റെ മുറ്റത്ത് ഫുഡ് ഫ്രീസര്‍ സ്ഥാപിച്ച് അതില്‍ ഭക്ഷണപ്പൊതികള്‍ വെക്കും. എല്ലാ ദിവസവും രാവിലെ മുതല്‍ തന്നെ ഇവിടെ ഭക്ഷണം ഉണ്ടാകും. വിശക്കുന്നവര്‍ക്ക് ഇവിടെയെത്തി ഫ്രീസറില്‍ നിന്ന് ഭക്ഷണമെടുത്ത് കഴിക്കാവുന്നതാണ്. പോലീസുകാര്‍ക്ക് പുറമേ സുമനസുള്ള വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ ഭക്ഷണം സ്‌പോണ്‍സര്‍ ചെയ്യാം.
ഭിക്ഷാടകരഹിത നഗരം എന്ന ലക്ഷ്യവുമായാണ് പോലീസിന്റെ നേതൃത്വത്തില്‍ ഇത്തരമൊരു സംരംഭത്തിന് തുടക്കമിടുന്നത്. ഭക്ഷണ കേന്ദ്രത്തില്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കും. ക്യാമറയിലെ ദൃശ്യങ്ങള്‍ നിരീക്ഷിച്ച് സ്ഥിരമായി ഭക്ഷണത്തിന് എത്തുന്നവരെ കണ്ടെത്തി അവരെ പുനരധിവസിപ്പിക്കാനും പദ്ധതിയുണ്ട്.
കണ്ണൂര്‍ നഗരത്തില്‍ ഭിക്ഷാടകരും തെരുവില്‍ താമസിക്കുന്നവരും വര്‍ധിച്ചുവരികയാണ്. ഇവര്‍ക്ക് തുണയാവുകയെന്ന ലക്ഷ്യത്തോടുകൂടിയാണ് പോലീസിന്റെ പദ്ധതി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: