കണ്ണൂര്‍, തലശ്ശേരി റെയില്‍വേ സ്റ്റേഷനുകളില്‍ പാര്‍ക്കിങ്ങിനു സ്ഥലമില്ല; കണ്ണടച്ച് റെയില്‍വെ അധികൃതര്‍


കണ്ണൂര്‍: ആവശ്യത്തിന് സ്ഥലമുണ്ടായിട്ടും വാഹന പാര്‍ക്കിംഗിന് കൂടുതല്‍ സൗകര്യമൊരുക്കാത്തത് യാത്രക്കാര്‍ക്ക് വിനയാകുന്നു. കണ്ണൂര്‍, തലശ്ശേരി റെയില്‍വെ സ്റ്റേഷനുകളിലാണ് യാത്രക്കാര്‍ പ്രയാസമനുഭവിക്കുന്നത്. ദൂരസ്ഥലങ്ങളില്‍ നിന്നും അതിരാവിലെ തീവണ്ടിയാത്രക്കായി എത്തുന്ന പലര്‍ക്കും വാഹന പാര്‍ക്കിംഗിനിടം കിട്ടും. വൈകിയെത്തുന്ന പലര്‍ക്കും പാര്‍ക്കിംഗിനിടം കിട്ടാതെ റോഡരികില്‍ പാര്‍ക്ക് ചെയ്യേണ്ടിവരും. കണ്ണൂരില്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക് റെയില്‍വെ സ്‌റ്റേഷന്‍ റോഡ് വഴി എത്തുന്നവര്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ ഇഷ്ടംപോലെ സ്ഥലമുണ്ട്. പക്ഷെ കിഴക്കെ കവാടം വഴി സ്റ്റേഡിയം ഭാഗത്ത് നിന്ന് എത്തുന്നവര്‍ക്ക് സ്ഥലപരിമിതി വലിയ പ്രയാസം സൃഷ്ടിക്കുന്നു. കാട് മൂടിക്കിടക്കുന്ന സ്ഥലം നികത്തി കല്ല് പാകി പാര്‍ക്കിംഗ് സൗകര്യമൊരുക്കാം. പക്ഷെ സൗകര്യമൊരുക്കേണ്ടവര്‍ കണ്ണൂരിലുള്ളവരല്ല. അതിനുള്ള തീരുമാനം വരേണ്ടത് ഡിവിഷനല്‍ മാനേജരുടെ ഓഫീസില്‍ നിന്നാണ്. നിരന്തരമായി ഉയരുന്ന ഈ ആവശ്യം പരിഗണിക്കാമെന്ന ഉയര്‍ന്ന ഓഫീസര്‍മാരുടെ ഉറപ്പ് ഇപ്പോഴും കടലാസില്‍ ഉറങ്ങുന്നു. പകല്‍ മുഴുവന്‍ വെയിലും മഴയും കൊണ്ട് പാര്‍ക്കിംഗ് സ്ഥലത്ത് വെക്കുന്ന നാലുചക്ര വാഹനങ്ങള്‍ക്ക് 40 ഉം 50 ഉം രൂപയാണ് ഫീസായി ഈടാക്കുന്നത്. ഇരുചക്രവാഹനങ്ങള്‍ക്ക് 10 രൂപയും. വാഹനങ്ങള്‍ കളവ് പോയാല്‍ ഫീസ് വാങ്ങിക്കുന്നവര്‍ കൈമലര്‍ത്തും. തങ്ങള്‍ക്ക് വാഹനം സൂക്ഷിക്കേണ്ട ഉത്തരവാദിത്വമില്ലെന്നാണ് കരാറെടുത്തവര്‍ പറയുന്നത്. പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ മൂന്നും നാലും ദിവസങ്ങള്‍ കഴിഞ്ഞ് തിരിച്ചെടുക്കുന്നവരും അതത് ദിവസങ്ങളില്‍ ഏതാനും മണിക്കൂര്‍ നേരത്തേക്ക് മാത്രം പാര്‍ക്ക് ചെയ്യുന്നവരുമുണ്ട്. ഒരു മാസത്തേക്ക് സീസണ്‍ ടിക്കറ്റ് നിരക്കില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവരുമുണ്ട്.
തലശ്ശേരിയില്‍ റെയില്‍വെ സ്റ്റേഷന്റെ ഒന്നും രണ്ടും പ്ലാറ്റ് ഫോമുകളില്‍ പാര്‍ക്കിംഗ് സൗകര്യമുണ്ടെങ്കിലും വൈകിയെത്തുന്ന പല വാഹനങ്ങള്‍ക്കും ഇടം ലഭിക്കാറില്ല. മറ്റ് സ്ഥലങ്ങളിലുള്ള റോഡരികിലാണ് പിന്നീട് പാര്‍ക്ക് ചെയ്യാനാവുക. സ്ഥിരം തീവണ്ടിയാത്രക്കാര്‍ പലരും വണ്ടി പുറപ്പെടാറാകുമ്പോഴാണ് സ്‌റ്റേഷനിലെത്തുക. അപ്പോഴേക്കും പാര്‍ക്കിംഗിന് സ്ഥലം ലഭിക്കാതെ നെട്ടോട്ടമായിരിക്കും. ഏറെ സമയം കാത്തുനില്‍ക്കാനാവാത്തതിനാല്‍ എവിടെയെങ്കിലും വാഹനം നിര്‍ത്തിയിട്ട് വണ്ടിയിലേക്ക് ഓട്ടമാണ് ഇത് പിന്നീട് വരുന്ന വാഹന ഉടമകള്‍ക്ക് വിനയാവുകയാണ്. മുന്‍കൂട്ടി പണം അടച്ചവര്‍ക്ക് സ്ഥലം നീക്കിയിടുന്ന പതിവ് ഇല്ല. മാത്രമല്ല, നാലുചക്രവാഹനം പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് ട്രിപ്പ് മതിയാക്കിയ ടൗണിലെ ഓട്ടോറിക്ഷകള്‍ക്കും പാര്‍ക്കിംഗ് സൗകര്യം നല്‍കുന്നതിനാല്‍ യാത്രക്കാര്‍ പ്രയാസപ്പെടുകയാണ്. സ്റ്റേഷന്‍ പരിസരത്ത് കൂടുതല്‍ സ്ഥലത്ത് പാര്‍ക്കിംഗിനായി സൗകര്യമേര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: