‘റെഡ് ചില്ലീസ് പദ്ധതി’ക്ക് തുടക്കം
സ്വന്തമായി കൃഷി ചെയ്ത് മുളകുപൊടി ഉൽപാദനവുമായി കൂത്തുപറമ്പിലെ കൃഷിഭവനുകൾ


മായം കലർന്ന മുളകുപൊടി വിപണിയും അടുക്കളകളും കീഴടക്കുമ്പോൾ പ്രാദേശികമായി മുളക് കൃഷി ചെയ്ത് മുളകുപൊടി ഉൽപാദിപ്പിക്കാനുള്ള പദ്ധതിയുമായി കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴ് കൃഷിഭവനുകൾ. കൂത്തുപറമ്പ് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിന്റെ നേതൃത്വത്തിലാണ് ‘റെഡ് ചില്ലീസ്’ എന്ന പദ്ധതി നടപ്പാക്കുന്നത്.ആദ്യഘട്ടത്തിൽ 50 ഏക്കറോളം മുളക് കൃഷി ചെയ്താണ് പദ്ധതിക്ക് തുടക്കമിടുക. ഏഴ് കൃഷിഭവനുകൾക്ക് കീഴിലായി 100 കർഷകരെ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്. കൃഷി വകുപ്പിന്റെ വിവിധ സ്‌കീമുകളിൽ ഉൾപ്പെടുത്തി മുളക് തൈകൾ, വളങ്ങൾ തുടങ്ങിയ സഹായങ്ങൾ കർഷകർക്ക് ലഭ്യമാക്കും. ആധുനിക കൃഷി രീതികളാണ് ഉപയോഗിക്കുക. കർഷകർക്ക് ആവശ്യമായ പരിശീലനം നൽകും. കാശ്മീരി, സെറ, കീർത്തി തുടങ്ങി നമ്മുടെ കാലാവസ്ഥക്ക് യോജിച്ച വിവിധ ഹൈബ്രിഡ് തൈകളാണ് നടുക.വിളവെടുത്ത മുളക് ഉണക്കുന്നതിന് ആവശ്യമായ ഡ്രയറുകൾ, പൊടിയന്ത്രങ്ങൾ, പാക്കിങ്, മാർക്കറ്റിങ്  സംവിധാനങ്ങൾ എന്നിവ പദ്ധതിയുടെ ഭാഗമായി ഒരുക്കും. നിലവിൽ മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിൽ ഇലക്ട്രിക് ഡ്രയർ സ്ഥാപിച്ചിട്ടുണ്ട്. കൂടുതൽ കൃഷിക്കാരെ ലഭിച്ചിട്ടുള്ളതും മാങ്ങാട്ടിടത്ത് നിന്നാണ്. മറ്റുള്ളയിടങ്ങളിലും ഡ്രയറുകൾ സ്ഥാപിക്കുന്നതിന് ആലോചനയുണ്ട്. ഇതിന് പുറമെ വീടുകളിലും മുളക് കൃഷി വ്യാപിപ്പിക്കും.പദ്ധതിയുടെ ഉദ്ഘാടനം മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് ഹാളിൽ കെ കെ ശൈലജ ടീച്ചർ എം എൽ എ നിർവഹിച്ചു. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആർ ഷീല അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ യു പി ശോഭ, മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സി ഗംഗാധരൻ മാസ്റ്റർ, സ്ഥിരം സമിതി അധ്യക്ഷ എം ഷീന, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ടി കെ ദീപ, അംഗങ്ങളായ ഒ ഗംഗാധരൻ മാസ്റ്റർ, പി കെ ബഷീർ, ആത്മ പ്രൊജക്ട് ഡയറക്ടർ കണ്ണൂർ പി വി ശൈലജ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ എ ആർ സുരേഷ്, കണ്ണൂർ അസിസ്റ്റന്റ് പ്രിൻസിപ്പൽ കൃഷി ഓഫീസർ തുളസി ചെങ്ങാട്ട്, ഡോ. കെ എം ശ്രീകുമാർ, വിവിധ കൃഷി ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: