‘ഊരിൽ ഒരു ദിനം’ ജനസമ്പർക്ക പരിപാടി
മൂപ്പൻ കൊളപ്പ റോഡിന്റെ ശോച്യാവസ്ഥ ഉടൻ പരിഹരിക്കും: ജില്ലാ കലക്ടർ


കോളയാട് ഗ്രാമപഞ്ചായത്തിലെ കൊളപ്പ കോളനിയിലേക്കുള്ള മൂപ്പൻ കൊളപ്പ റോഡിന്റെ നിർമ്മാണ പ്രവൃത്തി സംസ്ഥാന തല വർക്കിംഗ് ഗ്രൂപ്പിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ആരംഭിക്കുമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ പറഞ്ഞു. ജില്ലാ കലക്ടറുടെ ജനസമ്പർക്ക പരിപാടി, ‘ഊരിൽ ഒരു ദിനം’ കൊളപ്പ കോളനിയിൽ ഉദ്ഘാടനം ചെയ്ത് കോളനി വാസികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. കോളനി റോഡിന്റെ നിർമ്മാണം സംബന്ധിച്ച് 1.49 കോടി രൂപയുടെ പ്രൊപ്പോസൽ ജില്ല തല വർക്കിംഗ് ഗ്രൂപ്പ് അംഗീകരിച്ചതാണ്. ഇത് സംബന്ധിച്ച പ്രൊപ്പോസൽ സംസ്ഥാന വർക്കിംഗ് ഗ്രൂപ്പിന് സമർപ്പിച്ചു. അനുമതി ലഭിക്കുന്ന മുറയ്ക്ക് പണി തുടങ്ങും-ജില്ലാ കലക്ടർ പറഞ്ഞു. കോളയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം റിജി അധ്യക്ഷത വഹിച്ചു. സബ് കലക്ടർ അനുകുമാരി മുഖ്യാതിഥിയായി. കോളനിയിലെ ആൺകുട്ടികൾ പ്ലസ് ടു കഴിഞ്ഞാൽ പഠിപ്പ് നിർത്തുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും വിദ്യാഭ്യാസമാണ് അതിജീവനത്തിനുള്ള ഏക വഴിയെന്ന് എല്ലാവരും മനസ്സിലാക്കണമെന്നും സബ് കലക്ടർ പറഞ്ഞു. പ്രായോഗിക പ്രശ്‌നങ്ങൾ ഏറെയുണ്ടെങ്കിലും പഠനം ഗൗരവമായി എടുക്കണമെന്ന് അവർ അഭ്യർത്ഥിച്ചു.ഗോത്ര വിഭാഗ ജനതയ്ക്കായി സർക്കാർ ഏർപ്പെടുത്തിയ വിവിധ പദ്ധതികളെ പറ്റി വിവിധ വകുപ്പുകളുടെ പ്രതിനിധികൾ വിശദീകരിച്ചു. വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കാനും, പുതിയ വോട്ടർ പട്ടിക ചേർക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. പട്ടികവർഗ വകുപ്പിന്റെ പദ്ധതികളെപ്പറ്റി ഐ ടി ഡി പി പ്രൊജക്ട് ഓഫീസർ എസ് സന്തോഷ് കുമാർ വിശദീകരിച്ചു.മൂപ്പൻ കൊളപ്പ റോഡിന്റെ ശോചനീയാവസ്ഥയെ പറ്റിയാണ് കോളനിവാസികൾ പ്രധാനമായും പരാതി ഉന്നയിച്ചത്. അരിക്കായ മണിക്കുണ്ട് വെള്ളച്ചാട്ടം സീസണൽ ടൂറിസ്റ്റ് കേന്ദ്രമാക്കുക, വനാവകാശനിയമപ്രകാരം സ്വന്തം ആവശ്യത്തിന് സ്വന്തം ഭൂമിയിലെ മരം മുറിക്കാൻ അനുവദിക്കുക, സാംസ്‌കാരിക നിലയത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുക. വൈഫൈ സൗകര്യം നിലനിർത്തുക, കോളനിയോട് ചേർന്ന് അംഗൻവാടി സ്ഥാപിക്കുക, പെരുവ ഹെൽത്ത് സെന്ററിൽ ആംബുലൻസ് സൗകര്യം ഏർപ്പെടുത്തുക, ഗോത്ര സാരഥി ഫണ്ട് മാനേജ്‌മെന്റ് സ്‌കൂളിലെ കുട്ടികൾക്കും നൽകുക, പാലേത്ത് വയൽ യു പി സ്‌കൂൾ ഹൈസ്‌കൂളായി ഉയർത്തുക, കളിസ്ഥലം നിർമ്മിക്കുക, പൊതുശ്മശാനം അനുവദിക്കുക, കുടിവെള്ള പ്രശ്‌നം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ കോളനിവാസികൾ ഉന്നയിച്ചു. ഇവ പരിശോധിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് ജില്ലാ കലക്ടർ ഉറപ്പു നൽകി.ജില്ലാ കലക്ടറെ ഊര് മൂപ്പൻ കേളപ്പൻ പരമ്പരാഗത രീതിയിൽ അമ്പും വില്ലും നൽകി സ്വീകരിച്ചു. കോളയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം റിജി, വൈസ് പ്രസിഡണ്ട് കെ ഇ സുധീഷ് കുമാർ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ജയരാജൻ മാസ്റ്റർ, ശ്രീജ പ്രദീപൻ, ഉമാദേവി, ഐ ടിഡിപി പ്രൊജക്ട് ഓഫീസർ എസ് സന്തോഷ് കുമാർ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ പി വി ഗിരിജ, മറ്റ് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. തുടർന്ന് കോളനിവാസികൾക്കൊപ്പം സമൂഹസദ്യ കഴിച്ചാണ് കലക്ടറും സംഘവും മടങ്ങിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: