ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം കോൺഗ്രസിൽ നിന്നും രാജിവച്ചു.

1 / 100

 

ഇരിട്ടി: ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗവും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹിയുമായ അനിതാ ജാനിഖാൻ പാർട്ടിവിട്ടു. ഇരിട്ടിയിൽ വിളിച്ചുചേർത്ത പത്ര സമ്മേളനത്തിലാണ് ജാനിഖാൻ ഇക്കാര്യം പറഞ്ഞത്. അനിതജാനിഖാന്റെ ഭർത്താവും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹിയുമായിരുന്ന ജാനിഖാൻ നേരത്തെ പാർട്ടി വിട്ട് സി പി എമ്മിൽ ചേർന്നിരുന്നു. പായം പഞ്ചായത്തിൽ താമസക്കാരായ ഇവരുടെ കുടുംബം മാസങ്ങൾക്ക് മുൻപ് അയ്യൻകുന്ന് പഞ്ചായത്ത് പരിധിയിൽ പുതിയ വീട് വച്ച് താമസം മാറിയിരുന്നു. ഇതോടെ ജാനിഖാന്റെ കുടുംബത്തെ പായത്തെ വോട്ടർപട്ടികയിൽ നിന്നും നീക്കുന്നതിന് മുസ്ലിം ലീഗ് ഭാരവാഹി അപേക്ഷ നൽകിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് വിടുന്നതെന്ന് അനിതാ ജാനിഖാൻ പറഞ്ഞു. തങ്ങളുടെ കുടുംബം വർഷങ്ങളായി പായം പഞ്ചായത്തിലാണ് താമസിക്കുന്നത് . വോട്ട് ഉൾപ്പെടെ മറ്റ് രേഖകളെല്ലാം പായം പഞ്ചായത്തിലെ മേൽവിലാസത്തിലാണ്.
തന്റെ ഭർത്താവ് കോൺഗ്രസിൽ നിന്ന് രാജിവെച്ച് സി പി എമ്മിൽ ചേർന്നപ്പോൾ കോൺഗ്രസിൽ ഉറച്ചുനിൽക്കാനായിരുന്നു എന്റെ തീരുമാനം. എന്നാൽ ഇപ്പോൾ പാർട്ടി തന്നെ വിശ്വാസത്തിലെടുക്കാത്ത വിധത്തിൽ കോൺഗ്രസിലെ മുതിർന്ന നേതാക്കളുടെ പിന്തുണയോടെ തന്റെയും കുടുംബത്തിന്റെയും വോട്ട് തള്ളിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതോടെയാണ് തനിക്ക് പാർട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതെന്ന് അനിത ജാനിഖാൻ പറഞ്ഞു. കോൺഗ്രസിലെ ഉന്നത നേതാക്കളുടെ അറിവോടെയാണ് ലീഗ് അംഗം വോട്ട് തള്ളിക്കാൻ കൊടുത്തതെന്നും ഇവർ ആരോപിച്ചു. മറ്റ് പാർട്ടിയിലൊന്നും ചേരാൻ ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്ന് അനിതാജാനിഖാൻ പറഞ്ഞു. അനിതാജാനിഖാൻ വള്ളിത്തോട് ഡിവിഷനിൽ നിന്നാണ് ബ്ലോക്ക് പഞ്ചായത്തിനെ പ്രതിനിധീകരിക്കുന്നത്. അനിതാജാനിഖാന്റെ രാജിയോടെ 13 അംഗ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയിൽ കോൺഗ്രസിന്റെ അംഗബലം അഞ്ചിൽ നിന്നും നാലിലേക്ക് താണു. ഒരു തവണ പായം ഗ്രാമ പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിരുന്നു . പത്രസമ്മേളനത്തിൽ ജാനിഖാനും പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: