കോഴി മാലിന്യ ശേഖരണത്തിന് സ്ഥിരം സംവിധാനമൊരുക്കി മുണ്ടേരി പഞ്ചായത്ത്

2 / 100
കോഴിക്കടകളിലെ മാലിന്യ ശേഖരണത്തിന് സ്ഥിരം സംവിധാനം ഒരുക്കുകയാണ് മുണ്ടേരി ഗ്രാമപഞ്ചായത്ത്.  ദുര്‍ഗന്ധം മൂലം പൊതു ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഇനി പരിഹാരമാകും.  പഞ്ചായത്തിലെ മുഴുവന്‍ കോഴിക്കടകളെയും ബന്ധിപ്പിച്ചുളളതാണ് പദ്ധതി.  എല്ലാ കടകളിലും ഫ്രീസര്‍ സ്ഥാപിച്ചാണ്  കോഴി മാലിന്യം സൂക്ഷിക്കുക. ശീതികരിച്ച ഇരുപതോളം  വാഹനങ്ങള്‍ മാലിന്യശേഖരണത്തിനായി തയ്യാറാക്കിയിട്ടുണ്ട്.  മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദ്ദേശിക്കുന്ന  റെന്ററിംഗ് പ്ലാന്റുകളാണ് മാലിന്യ സംസ്‌കരണത്തിനുപയോഗിക്കുന്നത്. അതിനാല്‍ കടയുടമകള്‍ക്ക് ലൈസന്‍സ് ലഭിക്കാത്ത പ്രശ്‌നത്തിനും പരിഹാരമാകും.   റെന്ററിംഗ് മാത്രമാണ് കോഴി മാലിന്യം സംസ്‌കരിക്കാനുള്ള ശാസ്ത്രീയ രീതി എന്ന്  മലിനീകരണ നിയന്ത്രണ ബോര്‍ഡ് വ്യക്തമാക്കിയിട്ടുള്ളതിനാല്‍ പ്ലാന്റില്‍ തങ്ങളുടെ മാലിന്യം സംസ്‌കരിക്കുന്നു എന്ന സത്യവാങ്ങ്മൂലം ഹാജരാക്കിയാല്‍ കടയുടമകള്‍ക്ക് ലൈസന്‍സ് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങളുടെ സാങ്കേതിക തടസ്സങ്ങളും അവസാനിക്കും. പഞ്ചായത്തിലെ മുഴുവന്‍ കോഴിക്കച്ചവടക്കാരെയും വിളിച്ച് ചേര്‍ത്ത് മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട തീരുമാനത്തിലെത്തുമെന്നും ആവശ്യമായ ബോധവല്‍ക്കരണം നടത്തുമെന്നും മുണ്ടേരി പഞ്ചായത്ത് പ്രസിഡണ്ട് എ പങ്കജാക്ഷന്‍ പറഞ്ഞു.
ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍ എന്നിവയുടെ മേല്‍നോട്ടത്തില്‍ മട്ടന്നൂര്‍ നഗരസഭയുടെ സഹകരണത്തോടെയാണ് റെന്ററിംഗ് പ്ലാന്റ് സ്ഥാപിക്കുന്നത് മട്ടന്നൂര്‍ നഗരസഭയിലെ കൊറോറയിലാണ് റെന്ററിംഗ്  പ്ലാന്റ് പ്രവര്‍ത്തിക്കുക. കോഴിക്കടക്കാര്‍ ഒരു കിലോഗ്രാം മാലിന്യത്തിന് ഏഴ് രൂപ നിരക്കില്‍  പ്ലാന്റിന് നല്‍കണം.  40 ടണ്‍ മാലിന്യം സംസ്‌കരിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് ഇത്. അതിനാല്‍ സമീപ പഞ്ചായത്തുകളെയും റെന്ററിംഗ് പ്ലാന്റിന്റെ ഭാഗമാക്കുമെന്ന് ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍ അറിയിച്ചു.  സംസ്‌കരിച്ച മാലിന്യം ഹൈദരബാദിലേക്ക് അയച്ച് മത്സ്യങ്ങളുടെ ഭക്ഷണം ഉണ്ടാക്കുകയാണ് ചെയ്യുക.
വീരാട് റെന്ററിങ്ങ് ടെക്‌നോളജീസ് എന്ന സ്ഥാപനവുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. നടത്തിപ്പിനായുള്ള ധാരണാപത്രത്തില്‍ മുണ്ടേരി പഞ്ചായത്ത് പ്രസിഡണ്ട് എ പങ്കജാക്ഷന്‍, സെക്രട്ടറി പ്രകാശന്‍, റെന്ററിംഗ് ടെക്‌നോളജീസ്  മാനേജിംഗ് ഡയറക്ടര്‍ സനോജ് എന്നിവര്‍  ഒപ്പിട്ടു. ഇനി മുതല്‍ ഗ്രാമപഞ്ചായത്തിലെ  കോഴിക്കടകളിലെ മാലിന്യം കമ്പനി ശേഖരിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: