മഴ: കണ്ണൂർ ജില്ലയില്‍ 11 വീടുകള്‍ കൂടി ഭാഗികമായി തകര്‍ന്നു

3 / 100


കനത്ത മഴയയെ തുടര്‍ന്ന് ജില്ലയില്‍ 11 വീടുകള്‍ കൂടി ഭാഗികമായി തകര്‍ന്നു. ഇരിട്ടി, തലശ്ശേരി, തളിപ്പറമ്പ്, കണ്ണൂര്‍ താലൂക്കുകളിലാണ് മഴ നാശം വിതച്ചത്. കഴിഞ്ഞ മൂന്നുദിവസമായി തുടരുന്ന മഴയില്‍ 34 വീടുകള്‍ തകര്‍ന്നതായാണ് കണക്ക്. നിലവില്‍ മൊത്തം 131 പേരെയാണ് ബന്ധുവീടുകളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കുമായി മാറ്റിപ്പാര്‍പ്പിച്ചത്. അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിലായി ആറ് കുടുംബങ്ങളിലെ 59 പേരാണ് കഴിയുന്നത്. 14 കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും  മാറ്റിപ്പാര്‍പ്പിച്ചു..
ശക്തമായ കാറ്റിലും മഴയിലും ഇരിട്ടി താലൂക്കിലെ പടിയൂര്‍ വില്ലേജിലെ പെടയങ്ങോട്ട്  മരങ്ങള്‍ കടപുഴുകി വീണ്  അഞ്ച് വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. ആളപായമായില്ല. ഞായറാഴ്ച രാവിലെ 10.30 ഓടെയാണ് പ്രദേശത്ത് ശക്തമായ ചുഴലിക്കാറ്റ് വീശിയത്. കല്ല്യാട് അരിങ്ങോട്ടില്‍ ലക്ഷ്മിയുടെ വീടും  മരം വീണ് തകര്‍ന്നു.
തലശേരി താലൂക്കില്‍ രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. കൊളവല്ലൂര്‍ വിലേജിലെ കയ്യേരി ഹമീദിന്റെ വീടും  കതിരൂര്‍ വില്ലേജിലെ ഒരു വീടുമാണ് തകര്‍ന്നത്. ഇതോടെ തലശ്ശേരി താലൂക്കില്‍ പത്ത് വീടുകള്‍ക്കാണ് രണ്ട് ദിവസത്തിനുള്ളില്‍  ഭാഗിക നാശനഷ്ടം സംഭവിച്ചത്. വിവിധ വില്ലേജുകളില്‍  നിന്നായി 10 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. തൃപ്പങ്ങോട്ടൂര്‍,  പെരിങ്ങളം, മാനന്തേരി വില്ലേജുകളിലെ മൂന്ന് കുടുംബങ്ങളെയും മാങ്ങാട്ടിടം  വില്ലേജിലെ ഒരു കുടുംബത്തെയുമാണ് മാറ്റിപ്പാര്‍പ്പിച്ചത്. ഇതോടെ താലൂക്കില്‍  മാറ്റിപ്പാര്‍പ്പിച്ച കുടുംബങ്ങളുടെ എണ്ണം 16 ആയി. പെരിങ്ങളം വില്ലേജിലെ ഒരു കിണറും തകര്‍ന്നു.
ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ മാനന്തേരി  കരിയില്‍   രൂപപ്പെട്ട ഗര്‍ത്തത്തില്‍ നിന്നും വെള്ളം അതിശക്തമായി പുറത്തേക്കൊഴുകിയത് പ്രദേശവാസികളില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. സമീപത്തെ    മൂന്ന് വീടുകള്‍ക്ക് അപകടസാധ്യതയുള്ളതിനാല്‍ വീട്ടുകാരെ മാറ്റിപാര്‍പ്പിക്കാന്‍ മാനന്തേരി വില്ലേജ് ഓഫീസര്‍ നിര്‍ദേശം നല്‍കി.
തളിപ്പറമ്പ് താലൂക്കില്‍  കുറ്റിയാട്ടൂര്‍ വില്ലേജിലെ ഒരു വീട് ഭാഗികമായി തകര്‍ന്നു. ഇതോടെ താലൂക്കില്‍ നാശനഷ്ടം സംഭവിച്ച വീടുകളുടെ എണ്ണം എട്ടായി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയില്‍ രണ്ട് കിണറുകളും തകര്‍ന്നിട്ടുണ്ട്. അതേസമയം ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ച 14 കുടുംബങ്ങളില്‍ ആറ് കുടുംബങ്ങള്‍ തിരികെ വീടുകളിലേക്ക് മടങ്ങി. എട്ട് കുടുംബങ്ങള്‍ നിലവില്‍ ബന്ധുവീടുകളില്‍ കഴിയുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: