പ്രളയ ദുരന്തത്തിൽ രക്ഷാപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട കണ്ണൂര്‍ ഡി.എസ്‌.സി സെന്റര്‍, ടെറിറ്റോറിയല്‍ ആര്‍മി സൈനികരെ ആദരിച്ചു

കണ്ണൂർ: കണ്ണൂരിലും സമീപ ജില്ലകളായ വയനാട്, കോഴിക്കോട് എന്നിവിടങ്ങളി ലുമുണ്ടായ മഴക്കെടുതിയില്‍

രക്ഷാ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട കണ്ണൂര്‍ ഡിഎസ്‌സി സെന്റര്‍, ടെറിറ്റോറിയല്‍ ആര്‍മി സൈനികര്‍ക്ക് ആദരം.രക്ഷാ പ്രവര്‍ത്തനങ്ങളിലും തകര്‍ന്ന റോഡുകളും പാലങ്ങളും താല്‍ക്കാലികമായി പുനര്‍നിര്‍മിക്കുന്നതിലും ധീരവും സ്തുത്യര്‍ഹമായ സേവനങ്ങളാണ് സൈനികര്‍ കാഴ്‌വച്ചതെന്ന് അനുമോദനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി പറഞ്ഞു.

പ്രളയാനന്തര കേരളത്തിലെ പുനര്‍നിര്‍മാണത്തിലും വലിയ പങ്കുവഹിക്കാന്‍ സൈനികര്‍ക്ക് സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മഴ ശക്തമാവുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് മുന്‍കൂട്ടി സൈനികരെ സജ്ജരാക്കിയതിനാലാണ് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം ലഭിച്ചയുടന്‍ തന്നെ മഴക്കെടുതി ബാധിത പ്രദേശങ്ങളില്‍ എത്താന്‍ സൈനികര്‍ക്ക് സാധിച്ചതെന്ന് അനുമോദന ഫലകം ഏറ്റുവാങ്ങി സംസാരിച്ച ഡിഎസ്‌സി സെന്റര്‍ കേണല്‍ അജയ് ശര്‍മ പറഞ്ഞു. മറ്റു ജില്ലകളില്‍ നിന്ന് വ്യത്യസ്തമായി ഉരുള്‍പൊട്ടലുകള്‍ കാരണം പെട്ടെന്നുള്ള പ്രളയമാണ് ജില്ലയിലുണ്ടാകുന്നത് എന്നതിനാല്‍ തയ്യാറെടുപ്പിനുള്ള സമയം ലഭിക്കില്ലെന്നും ഏതുസമയത്തും സജ്ജരായിരിക്കുകയെന്നത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. രക്ഷാദൗത്യ വേളയില്‍ ജനങ്ങളില്‍ നിന്ന് ലഭിച്ച വലിയ പിന്തുണയും സഹായവുമാണ് തങ്ങള്‍ക്ക് പ്രചോദനമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടിഎ ബറ്റാലിയന്‍ സുബേദാര്‍ മേജര്‍ പ്രകാശന്‍, മിലിറ്ററി ഹോസ്പിറ്റലിലെ മേജര്‍ ദിലീപ് എന്നിവര്‍ക്കും അനുമോദന ഫലകം സമ്മാനിച്ചു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ നാഷനല്‍ എക്സ് സര്‍വീസ്മെന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജില്ലാ പ്രസിഡന്റ് ടി ഡി ജോണ്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സൈനികക്ഷേമ ഓഫീസര്‍ രമചന്ദ്രന്‍ ബാവിലേരി, നാഷനല്‍ എക്സ് സര്‍വീസ്മെന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി വിജയന്‍ പരളി, ജില്ലാ സെക്രട്ടറി പി സുകുമാരന്‍, ജോ. സെക്രട്ടറി സിറിയക് ജോസഫ്, പൂര്‍വ സൈനിക സേവാ പരിഷത്ത് ജില്ലാ പ്രസിഡന്റ് പി ആര്‍ രാജന്‍, ഓണററി ഓഫീസേഴ്സ് അസോസിയേഷന്‍ സെക്രട്ടറി കെ. ദിനേശന്‍, ഓള്‍ കേരള എക്‌സ് സര്‍വീസ്‌മെന്‍ സെക്യൂരിറ്റി സ്റ്റാഫ് സംസ്ഥാന സെക്രട്ടറി എം രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നാഷനല്‍ എക്സ് സര്‍വീസ്മെന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച 50,000 രൂപയുടെ ചെക്ക് ടി ഡി ജോണ്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: