കോഴിക്കോട് കടപ്പുറത്ത് സംഗീത പരിപാടിക്കിടെ സംഘർഷം; 70 പേർക്ക് പരിക്ക്

0

കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ധനസമാഹരണത്തിനായി സംഘടിപ്പിച്ച സംഗീതപരിപാടിക്കിടെ സംഘർഷം. എഴുപതോളം പേർക്ക് പരിക്ക്. വെള്ളിമാടുകുന്ന് ജെ.ഡി.ടി. ഇസ്ലാം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് സ്റ്റുഡൻസ് ഇനിഷ്യേറ്റീവ് ഫോർ പാലിയേറ്റീവ് കെയർ (എസ്.ഐ.പി.സി.) ആണ് ഞായറാഴ്ച വൈകീട്ട് കടപ്പുറത്ത് സംഗീതപരിപാടി സംഘടിപ്പിച്ചത്. സംഘർഷത്തിൽ പരിക്കേറ്റവരിൽ എട്ടു പോലീസുകാരും വിദ്യാർഥികളും നാട്ടുകാരും ഉൾപ്പെടുന്നു. പരിക്കേറ്റവർ ഗവ. ബീച്ച് ആശുപത്രി, ഗവ. മെഡിക്കൽ കോളേജ്, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ ചികിത്സതേടി.

പാലിയേറ്റീവ് ധനസമാഹരണത്തിനായി മൂന്നുദിവസങ്ങളായി ‘555 ദി റെയിൻ ഫെസ്റ്റ്’ കടപ്പുറത്ത് നടക്കുന്നുണ്ട്. നാൽപ്പതോളം സ്റ്റാളുകളും സംഗീത-കലാപരിപാടികളും ഇവിടെ ഒരുക്കിയിരുന്നു. ഞായറാഴ്ച വൈകീട്ട് നടക്കുന്ന പ്രശസ്ത ബാന്റിന്റെ സംഗീതപരിപാടിക്കായി നേരത്തേതന്നെ ഓൺലൈൻവഴി ടിക്കറ്റ് വിൽപ്പന നടത്തിയിരുന്നു. കൂടാതെ പരിപാടി നടക്കുന്ന സ്ഥലത്തും ടിക്കറ്റ് വിൽപ്പനയുണ്ടായിരുന്നു. അവധിദിവസമായതിനാൽ ബീച്ചിൽ കൂടുതൽപ്പേരെത്തിയതും അധിക ടിക്കറ്റുകൾ വിറ്റുപോയതും തിരക്ക് വർധിക്കാൻ ഇടയാക്കി.

ബീച്ചിന്റെ ഒരുഭാഗത്ത് പ്രത്യേകം കെട്ടിയുണ്ടാക്കിയ താത്കാലിക സ്റ്റേജിലാണ് സംഗീതപരിപാടി നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ, ഇത്രയുമധികം ആളുകളെ ഉൾക്കൊള്ളാൻ വേദിക്ക് കഴിയാതെവന്നതാണ് സംഘർഷത്തിനിടയാക്കിയത്.

രാത്രി എട്ടോടെയാണ് സംഘർഷത്തിന് തുടക്കമായത്. ടിക്കറ്റ് എടുത്തവർ അകത്തേക്ക് പ്രവേശിക്കണമെന്നാവശ്യപ്പെട്ട് ആദ്യം ബഹളംവെക്കുകയായിരുന്നു. ഇത് തടയാൻ പോലീസും വൊളന്റിയർമാരും ശ്രമിച്ചു. എട്ടു പോലീസുകാരായിരുന്നു സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നത്. ജനക്കൂട്ടം പോലീസിനെ തള്ളിമാറ്റാൻ ശ്രമിച്ചു. പോലീസുകാർക്കുനേരെ കല്ലും മണലും വാരിയെറിയുകയും ചെയ്തു. പോലീസ് ലാത്തിവീശാൻ തുടങ്ങിയതോടെ ജനങ്ങൾ വിരണ്ടോടി.

ബാരിക്കേഡുകൾ തകർത്ത് സംഗീതപരിപാടി നടക്കുന്ന സ്റ്റേജിനരികിലേക്ക് ജനങ്ങൾ ഇരച്ചെത്തിയതോടെ ഇവിടെ ഉന്തും തള്ളും തിരക്കുമുണ്ടായി. ചവിട്ടേറ്റും ശ്വാസംകിട്ടാതെയും പലരും കുഴഞ്ഞുവീഴുകയായിരുന്നു. പരിപാടിക്കെത്തിയ കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവർ തിരക്കിനിടയിൽ വീണുപോയി.

ബാരിക്കേഡുകൾ തകർത്ത് സംഗീതപരിപാടി നടക്കുന്ന സ്റ്റേജിനരികിലേക്ക് ജനങ്ങൾ ഇരച്ചെത്തിയതോടെ ഇവിടെ ഉന്തും തള്ളും തിരക്കുമുണ്ടായി. ചവിട്ടേറ്റും ശ്വാസംകിട്ടാതെയും പലരും കുഴഞ്ഞുവീഴുകയായിരുന്നു. പരിപാടിക്കെത്തിയ കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവർ തിരക്കിനിടയിൽ വീണുപോയി.

അതിനിടയിൽ പരിപാടി നിയന്ത്രിക്കുന്ന വൊളന്റിയർമാരായ വിദ്യാർഥികളെയും ജനക്കൂട്ടം ആക്രമിച്ചു. പിന്നീട് സിറ്റി പോലീസ് മേധാവി എ. അക്ബർ, ഡെപ്യൂട്ടി പോലീസ് കമ്മിഷണർ എ. ശ്രീനിവാസന്റെ നേതൃത്വത്തിൽ സിറ്റി കൺട്രോൾ റൂം അസിസ്റ്റന്റ് കമ്മിഷണർ എം.സി. കുഞ്ഞുമോയിൻകുട്ടി, മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മിഷണർ കെ. സുദർശൻ, സിറ്റി സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ എ. ഉമേഷ് എന്നിവരുടെ നേതൃത്വത്തിൽ പോലീസെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.

പരിക്കേറ്റവരെ ആംബുലൻസിൽ ആശുപത്രികളിലേക്കെത്തിച്ചു. പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിനായി കാരവൻ വാങ്ങാൻ വേണ്ടിയാണ് ധനസമാഹരണം നടത്തിയത്.

പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ളവർ: കാർത്തിക് (21), മന്നത്ത് ഹൗസ്, ബേപ്പൂർ, അഭിരാജ് (19) തളിപ്പറമ്പ് ഹൗസ്, മടവൂർ, മോഹിത് മൻഹാൽ (22), തെക്കെ പുതുക്കുടി ഹൗസ്, മാങ്കാവ്, മുഹമ്മദ് റബീക്ക് (21), ആലുങ്കൽ ഹൗസ്, അരിമണൽ, മലപ്പുറം, തൗഫീക് (18), പാലത്തിൽ ഹൗസ്, പരുത്തിപ്പാറ, മലപ്പുറം, നാജിർ (19), സിദ്ദിഖ് മൻസിൽ, ആയൂർ, കൊല്ലം, അൽഫാസ് (20), എളയിടത്ത്, തലക്കുളത്തൂർ, അസ്ലം (27), ബൈത്തൂൽമൻസിൽ, പുത്തൂർമഠം, കൂടരഞ്ഞി സ്വദേശി അശ്വിൻ(20) എന്നിവരെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിഗിൻ ഗണേഷ്, ഇ.വി. അതുൽ, സുഭാഷ്, ജിതേഷ്, കെ. ബബീഷ് എന്നീ പോലീസുകാർക്കാണ് പരിക്ക്. ആരുടെയും പരിക്കുകൾ ഗുരുതരമല്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: