മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ന്; വോട്ടെണ്ണല്‍ രാവിലെ 10 മുതല്‍

35 വാർഡുകളിലുമായി 111 സ്ഥാനാർഥികളാണ് ജനവിധി തേടിയത്

മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം.വോട്ടെണ്ണൽ രാവിലെ പത്തിന് മട്ടന്നൂർ എച്ച് എച്ച് എസ് എസിൽ ആരംഭിക്കും. പൊതുതിരഞ്ഞെടുപ്പിൽ 84.61 ശതമാനമായിരുന്നു പോളിംഗ്. ആകെയുള്ള 38811 വോട്ടർമാരിൽ 32837 പേരാണ് വോട്ട് ചെയ്തു. 35 വാർഡുകളിലുമായി 111 സ്ഥാനാർഥികളാണ് ജനവിധി തേടിയത്.

ഇത്തവണ പോസ്റ്റൽ ബാലറ്റിന് ആരും അപേക്ഷിച്ചിട്ടില്ല. നഗരസഭയിലുള്ളവർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ടായിരുന്നില്ല. കോവിഡ് സ്‌പെഷൽ പോസ്റ്റൽ ബാലറ്റിനും ആരും അപേക്ഷിച്ചില്ല. അതിനാൽ പോസ്റ്റൽ ബാലറ്റ് എണ്ണാതെ നേരിട്ട് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ വോട്ടെണ്ണലിലേക്ക് കടക്കാനാവും.

രണ്ട് റിട്ടേണിംഗ് ഓഫീസർമാരുടെ കീഴിലായി ആകെ രണ്ട് കൗണ്ടിംഗ് ഹാളുകൾ സജ്ജമാക്കിയിട്ടുണ്ട്. രണ്ട് ഹാളിലും ആറ് ടേബിൾ വീതം ആകെ 12 ടേബിളുകളിലാണ് വോട്ടെണ്ണുക. മൂന്ന് റൗണ്ടുകളിൽ വോട്ടെണ്ണൽ പൂർത്തിയാകും. ഒരോ ടേബിളിനും മൂന്ന് വീതം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് ഫലം http://www.lsgelection.kerala.gov.in വെബ്‌സൈറ്റിലെ TREND ൽ തൽസമയം ലഭ്യമാകും. വോട്ടെണ്ണൽ കേന്ദ്രത്തിൽ മീഡിയാ സെന്റർ പ്രവർത്തിക്കും.

2017ലെ പോളിംഗ് ശതമാനം 82.91 ആയിരുന്നു. ഇത്തവണ ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം വാർഡ് 34 മേറ്റടിയിലാണ് 95.13 ശതമാനം. വാർഡ് 1 മണ്ണൂർ (91.1), വാർഡ് 2 പൊറോറ  (91.71), വാർഡ് 13 പരിയാരം (91.27) എന്നീ വാർഡുകളിലും അടക്കം നാല് വാർഡുകളിൽ പോളിംഗ് 90 ശതമാനം കടന്നു. 31  വാർഡുകളിൽ പോളിംഗ് 80 ശതമാനം കടന്നു. ഏറ്റവും കുറവ് പോളിംഗ് വാർഡ് 28 മട്ടന്നൂരിലാണ്  72.35 ശതമാനം.

പോളിങ് ദിനത്തില്‍ നാലാങ്കേരി, മിനി നഗർ തുടങ്ങിയ വാർഡുകളിൽ എൽഡിഎഫ് – യുഡിഎഫ് പ്രവർത്തകർ തമ്മിൽ നേരിയ തോതിൽ വാക്കേറ്റം നടന്നിരുന്നു. തുടര്‍ന്ന് പോലീസ് ഇടപെട്ട് ഇരുവിഭാഗത്തെയും പിരിച്ചുവിടുകയായിരുന്നു. .എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗും വീഡിയോഗ്രാഫിയുമുണ്ടായിരുന്നു. പ്രശ്നബാധിത ബൂത്തുകളിൽ കൂടുതൽ പോലീസ് സേനയെ വിന്യസിച്ചിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: