ഏതിനെയും യോജിച്ച് നേരിടാനുള്ള കരുത്താണ് മലയാളികളുടെ പ്രത്യേകത: മുഖ്യമന്ത്രി, പാല ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിനായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

8 / 100 SEO Score

ഏത് സാഹചര്യത്തെയും യോജിച്ച് നേരിടാനുള്ള കരുത്തും ഐക്യവുമാണ് മലയാളികളുടെ പ്രത്യേകതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാല ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിനായി നിര്‍മ്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പ്രായോഗികമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. നമ്മുടെ നാട്ടിലെ ഒരു വിഭാഗം കുട്ടികള്‍ക്ക് അതിനാവശ്യമായ സൗകര്യങ്ങളുണ്ടായിരുന്നില്ല. ഇപ്പോള്‍ സൗകര്യം മിക്കവാറും ഒരുക്കിക്കഴിഞ്ഞു. ഓണ്‍ലൈന്‍ സൗകര്യങ്ങളില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ടി വിയും ലാപ്‌ടോപ്പും സ്മാര്‍ട്ട് ഫോണും നല്‍കാനുള്ള പ്രയത്‌നങ്ങള്‍ ആരംഭിച്ചപ്പോള്‍, നമ്മുടെ നാട്ടിലെ സുമനസുകളാകെ ഇതിന് സന്നദ്ധമായി മുന്നോട്ട് വന്നു. ഒരുമ, ഐക്യം, ഏതിനെയും യോജിച്ച് നേരിടാനുള്ള മലയാളിയുടെ കരുത്ത് തുടങ്ങിയവയാണ് നമ്മുടെ നാടിന്റെ പ്രത്യേകത. ഇത് മഹാമാരിക്കെതിരെ നാമിപ്പോള്‍ പ്രയോഗിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതു വിദ്യാഭ്യാസസംരക്ഷണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറുകയാണ്.  വിവിധ തരത്തിലുള്ള ഇടപെടലുകള്‍ ഇതിന്റെ ഭാഗമായി നടന്നുവരുന്നു. നാടും നാട്ടുകാരും വിദ്യാഭ്യാസ തല്‍പരരായ വ്യക്തികളും സ്ഥാപനങ്ങളുമെല്ലാം ഇതുമായി സഹകരിക്കുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആരംഭിച്ച ഘട്ടത്തില്‍ സഹകരണത്തിന് നല്ല ആക്കവും വേഗതയുമുണ്ടായി. പിന്നീട് ചിലയിടങ്ങളില്‍ ചെറിയ കുറവ് വന്നിട്ടുണ്ട് എന്നുള്ളത് നാം കാണേണ്ടതായിട്ടുണ്ട്. ഇതൊരു സര്‍ക്കാര്‍ കാര്യം എന്നതുപോലെ കാണുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ നിലയാണ് പാല സ്‌കൂളിനെ സംബന്ധിച്ചുള്ളത്. ഒട്ടേറെ വ്യക്തികള്‍ സംഭാവന ചെയ്യാന്‍ തയ്യാറായി. നമ്മുടെ നാട്ടിലെ പൊതു വിദ്യാലയങ്ങള്‍ നാടിന്റെ പൊതുവായ സ്ഥാപനമാണ്. നാം പല കാര്യങ്ങള്‍ക്കും സഹായങ്ങള്‍ നല്‍കാറുണ്ട്. ആരാധനായങ്ങളില്‍ ഏല്‍പ്പിക്കുന്ന കാണിക്ക പോലുള്ള കാര്യങ്ങള്‍ ഏറ്റവും വലിയ ക്ഷേത്രമാണ് വിദ്യാലങ്ങള്‍ എന്ന് കണക്കാക്കി അത്തരം ഫണ്ട് ഓരോരുത്തരും നല്‍കണമെന്ന് ഘട്ടത്തില്‍ അഭ്യര്‍ഥിച്ചിരുന്നു. അതിന് നല്ല പ്രതികരണം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. നമ്മുടെ വിദ്യാലയങ്ങള്‍ അഭിവൃദ്ധിപ്പെടുത്തുക എന്നത് വലിയ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.    

അഞ്ച് കോടി രൂപ ചിലവിലാണ് കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. പത്ത് ക്ലാസ് മുറികളോട് കൂടിയ ഹയര്‍ സെക്കന്ററി ബ്ലോക്കിന്റെയും  മൂന്ന് നിലകളിലായി ഒന്‍പത് ക്ലാസ് മുറികളോടെ നിര്‍മ്മിച്ച എല്‍ പി ബ്ലോക്കിന്റെയും ഡൈനിംഗ് ഹാള്‍ ഉള്‍പ്പെടുന്ന കിച്ചണ്‍ ബ്ലോക്കിന്റെയും ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്.  2000 ത്തോളം വിദ്യാര്‍ഥികളാണ് ഇവിടെ പഠനം നടത്തുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ഉദ്ഘാടന ചടങ്ങ്.

വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന ചടങ്ങില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷനായി. എം എല്‍ അഡ്വ. സണ്ണി ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബാബു ജോസഫ്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ യൂസഫ് ചന്ദ്രങ്കണ്ടി, മറ്റ് ജനപ്രതിനിധികള്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: