ഖനന നിയന്ത്രണം പിന്‍വലിക്കാനുള്ള തീരുമാനം: സര്‍ക്കാര്‍ കേരളത്തെ വെല്ലുവിളിക്കുന്നു – വെല്‍ഫെയര്‍ പാര്‍ട്ടി.

പ്രളയ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പാറ ഖനനം നിര്‍ത്തിവെച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിച്ച നടപടി വീണ്ടും ദുരന്തം വിളിച്ചുവരുത്തുന്നതാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിലനില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ ഈ തീരുമാനം എടുക്കുന്നത്. കേരളം കണ്ടതില്‍ വെച്ച് ഏറ്റവും ഭീകരമായ ഉരുള്‍പൊട്ടലാണ് ഇത്തവണ ഉണ്ടായത്. ഇതിന്‍റെ പ്രധാന കാരണങ്ങളിലൊന്ന് പരിസ്ഥിതിക്ക് നേരെ നടക്കുന്ന രൂക്ഷമായ കയ്യേറ്റമാണ്. അതില്‍ പ്രധാന പങ്ക് ക്വാറികള്‍ക്കാണ്. അനുമതി പോലും ഇല്ലാതെ സംസ്ഥാനത്ത് ആയിരക്കണക്കിന് ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്. ക്വാറികളുടെ പരിസ്ഥിതി ആഘാതത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി നടക്കുന്ന ജനകീയ സമരങ്ങളെയൊക്കെ ഇടതു സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ഇത്ര ഭീകരമായ ദുരന്തം നേരിട്ടിട്ടും ക്വാറികള്‍ മൂലം പരിസ്ഥിതിക്ക് സംഭവിച്ച ആഘാതങ്ങളെക്കുറിച്ച് ഒരു പഠനവും നടത്താതെ വീണ്ടും ഖനനം ആരംഭിക്കുന്നത് കേരളത്തെ വെല്ലുവിളിക്കലാണ്. പ്രളയ ദുരന്തത്തില്‍ നിന്ന് കേരളം കരകയറുന്നതിന് മുമ്പുതന്നെ നിയമം ലംഘിച്ച് നടത്തുന്നതുള്‍പ്പെടെയുള്ള ക്വാറികള്‍ പ്രവര്‍ത്തിച്ച് തുടങ്ങുന്നത് വലിയ ദുരന്തത്തിന് കാരണമാകും. ചെറുതും വലുതുമായ അയ്യായിരത്തിലധികം ഉരുള്‍പൊട്ടലുകളാണ് പശ്ചിമഘട്ട നിരകളില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായത്. അമ്പത് വര്‍ഷങ്ങളിലെ ഉരുള്‍പൊട്ടലില്‍ ഉണ്ടായ മരണങ്ങളുടെ അത്രതന്നെയാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് ഉണ്ടായത്. കേരളത്തിന്‍റെ ഭൗമ പ്രത്യേകതകളെക്കുറിച്ച് വലിയ വീണ്ടുവിചാരം നടത്തേണ്ടുന്ന സന്ദര്‍ഭത്തില്‍ എടുത്ത തെറ്റായ തീരുമാനം സര്‍ക്കാര്‍ അടിയന്തിരമായി പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: