സീറ്റ് ബെല്‍റ്റിടാതെ വാഹനമോടിച്ച പൊലീസുകാര്‍ക്ക് സ്ഥലംമാറ്റം : വൈറല്‍ വീഡിയോ ചിത്രീകരിച്ച യുവാവിനെതിരെ പരാതിയില്ലെന്ന് പൊലീസുകാര്‍

സീറ്റ് ബെല്‍റ്റിടാതെ ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്‌ത രണ്ട് പൊലീസുകാര്‍ക്ക് സ്ഥലംമാറ്റം. ഇതുസംബന്ധിച്ച വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്നാണ് ജില്ലാ പൊലീസ് മേധാവി സ്ഥലംമാറ്റിയത്. അരൂര്‍ സ്റ്റേഷനിലെ അഡീഷണല്‍ എസ്.എെ വീരേന്ദ്രകുമാറിനെ കായംകുളത്തേക്കും, വാഹനം ഓടിച്ചിരുന്ന അസിസ്റ്റന്റ് എസ്.എെ സിദ്ധാര്‍ത്ഥിനെ എ.ആര്‍ ക്യാമ്ബിലേക്കുമാണ് സ്ഥംലമാറ്റിയത്. ജില്ലാ പൊലീസ് മേധാവി കെ.എം.ടോമിയുടെ നിര്‍ദേശപ്രകാരം സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ബിനുകുമാര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ചാണ് നടപടി. പൊലീസ് വാഹനത്തില്‍ യാത്ര ചെയ്‌തിരുന്ന ഉദ്യോഗസ്ഥരെ പിന്നാലെയെത്തിയ ബൈക്ക് യാത്രക്കാരന്‍ സീറ്റ് ബെല്‍റ്റിടാന്‍ നിര്‍ബന്ധിക്കുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് നടപടി.ശ്രീലങ്കന്‍ മന്ത്രിക്ക് എസ്കോര്‍ട്ട് ഡ്യൂട്ടി പോയ ശേഷം സ്റ്റേഷനിലേക്കു മടങ്ങുന്നതിനിടെയാണ് പൊലീസുകാര്‍ കാമറയുടെ കെണിയില്‍ കുടുങ്ങിയത്. രണ്ടുപേരും സീറ്റ് ബെല്‍റ്റ് ഇടാതെ വിശാലമായി ഇരുന്ന് ലാത്തിയടിച്ച്‌ പോവുകയാണ്. ജീപ്പിനെ മറികടന്നെത്തിയ ബൈക്ക് യാത്രക്കാരന് നിയമലംഘനം സഹിച്ചില്ല. മോട്ടോര്‍ വാഹന നിയമം പൊലീസിനും ബാധകമാകേണ്ടതാണല്ലോ. സാറേ, സീറ്റ് ബെല്‍റ്റൊക്കെ ഇടാം.’ ജീപ്പിനൊപ്പമെത്തി ബൈക്കുകാരന്‍ പറ‌ഞ്ഞെങ്കിലും ഏമാന്മാര്‍ കേട്ട ഭാവം കാണിച്ചില്ല. പോരെങ്കില്‍, അതിന് തനിക്കെന്തു വേണം എന്നൊരു പൊലീസ് മുറയും ബൈക്കിലെ ഹീറോ, ജീപ്പ് മറികടന്ന് വട്ടംചുറ്റിനിന്ന് സിനിമാ സ്റ്റൈലില്‍ നടന്നുവന്നു. ഉദ്യോഗസ്ഥരുടെ പേരും തസ്തികയും ചോദിച്ചറിഞ്ഞു. മുഴുവന്‍ സീനും ഡയലോഗ് സഹിതം ബൈക്കുകാരന്റെ ഹെല്‍മറ്റിലിരുന്ന് ഗോപ്രോ ആക്‌ഷന്‍ കാമറ പകര്‍ത്തുകയാണെന്ന് അവരെങ്ങനെ അറിയാന്‍! എന്തായാലും പണി മണത്തതോടെ ഏമാന്മാര്‍ സീറ്റ് ബെല്‍റ്റൊക്കെ ഇട്ട് മാന്യമായി ആയിരുന്നു തുടര്‍ന്നുള്ള യാത്ര. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതോടെ ജില്ലാ പൊലീസ് മേധാവി അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.

 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: