ചിദംബരത്തെ ചോദ്യം ചെയ്യുന്നു, വൈകിട്ട് കോടതിയിൽ ഹാജരാക്കും

ഏറെ നാടകീയതകൾക്കൊടുവിൽ ഇന്നലെ രാത്രിയോടെ അറസ്റ്റിലായ മുൻ ധനമന്ത്രി പി ചിദംബരത്തെ ഇന്ന് വൈകിട്ടോടെ മാത്രമേ കോടതിയിൽ ഹാജരാക്കൂ. അതുവരെ ചിദംബരത്തെ ചോദ്യം ചെയ്യലിന് വിധേയനാക്കാനാണ് സിബിഐയുടെ തീരുമാനം. എന്നാൽ ചിദംബരം ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല. സിബിഐ ആസ്ഥാനത്തെ മൂന്നാം നമ്പർ ലോക്കപ്പിലാണ് ചിദംബരം ഇപ്പോഴുള്ളത്.ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരം ഇതേ കേസുമായി ബന്ധപ്പെട്ട് ജാമ്യത്തിലാണ് കഴിയുന്നത്. കാർത്തിയുടെ ജാമ്യം റദ്ദാക്കാനായി സിബിഐ കോടതിയെ സമീപിക്കുമെന്ന സൂചനകളും വരുന്നുണ്ട്. കാർത്തി ചെന്നൈയിൽ നിന്ന് രാവിലെയോടെ ദില്ലിയിലെത്തിയിട്ടുണ്ട്. അതേസമയം, പി ചിദംബരവും ഇന്ന് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചേക്കും. നാളെയാണ് ചിദംബരത്തിന്‍റെ ജാമ്യഹർജി സുപ്രീംകോടതിയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഇന്ന് തന്നെ ജാമ്യഹർജിയുമായി എത്താനാകുമോ എന്ന് കോൺഗ്രസ് വൃത്തങ്ങൾ ആലോചിക്കുന്നുണ്ട്. അറസ്റ്റ് തടയാന്‍ സുപ്രീംകോടതി വിസമ്മതിച്ചതോടെ രാത്രി നാടകീയമായി എഐസിസി ആസ്ഥാനത്തെത്തി വാര്‍ത്താ സമ്മേളനം നടത്തി മടങ്ങിയതിന് പിന്നാലെയാണ് സിബിഐ സംഘം ചിദംബരത്തിന്‍റെ വീട്ടിലെത്തിയത്. ആദ്യം സിബിഐ കോൺഗ്രസ് ആസ്ഥാനത്തേക്ക് പുറപ്പെട്ടു, പിന്നീട് ചിദംബരത്തിന്‍റെ വീട്ടിലെത്തി. ഗേറ്റുകൾ രണ്ടും പൂട്ടിയ നിലയിലായിരുന്നു. സിബിഐ സംഘവും പിന്നീടെത്തിയ എൻഫോഴ്‍സ്മെന്‍റ് സംഘവും മതിൽ ചാടിക്കടന്നു. ചിദംബരത്തിന്‍റെ അറസ്റ്റിന് മുന്നോടിയായി അദ്ദേഹത്തിന്‍റെ വീടിന് മുന്നിൽ വന്‍ സംരക്ഷണ വലയമാണ് പൊലീസ് തീർത്തത്. ചിദംബരത്തിനെതിരെ ‘കള്ളൻ, കള്ളൻ’ എന്ന മുദ്രാവാക്യം വിളിയായിരുന്നു ഒരിടത്ത്. യൂത്ത് കോൺഗ്രസ്‌ സംഘത്തിന്‍റെ പ്രതിഷേധം മറുവശത്ത്. വീടിന് പുറത്ത് നേരിയ സംഘര്‍ഷം ഉടലെടുക്കുകയും ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: