ട്രെയിലർ ലോറിയിടിച്ച് വൈദ്യുതി തൂൺ ടാങ്കർ ലോറിക്ക് മേൽ പതിച്ചു ;രണ്ടര മണിക്കൂർ ഗതാഗതം മുടങ്ങി

തലശ്ശേരി. മെയിൻ റോഡിൽ ട്രെയിലർ ലോറി ഇടിച്ച് വൈദ്യുതി തൂൺ അതുവഴി വന്ന ടാങ്കർ ലോറിക്ക് മുകളിൽ പതിച്ചു.രണ്ടര മണിക്കൂറോളം വാഹന ഗതാഗതം മുടങ്ങി.ഇന്നലെ രാത്രി 12.30 മണിയോടെ കോടതിക്കും സ്റ്റേഡിയത്തിനുമിടയിൽ എഎസ്.ആർ. സ്ഥാപനത്തിന് മുന്നിലായിരുന്നു അപകടം. വിവരമറിഞ്ഞ് പോലീസും നാട്ടുകാർ വിവരമറിയിച്ചതോടെ വൈദ്യുതി ജീവനക്കാരും സ്ഥലത്തെത്തി ഫയർഫോഴ്സിൻ്റെ സഹായം തേടി.വിവരമറിഞ്ഞ്മണിക്കുറുകൾ കഴിഞ്ഞിട്ടും സംഭവസ്ഥലത്തെത്താതിരുന്ന ഫയർസ്റ്റേഷൻ ഉദ്യോഗസ്ഥരുടെ നടപടിയും വിവാദമായി.
കണ്ണൂരിലേക്ക് പോകുകയായിരുന്ന ടാങ്കറിന് മുകളിലേക്ക് വൈദ്യുതി തൂൺ മറിഞ്ഞുവീണതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും മുടങ്ങിയിരുന്നു. സ്ഥലത്തെത്തിയ പോലീസും കെഎസ്ഇബി ജീവനക്കാരും ഒപ്പം സഹായത്തിനെത്തിയ ലോറി ഡ്രൈവർമാരും രണ്ടര മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുലർച്ചെ മൂന്ന് മണിയോടെ വാഹന ഗതാഗതം പുന:സ്ഥാപിച്ചത്.ദുരന്ത ഘട്ടത്തിൽ അടിയന്തരമായി എത്തിച്ചേരേണ്ടിയിരുന്ന ഫയർഫോഴ്സ് വിഭാഗത്തിൽ ഫോൺ വിളിച്ച് പലതവണ പോലീസും കെഎസ്ഇബിയും ആവശ്യപ്പെട്ടിട്ടും സ്ഥലത്തെത്താതിരുന്ന നടപടിയിൽ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. ഗതാഗത കുരുക്കഴിഞ്ഞ് രണ്ടര മണിക്കൂർ കഴിഞ്ഞ് അര കിലോമീറ്റർ ദൂരേയുള്ള സംഭവസ്ഥലത്തേക്ക് ഫയർഫോഴ്സ് സംഘം എത്തിയതെന്ന് നാട്ടുകാരും പറയുന്നു.