കെ.കെ.രമ എം.എൽ.എക്ക് പയ്യന്നൂർ സഖാക്കളുടെ പേരിൽ വധഭീഷണി കത്ത്.

പയ്യന്നൂർ: ആർ.എം.പി.നേതാവ് ടി പി.ചന്ദ്രശേഖരൻ്റെ ഭാര്യ വടകര എം.എൽ.എ.ആയ കെ.കെ.രമയ്ക്ക് “പയ്യന്നൂർ സഖാക്കളുടെ ” പേരിൽ വധഭീഷണി കത്ത്.കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് കെ.കെ.രമ താമസിക്കുന്ന എം.എൽ.എ.ഹോസ്റ്റലിൽ വധഭീഷണി കത്ത് ലഭിച്ചത്. പയ്യന്നൂർ സഖാക്കളുടെ പേരിലാണ് കത്തെങ്കിലും മേൽവിലാസക്കാരിക്ക് ഇത് തപാലിൽ അയച്ചത് കണ്ണൂരിൽ നിന്നാണ്. സമീപകാലത്തായി രാഷ്ട്രീയ നീക്കങ്ങൾ കൊണ്ട് പയ്യന്നൂർ ശ്രദ്ധേയമാകുന്ന സാഹചര്യത്തിൽ പയ്യന്നൂർ സഖാക്കളുടെ പേരിൽ അയച്ച വധഭീഷണി കത്ത് മറ്റൊരു വിവാദമാകും. വധഭീഷണകത്ത് ലഭിച്ച സാഹചര്യത്തിൽ കെ.കെ.രമ എം.എൽ.എ.പരാതിക്കൊപ്പം വധഭീഷണി കത്തും ഡി ജി പി. ക്ക്കൈമാറിയിട്ടുണ്ട്. നിയമസഭയിൽ കെ.കെ.രമ എം.എൽ.എ.ക്കെതിരെ മുതിർന്ന സി പി എം നേതാവ് എം.എം മണി നടത്തിയ പരാമർശം രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു.ഇതേ ചൊല്ലി ഭരണപക്ഷവും പ്രതിപക്ഷവും സഭയ്ക്കകത്തും പുറത്തും വാക് വാദത്തിന് വഴിവെക്കുകയും പൊതു സമൂഹത്തിൽ ചർച്ചയാകുകയും ചെയ്തിരുന്നു.ഇതിനിടെയാണ് പയ്യന്നൂർ സഖാക്കളുടെ പേരിൽ കെ.കെ.രമ എം .എൽ .എ ക്ക് വധഭീഷണി കത്ത് ലഭിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനോട് എതിരിടാൻ നിൽക്കേണ്ടെന്നും ഭരണം ഞങ്ങൾക്ക് പ്രധാനമല്ലെന്നും മണി ആശാനോട് കളിക്കേണ്ടെന്നും പയ്യന്നൂരിൽ കാലുകുത്താൻ പാടില്ലെന്നുമാണ് ഭീഷണി കത്തിൽ പ്രതിപാദിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇൻ്റലിജൻസ് വിഭാഗം അന്വേഷണം തുടങ്ങി.