കൊവിഡ് നിയന്ത്രണത്തിന് ഓപ്പറേഷൻ എ പ്ലസ്

കണ്ണൂർ:ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ടിപിആർ നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയാക്കി കുറച്ച് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കാനുള്ള നടപടികൾ ജില്ലാ ഭരണകൂടം ആരംഭിച്ചു. ഓപ്പറേഷൻ എ പ്ലസ് എന്ന് പേരിട്ട പദ്ധതിയിലൂടെ ഡി, സി കാറ്റഗറിയിൽ പെട്ട തദ്ദേശ സ്ഥാപനങ്ങളിൽ ജനകീയവും സൂക്ഷ്മവും കൃത്യതയാർന്നതുമായ ഇടപെടൽ വഴി ടിപിആർ നിരക്ക് കുറയ്ക്കുകയാണ് ലക്ഷ്യം. ഇതിന് മുന്നോടിയായി ഡി, സി വിഭാഗങ്ങളിലെ തദ്ദേശസ്വയംഭരണ പ്രതിനിധികൾ ആരോഗ്യ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെട്ട പ്രത്യേക യോഗം ജില്ല കലക്ടർ ടി വി സുഭാഷിൻ്റെ അധ്യക്ഷതയിൽ കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി. ജനങ്ങളെ വിശ്വാസത്തിലെടുത്ത് കൊണ്ട് അവരുടെ ഉപജീവന മാർഗ്ഗങ്ങൾ തടസപെടാത്ത വിധം രോഗ പരിശോധന വർധിപ്പിക്കുക, ലഭ്യതയ്ക്കനുസരിച്ച് വാക്സിനേഷൻ ഊർജിതമാക്കുക, ആർ ആർ ടി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക എന്നിവയാണ് ലക്ഷ്യം. തദ്ദേശ സ്ഥാപനങ്ങളെ മൊത്തമായി പരിഗണിക്കുന്ന പതിവ് രീതിക്ക് പകരം രോഗവ്യാപന സാധ്യതയുള്ള മേഖലകളെ അടിസ്ഥാനമാക്കിയാവും പരിശോധനയും വാക്സിനേഷനും നിയന്ത്രണങ്ങളും ഏർപ്പെടുത്തുക. വ്യാപാര മേഖല, പൊതുഗതാഗത സംവിധാനം, ഉൽപാദന മേഖല എന്നിവയ്ക്ക് പ്രത്യേക പരിഗണന നൽകി പരിശോധനകളും വാക്സിനേഷനും ഊർജ്ജിതമാക്കി ഈ മേഖലകളെ സെയ്ഫ് സോൺ ആക്കുകയാണ് ലക്ഷ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ വാക്സിൻ വിതരണം ചെയ്തതിൻ്റെ കണക്കെടുക്കും. ജനസംഖ്യാനുപാതികമായി വാക്സിൻ നൽകാൻ കഴിയുമോ എന്നതും പരിശോധിക്കും. വ്യാപാര സ്ഥാപനങ്ങളിലുള്ളവർക്ക് രണ്ട് ഡോസ് വാക്സിൻ അല്ലെങ്കിൽ ആവർത്തിച്ചുള്ള കൊവിഡ് പരിശോധന സർട്ടിഫിക്കറ്റ് എന്നത് നിർബന്ധമാക്കും. ഡി, സി വിഭാഗത്തിലുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ രോഗ പരിശോധനയ്ക്കാവശ്യമായ മുഴുവൻ സൗകര്യങ്ങളും ലഭ്യമാക്കണമെന്ന് ജില്ലാ കലക്ടർ ഡിഎംഒയ്ക്ക് നിർദ്ദേശം നൽകി.രോഗ പരിശോധന നടത്താൻ ഭൂരിഭാഗം പ്രദേശവാസികളും വിമുഖത കാട്ടുന്നതായി യോഗത്തിൽ സംസാരിച്ച തദ്ദേശ സ്വയംഭരണ പ്രതിനിധികൾ പറഞ്ഞു. വാക്സിൻ വിതരണം കാര്യക്ഷമമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. വീടുകൾ കേന്ദ്രീകരിച്ചുള്ള അനൗപചാരിക ഒത്തുകൂടലുകൾ വ്യാപകമാവുന്നുണ്ടെന്നും ഇത് രോഗവ്യാപനത്തിനിടയാക്കുന്നുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. നഗരങ്ങളിൽ കൊവിഡ് എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നുണ്ട്. എന്നാൽ ഗ്രാമപ്രദേശങ്ങളിൽ ഇത് ഫലപ്രദമാവുന്നില്ല. ഇക്കാര്യത്തിൽ തദ്ദേശ സ്വയഭരണ പ്രതിനിധികളുടെ പിന്തുണയുണ്ടാവണമെന്നും അവർ അറിയിച്ചു. കണ്ടയിൻമെന്റ് നിയന്ത്രണം കർശനമാക്കണമെന്നും യോഗത്തിൽ നിർദ്ദേശമുയർന്നു.സബ് കലക്ടർ അനുകുമാരി, ഡി എം ഒ ഡോ. നാരായണ നായിക്, ഡെപ്യുട്ടി ഡി എം ഒ ഡോ. എം പ്രീത, പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടർ അരുൺ ,മറ്റ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: