കണ്ണൂർ ഗവ മെഡിക്കൽ കോളേജ്‌ ഹോസ്പിറ്റലിൽ നടത്തിയ ആന്റിജെൻ ടെസ്റ്റിൽ 100 ലേറെ പേർക്ക്‌ കോവിഡ്‌ പോസിറ്റീവ്‌ എന്നരീതിയിൽ പ്രചരിക്കുന്ന വാർത്ത വ്യാജം; സാമൂഹ്യ മാധ്യമങ്ങൾ വഴി തെറ്റായ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടി

കണ്ണൂർ (പരിയാരം) : കണ്ണൂർ ഗവ മെഡിക്കൽ കോളേജ്‌ ഹോസ്പിറ്റലിൽ നടത്തിയ ആന്റിജെൻ ടെസ്റ്റിൽ 100 ലേറെ പേർക്ക്‌ കോവിഡ്‌ പോസിറ്റീവ്‌ എന്നരീതിയിൽ പ്രചരിക്കുന്ന വാർത്ത തീർത്തും അടിസ്ഥാന രഹിതമാണ്‌. സാമൂഹ്യ മാധ്യമങ്ങൾ വഴിയുൾപ്പടെ തെറ്റായ വാർത്ത തയ്യാറാക്കി പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കും.

സുരക്ഷ മുൻനിർത്തി മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ ജീവനക്കാർക്കാകെ ആന്റിജെൻ ടെസ്റ്റ്‌ നടത്താൻ തീരുമാനിച്ചിരുന്നു. സ്വന്തം ബുദ്ധിമുട്ടുകൾ അവഗണിച്ച്‌ ഈ കോവിഡ്‌ കാലത്തും ഡ്യൂട്ടിക്കെത്തുന്ന ജീവനക്കാരുടെ സുരക്ഷ പ്രധാനമാണ്‌ എന്നതുകൊണ്ടാണ്‌ പൊതുവിൽ മറ്റിടങ്ങളിലില്ലാത്തവിധം ആന്റിജെൻ ടെസ്റ്റ്‌ നടത്താൻ തീരുമാനിച്ചത്‌. ഇത്‌ പ്രകീർത്തിക്കുന്നതിന്‌ പകരം, ഇതിനേയും തെറ്റായി പ്രചരിപ്പിക്കാനുള്ള വിഷയമാക്കുന്നവരുടെ ഗൂഢലക്ഷ്യം എന്തെന്ന് മനസ്സിലാവുന്നില്ല.

പരിയാരത്ത്‌ കോവിഡ്‌, കോവിഡേതര രോഗികളെ ചികിത്സിക്കാൻ പ്രത്യേക സംവിധാനം നിലവിലുണ്ട്‌. ഇതിൽ കോവിഡേതര വിഭാഗത്തിൽ, കോവിഡ്‌ പോസിറ്റീവായ ഒരു രോഗി എത്തിയതോടെ, ജീവനക്കാരുടെ സുരക്ഷ മുൻ നിർത്തി ചെയ്ത ടെസ്റ്റിൽ ഇന്നൊരു ജീവനക്കാരനും കോവിഡ്‌ പോസിറ്റീവ്‌ ആയിട്ടില്ല. ഗുരുതരാവസ്ഥയിലെത്തിയ ആ രോഗിയുമായി നേരിട്ടിടപഴകിയ 4 ഡോക്ടർമാർക്കും 2 നേഴ്സുമാർക്കും അസുഖം കണ്ടെത്തിയിരുന്നു. അവരുടെ സ്ഥിതി ആശങ്കയുള്ളതുമല്ല.അക്കാര്യം കഴിഞ്ഞദിവസം വാർത്തയായതുമാണ്‌. ജീവനക്കാരിൽ ഇന്നാർക്കും പോസിറ്റീവായിട്ടില്ല എന്നിരിക്കെയാണ്‌ 110 പേർക്ക്‌ ആന്റിജെൻ ടെസ്റ്റ്‌ നടത്തിയതുവച്ച്‌ പരിയാരത്ത്‌ 100 ലേറേ പേർക്ക്‌ കോവിഡ്‌ പോസിറ്റീവ്‌ എന്ന് തെറ്റായി പ്രചരിപ്പിക്കുന്നത്‌.

ജനങ്ങളെ പരിഭ്രാന്തരാക്കാനേ ഇത്തരം തെറ്റായ പ്രചരണങ്ങൾ കാരണമാവൂ എന്നത്‌ തിരിച്ചറിയണം. കോവിഡ്‌ അതിവ്യാപനകാലത്ത്‌ കൂടുതൽ ജാഗ്രത പുലർത്തുന്നതിന്‌ പകരം സമൂഹത്തെ തെറ്റായ കാര്യം പ്രചരിപ്പിച്ച്‌ പരിഭ്രാന്തരാക്കുന്നത്‌ അങ്ങേയറ്റം മ്ലേച്ഛമാണ്‌.

കോവിഡ്‌- കോവിഡേതര രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കണ്ണൂർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചില നിയന്ത്രണങ്ങൾ വരുത്തിയിട്ടുണ്ട്‌. മെഡിക്കൽ കോളേജ്‌ ആശുപത്രി റഫറൽ കേന്ദ്രമാണ്‌. അതുകൊണ്ടുതന്നെ ഗുരുതരാവസ്ഥയിലുള്ള രോഗികളെ മാത്രമേ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ അയക്കാവൂ എന്ന നിർദ്ദേശം ജില്ലാകളക്ടർ മുമ്പാകെ വച്ചിരുന്നു. ഈ കോവിഡ്‌ കാലത്ത്‌ അനാവശ്യ യാത്ര ഒഴിവാക്കി പരമാവധി അടുത്തുള്ള ആശുപത്രികളിൽ ചികിത്സ തേടുന്നതിനും മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികൾ കോവിഡേതര വിഭാഗത്തിലും അധികരിക്കുന്നതുമായ സാഹചര്യത്തിലാണ്‌ ഇങ്ങനെയൊരു നിർദ്ദേശം മുന്നോട്ടുവെച്ചത്‌. ഇതും തെറ്റിദ്ധരിപ്പിക്കാൻ ഉപയോഗിച്ചു.

ആരോഗ്യപ്രവർത്തകരും പോലീസും മാത്രമല്ല, സമൂഹമാകെ ജാഗ്രതയോടെ സമീപിച്ചാലേ കോവിഡ്‌ മഹാമാരിയെ തുരത്താൻ സാധിക്കുകയുള്ളൂ. മെഡിക്കൽ കോളേജിൽ ഒന്ന് വിളിച്ചു ചോദിച്ചാൽ യാഥാർത്ഥ്യം അറിയാമെന്നിരിക്കെ, തെറ്റിദ്ധാരണ പടർത്താൻ ശ്രമിച്ചത്‌ ബോധപൂർവ്വമാണെന്ന് കരുതണം. പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന ജീവനക്കാരുടെ മനോവീര്യം തകർക്കാനും അവരുടെ കുടുംബത്തെ ആശങ്കയിൽ തള്ളിവിടാനുമായി ഇത്തരത്തിൽ തെറ്റിദ്ധാരണപരത്തുന്നവർ തീർച്ചയായും സാമൂഹ്യവിരുദ്ധ മനസ്സിന്റെ ഉടമകളായിരിക്കണം. ഇത്തരക്കാരുടെ ഉദ്ദേശ്യശുദ്ധി തിരിച്ചറിഞ്ഞ്‌, സമൂഹത്തെ പരിഭ്രാന്തരാക്കുന്ന തെറ്റായ പ്രചരണം തള്ളിക്കളയണമെന്നും മെഡിക്കൽ സൂപ്രണ്ട്‌ ഡോ കെ സുദീപും പ്രിൻസിപ്പാൾ ഡോ കെ എം കുര്യാക്കോസും വാർത്താക്കുറിപ്പിൽ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: