ഓണവിപണി ലക്ഷ്യമിട്ട് ഖാദി സർവേ തുടങ്ങിഡോക്ടർമാരും നഴ്സുമാരും ഖാദി കോട്ട് ധരിക്കണമെന്ന ദേശീയ മെഡിക്കൽ മിഷൻ നിർദേശം മുൻനിർത്തി സംസ്ഥാന സർക്കാറിന് അപേക്ഷ നൽകിയതായി ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ പറഞ്ഞു. നിർദേശം നടപ്പായാൽ വലിയ വിപണിയാണ് കേരളത്തിൽ ഖാദിക്ക് ലഭിക്കുക. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് നടപ്പിലാക്കുന്ന ഖാദി സർവേ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖരറിൽനിന്ന് വിവരം ശേഖരിച്ചായിരുന്നു സർവേ ഉദ്ഘാടനം. പരുക്കൻ തുണിയാണ്  ഖാദിയെന്ന പരമ്പരാഗത ധാരണ മാറ്റുക, വിപണിയുടെ ആവശ്യങ്ങൾ മനസിലാക്കുക, ഖാദി നവീകരിക്കുന്നത് സംബന്ധിച്ച് പൊതുജനാഭിപ്രായമാരായുക തുടങ്ങിയവയാണ് സർവേയുടെ ലക്ഷ്യം. ഓണം ഖാദിമേളയുടെ പ്രചാരണത്തിന്റെ ഭാഗമായി സർക്കാർ, അർധസർക്കാർ, സഹകരണ മേഖല എന്നിവിടങ്ങളിലെ ജീവനക്കാരിൽനിന്നാണ് സർവേ വഴി വിവരങ്ങളാരായുക. നവീകരണത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന വസ്ത്രങ്ങൾ നിർമ്മിക്കാൻ ഖാദി ബോർഡ് തീരുമാനിച്ചതായും പി ജയരാജൻ അറിയിച്ചു.കലക്ടറുടെ ചേംബറിൽ നടന്ന പരിപാടിയിൽ എ ഡി എം കെ കെ ദിവാകരൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പദ്മനാഭൻ, ഖാദി ബോർഡ് ഡയറക്ടർ ടി സി മാധവൻ നമ്പൂതിരി, പ്രൊജക്റ്റ് ഓഫീസർ ഐ കെ അജിത്കുമാർ, വില്ലേജ് ഇൻഡസ്ട്രീസ് ഓഫീസർ കെ വി ഫാറൂഖ്,  മറ്റുദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ആഗസ്ത് രണ്ട് മുതൽ സപ്തംബർ 7 വരെയാണ് ഖാദി ഓണം മേള നടക്കുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: