29ാം മൈൽ വെള്ളച്ചാട്ടത്തിന് പുതുമോടി
അഞ്ച് ലോഡ് മാലിന്യം നീക്കി; ഇനിയിവിടെ ചെണ്ടുമല്ലി പൂക്കൾ വിരിയും


കണിച്ചാർ ഗ്രാമപഞ്ചായത്തിലെ ഏലപ്പീടിക 29ാം മൈൽ വെള്ളച്ചാട്ടം കാണാൻ ഇനി സഞ്ചാരികൾക്ക് മൂക്കുപൊത്താതെ വരാം. വെള്ളച്ചാട്ടത്തിനു സമീപം തള്ളിയ മാലിന്യങ്ങൾ നീക്കം ചെയ്തു. വിനോദസഞ്ചാരികൾക്കായി ഇവിടെയിനി ചെണ്ടുമല്ലി പൂക്കൾ വിരിയും. ജില്ലാപഞ്ചായത്തിന്റെയും കണിച്ചാർ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ചെണ്ടുമല്ലി തൈകൾ വെച്ച് പിടിപ്പിക്കുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം ജൂൺ 23ന് രാവിലെ 10ന് നടക്കും.കണ്ണൂർ-വയനാട് റൂട്ടിലെ പ്രധാന വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് 29ാം മൈൽ വെള്ളച്ചാട്ടം. എന്നാൽ ഇവിടെ മാലിന്യം തള്ളുന്നത് പതിവായതോടെ ദുർഗന്ധം കാരണം സഞ്ചാരികൾ വരാതെയായി. ഇതോടെയാണ് പഞ്ചായത്ത് നടപടിയുമായി രംഗത്ത് വന്നത്. ‘തെളിനീരൊഴുകും നവകേരളം’ പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രദേശത്ത് നിന്നും അഞ്ച് ലോഡ് മാലിന്യം നീക്കി. ഹരിത കർമസേന, വിവിധ ക്ലബുകൾ, യുവജന സംഘടനകൾ, വനംവകുപ്പ്് അധികൃതർ, എസ് പി സി കേഡറ്റുകൾ, എൻ എസ് എസ് വളിയർമാർ തുടങ്ങിയവരാണ് ശുചീകരണത്തിനായി കൈകോർത്തത്. ശേഖരിച്ച മാലിന്യം ക്ലീൻ കേരള കമ്പനിക്ക് കൈമാറി. ഇനി ഇവിടെ അഞ്ഞൂറോളം ചെണ്ടുമല്ലി തൈകളാണ് വെച്ചുപിടിപ്പിക്കുക. മാലിന്യം തള്ളുന്നതിന് തടയിടാനും സൗന്ദര്യവത്കരണത്തിന്റെയും ഭാഗമായാണ് തൈകൾ വെച്ചുപിടിപ്പിക്കുന്നത്. പരിപാലന ചുമതല പഞ്ചായത്ത് ഏറ്റെടുക്കും. ശുചീകരണത്തിന് ഒന്നര ലക്ഷം രൂപ ചെലവായതായി പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യൻ പറഞ്ഞു. മാലിന്യം വെള്ളച്ചാട്ടത്തിനു സമീപത്തെ മിനി എം സി എഫിലോ ബോട്ടിൽ ബൂത്തിലോ നിക്ഷേപിക്കണം. ഇത് പാലിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കും. നിലവിൽ മൂന്നുപേർക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. പ്രദേശത്ത് സിസിടിവി ക്യാമറ സ്ഥാപിക്കുമെന്നും പ്രസിഡണ്ട് പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: