രക്ഷിതാക്കള്‍ക്കായി ഡയറ്റിന്റെ വീടാണ് വിദ്യാലയം പരിശീലന പദ്ധതി

കൊവിഡ് പശ്ചാത്തലത്തില്‍ വിദ്യാലയ പഠന പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനായി തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ മുഴുവന്‍ രക്ഷിതാക്കള്‍ക്കുമായി കണ്ണൂര്‍ ഡയറ്റ് സംഘടിപ്പിച്ച പരിശീലന പരിപാടി വീടാണ് വിദ്യാലയം 2.0 ന്റെ ജില്ലാ തല ഉദ്ഘാടനം മട്ടന്നൂര്‍ യു പി സ്‌കൂളില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു നിര്‍വ്വഹിച്ചു.
കഴിഞ്ഞ വര്‍ഷത്തെ ഡിജിറ്റല്‍ ക്ലാസുകള്‍ സംബന്ധിച്ച് ഡയറ്റ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ പരിശീലന പരിപാടി ആവിഷ്‌കരിച്ചത്. രക്ഷിതാക്കളും കുട്ടികളും അനുഭവിക്കുന്ന പഠന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് എങ്ങനെയെന്ന് വിശദമാക്കുകയാണ് പരിശീലനത്തിലൂടെ ചെയ്യുന്നത്.
ഉപജില്ലാ തലത്തിലും പഞ്ചായത്ത് തലത്തിലും സ്‌കൂള്‍ തലത്തിലുമുള്ള പരിശീലനം ജൂണ്‍ 30നകം പൂര്‍ത്തിയാക്കും.
ഡയറ്റ് സീനിയര്‍ ലക്ചര്‍ ഡോ കെ പി ഗോപിനാഥന്‍, ഡോ കെ പി രാജേഷ്, കെ ബീന, ലക്ചര്‍ ഇ വി സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ 30 എസ് ആര്‍ജിമാര്‍ക്കും വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കുമാണ് ജില്ലാതല പരിശീലനം നല്‍കുന്നത്. തുടര്‍ന്ന് ഇവരുടെ നേതൃത്വത്തില്‍ ഉപജില്ലയിലെ പ്രഥമാധ്യാപകര്‍, ബിആര്‍സി അംഗങ്ങള്‍, സ്‌കൂള്‍ എസ്ആര്‍ജി അംഗങ്ങള്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കും. ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങള്‍, എ ഇ ഒ മാര്‍, ബി ആര്‍ സി ട്രെയ്‌നര്‍മാര്‍, സി ആര്‍ സി സിമാര്‍ എന്നിവര്‍ ഉപജില്ലയിലെ പരിശീലനത്തിന് നേതൃത്വം നല്‍കും. മുഴുവന്‍ വിദ്യാലയങ്ങളിലേയും അധ്യാപകര്‍ക്ക് സ്‌കൂള്‍ തലത്തില്‍ പരിശീലനം നല്‍കിയതിന് ശേഷമാകും രക്ഷിതാക്കള്‍ക്കുള്ള പരിശീലനം ആരംഭിക്കുക. ജില്ലയിലെ പൊതുവിദ്യാലയങ്ങളിലുള്ള ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള എല്ലാ കുട്ടികളുടെയും രക്ഷിതാക്കള്‍ക്ക് പരിശീലനം ലഭിക്കും. ഡിജിറ്റല്‍ ക്ലാസുകള്‍ പൂര്‍ണ്ണ സജ്ജമാകുന്നതോടൊപ്പം രക്ഷിതാക്കളെയും സജ്ജരാക്കുകയാണ് ലക്ഷ്യം.
പരിപാടിയില്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ മനോജ് മണിയൂര്‍ അധ്യക്ഷനായി. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ കെ വിനോദ് കുമാര്‍, മട്ടന്നൂര്‍ എഇഒ വി വി ബാബു, ഹയര്‍ സെക്കണ്ടറി ആര്‍ ഡി ഡി പി എന്‍ ശിവന്‍, വി എച്ച് എസ് സി എഡി സെല്‍വമണി, എസ് എസ് കെ ഡിപിസി ടി അശോകന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോഡിനേറ്റര്‍ പി വി പ്രദീപന്‍, കൈറ്റ് കോഡിനേറ്റര്‍ സുപ്രിയ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: