2019ല്‍ മൂന്നൂറിലധികം സീറ്റുകള്‍ നേടുമെന്ന് ബിജെപി

ന്യൂഡല്‍ഹി: 2019ല്‍ ബിജെപി മുന്നൂറിലധികം സീറ്റുകള്‍ നേടി അധികാരം

നിലനിര്‍ത്തുമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍. ഇന്ത്യയുടെ ഭാവി മികച്ചതാക്കുന്നതിനു വേണ്ടി സുതാര്യവും സത്യസന്ധവുമായ ഭരണമാണ് ബിജെപി സര്‍ക്കാര്‍ കാഴ്ച്ചവച്ചിട്ടുള്ളതെന്നും അദ്ദേഹം അവകാശപ്പെട്ടു.
യു.കെ-ഇന്ത്യ ലീഡര്‍ഷിപ് കോണ്‍ക്ലേവില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കവേയാണ് പീയൂഷ് ഗോയല്‍ ബിജെപിയുടെ വിജയം സംബന്ധിച്ച്‌ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ‘എടുത്തുചാടിയുള്ള അഭിപ്രായപ്രകടനം നടത്തുകയല്ല. പക്ഷേ, ജനങ്ങളില്‍ എനിക്കുള്ള പൂര്‍ണവിശ്വാസം കൊണ്ടാണ് ഞാനിത് പറയുന്നത്. 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപി 300ലധികം സീറ്റുകളില്‍ വിജയിക്കും. സഖ്യകക്ഷികളുമായി ചേര്‍ന്ന് ഭരണം നേടുകയും ചെയ്യും’. ഗോയല്‍ പറഞ്ഞു.
രണ്ടക്ക വളര്‍ച്ചാ നിരക്ക് നേടുകയെന്നത് ഇന്ത്യയെ സംബന്ധിച്ച്‌ അസാധ്യമായ കാര്യമല്ലെന്നും പീയുഷ് ഗോയല്‍ അഭിപ്രായപ്പെട്ടു. ജനസംഖ്യാ അനുപാതത്തിന്റെയും മധ്യവര്‍ഗജനതയുടെ അഭിവൃദ്ധിയുടെയും കണക്കുകള്‍ നിരത്തിയായിരുന്നു ഗോയലിന്റെ പ്രസംഗം. ബിജെപി സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കുന്ന അടിസ്ഥാനസൗകര്യവികസനം രാജ്യത്തിന്റെ സാമ്ബത്തിക വളര്‍ച്ചാ നിരക്ക് രണ്ടക്കത്തിലെത്തിക്കുന്നതിന് പ്രാപ്തമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ആഗോളനിക്ഷേപകര്‍ക്ക് പ്രിയപ്പെട്ടതായിക്കൊണ്ടിരിക്കുകയാണ്. ആഗോളരംഗത്ത് നിലവിലേതു പോലെ സ്വീകാര്യമായ രീതിയിലേക്ക് ഇതിനുമുമ്ബൊരിക്കലും ഇന്ത്യ എത്തിയിട്ടില്ലെന്നും പീയുഷ് ഗോയല്‍ അഭിപ്രായപ്പെട്ടു.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading