കേന്ദ്ര സർവകലാശാലയിലെ അധ്യാപകനെതിരായ പ്രതികാര നടപടി പിൻവലിക്കുക: ഡോ:വി. ശിവദാസൻ എംപി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നൽകി.

ആർ എസ് എസ് – ബിജെപി രാഷ്ട്രീയത്തെ ക്ലാസ്സ്‌ മുറിയിൽ വിമർശനാത്മകമായി വിലയിരുത്തി എന്ന ‘കുറ്റത്തിനു’, കേന്ദ്രസർവകലാശാല അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ ഗിൽബർട്ട് സെബാസ്റ്റ്യനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണം എന്നാവശ്യപ്പെട്ട് ഡോ:വി. ശിവദാസൻ എംപി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പോഖ്രിയാലിന് കത്ത് നൽകി.

ഇന്ത്യയിലെ ആർ എസ് എസ് രാഷ്ട്രീയം പ്രോട്ടോ ഫാഷിസ്റ് സ്വഭാവം ഉള്ളതാണോ എന്ന ചോദ്യം ഉയർത്തിയതാണ് ഗിൽബർട്ടിന്റെ സസ്പെന്ഷന് വഴി തെളിച്ചത്. ഒരു അദ്ധ്യാപകൻ തന്റെ വീക്ഷണകോണിൽ നിന്ന് വിദ്യാർത്ഥികളോട് സംവദിച്ചതിന് സസ്പെൻഷൻ പോലുള്ള നടപടി സ്വീകരിക്കുന്നത് സ്വതന്ത്ര ചിന്തയെയും വിമർശനത്തെയും നിശബ്ദമാക്കുന്നതിന് തുല്യമാണ്. ക്ലാസ് റൂമുകൾ തുറന്ന ചർച്ചയ്ക്കുള്ള ഒരു ഇടമായിരിക്കണം. എങ്കിൽ മാത്രമേ അവിടെ വൈവിധ്യമാർന്ന ആശയങ്ങൾ വേരുറപ്പിക്കുകയുള്ളു.
ഫാഷിസ്റ് ആണോ എന്ന് സംശയം ഉന്നയിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്ത് തങ്ങളുടെ ഫാഷിസ്റ് സ്വഭാവം ഒരിക്കൽ കൂടി തെളിയിക്കുകയാണ് ഇതിലൂടെ സംഘപരിവാർ ചെയ്തിരിക്കുന്നത്.

ഡോ. ഗിൽ‌ബർട്ട് സെബാസ്റ്റ്യനെ സസ്‌പെൻഡ് ചെയ്തത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ബിജെപി ഭരണത്തിൻ കീഴിൽ അക്കാദമിക് സ്ഥാപനങ്ങൾക്കും അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമെതിരെ പലപ്പോഴായി വിവിധ രൂപങ്ങളിൽ നടന്ന ആക്രമണങ്ങളുടെ ഒരു തുടർച്ചയായി മാത്രമേ ഈ നടപടിയെയും കാണാൻ കഴിയൂ. താൻ നിരീക്ഷിക്കപ്പെടുന്നുണ്ട് എന്ന ഭീതി സൃഷ്ടിച്ചു എല്ലാ വ്യത്യസ്തശബ്‍ദങ്ങളെയും ഇല്ലാതാക്കുക എന്ന തന്ത്രമാണ് ഇവിടെ പയറ്റുന്നത്.

അക്കാഡമിക സ്വാതന്ത്ര്യത്തിന്റെ കടക്കൽ കത്തി വെക്കുന്ന ഈ നടപടി പിൻവലിച്ച് അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ ഗിൽബർട്ട് സെബാസ്റ്റ്യനെ എത്രയും വേഗം സർവീസിൽ തിരിച്ചെടുക്കണമെന്നും രാജ്യത്തെ സർവകലാശാലകളെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും തകർക്കാൻ ലക്ഷ്യം വെച്ച് അക്കാദമിക് സ്വാതന്ത്ര്യത്തിനുമേൽ നടക്കുന്ന കടന്നുകയറ്റങ്ങൾ അവസാനിപ്പിക്കണം എന്നും കത്തിൽ ആവശ്യപ്പെട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: