കൊവിഡ് വാക്‌സിനേഷന്‍:  ഇനി മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍  മാത്രം

കൊവിഡ് വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ ഇനി മുതല്‍ ഓണ്‍ലൈന്‍ വഴി മാത്രമായിരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കില്ല. വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലുണ്ടാകുന്ന അനിയന്ത്രിതമായ തിരക്ക് ഒഴിവാക്കുന്നതിനും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനുമായാണ് ഈ തീരുമാനം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തി വാക്‌സിനേഷന്‍ കേന്ദ്രവും തീയതിയും ഷെഡ്യൂള്‍ ചെയ്തതിന് ശേഷം  മാത്രമേ  അതാത് കേന്ദ്രങ്ങളില്‍ എത്താവൂ.
കോവിന്‍ (https://www.cowin.gov.in) എന്ന വെബ്‌സൈറ്റോ ആരോഗ്യ സേതു ആപ്പോ വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്താണ് വാക്‌സിന്‍ സ്വീകരിക്കേണ്ടത്.  www.cowin.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് Register Yourself എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത്  മൊബൈല്‍ നമ്പര്‍ നല്‍കി, Get OTP ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് മൊബൈലിലെ ഒ ടി പി നല്‍കുക. ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖയിലെ നമ്പറും വ്യക്തിഗത വിവരങ്ങളും നല്‍കി യ ശേഷം രജിസ്റ്റേര്‍ഡ് എന്ന സന്ദേശം ലഭിക്കും. തുടര്‍ന്ന് ഷെഡ്യൂളിംഗ് എന്ന ഓപ്ഷനില്‍ ലഭ്യമാകുന്ന വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ സൗകര്യപ്രദമായത് തെരഞ്ഞെടുക്കുക
ഒന്നാമത്തെയും രണ്ടാമത്തെയും ഡോസിന് ഇത് ബാധകമാണ്. ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് കുടുംബത്തിലെ നാല് പേരെ രജിസ്റ്റര്‍ ചെയ്യാം. ഓരോരുത്തരും അവരവരുടെ തിരിച്ചറിയല്‍ രേഖ വിവരങ്ങള്‍ നല്‍കണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യുന്നതിന് പഞ്ചായത്ത് തലത്തില്‍ അക്ഷയ കേന്ദ്രങ്ങളുടെയോ സന്നദ്ധ സംഘടനകളുടെയോ സഹായം തേടാം.
പൊതുജനങ്ങള്‍  കൂട്ടംകൂടാതെയും  സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച കൊവിഡ് മാനദണ്ഡങ്ങളും  ജീവനക്കാരുടെ നിര്‍ദേശങ്ങളും പാലിച്ച്  വേണം  വാക്‌സിന്‍   സ്വീകരിക്കാന്‍  എത്തേണ്ടത്. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ പോകുമ്പോള്‍ ആധാര്‍ കാര്‍ഡും രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ നമ്പറും കരുതണം. ആധാര്‍ ഇല്ലെങ്കില്‍ മറ്റ് അംഗീകൃത ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡ് കരുതണം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: