ബസ് ജീവനക്കാര്‍ ആക്രമിച്ചെന്നു സമ്മതിച്ച്‌ കല്ലട ; തിരികെയും ആക്രമിച്ചെന്ന് ആരോപണം

തിരുവനന്തപുരം: യാത്രക്കാരെ ബസ് ജീവനക്കാര്‍ ആക്രമിച്ചെന്ന ആരോപണം സമ്മതിച്ച്‌ സുരേഷ് കല്ലട. വൈറ്റിലയില്‍ നടന്ന ആക്രമണത്തില്‍ ഖേദം പ്രകടിപ്പിച്ച കല്ലട ട്രാവല്‍സ് വൈറ്റിലയില്‍ യാത്രക്കാരെ ആക്രമിച്ച ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതായും അറിയിച്ചു. തങ്ങളുടെ ജീവനക്കാര്‍ക്ക് നേരെയും ആക്രമണമുണ്ടായെന്നും കല്ലട ട്രാവല്‍സ് വിശദീകരണക്കുറിപ്പ് ഇറക്കി.
സംഭവത്തില്‍ സുരേഷ് കല്ലട ബസ് സര്‍വ്വീസിലെ 2 ജീവനക്കാരെ അറസ്റ്റ് ചെയ്തിരുന്നു. ബസ് പിടിച്ചെടുത്ത പൊലീസ് , ബസ് ഉടമയായ സുരേഷ് കല്ലടയോട് അടുത്ത ദിവസം തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിടുണ്ട്. സമൂഹ മാധ്യമങ്ങളിലെ ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച്‌ കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കാനാണ് തീരുമാനം.

ഇന്നലെ ബംഗളൂരുവിലേക്കുള്ള യാത്രക്കിടെ ബസ് കേടായതിനെ തുടര്‍ന്ന് ബദല്‍ സംവിധാനം ആവശ്യപ്പെട്ട് തര്‍ക്കിച്ച യാത്രക്കാരെ വൈറ്റിലയില്‍ വെച്ച്‌ ബസ് ജീവനക്കാര്‍ മര്‍ദിച്ചുവെന്നായിരുന്നു പരാതി. തിരുവനന്തപുരം സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മരട് പൊലീസാണ് കേസെടുത്തത്. ബസിലെ യാത്രക്കാരിലൊരാള്‍ അക്രമദൃശ്യം പുറത്തുവിട്ടതോടെ കല്ലട ബസില്‍ നിന്നും ദുരനുഭവം നേരിട്ടെന്ന ആരോപണവുമായി കൂടുതല്‍ പേര്‍ രംഗത്തെത്തിയിരുന്നു.
സംഭവത്തില്‍ ഉടന്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് ഡി.ജി.പി പറഞ്ഞിരുന്നു. കല്ലടയുടെ തിരുവനന്തപുരം ഓഫീസിലെ ജീവനക്കാരെ പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി വിവരങ്ങള്‍ തേടിയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: