സംസ്ഥാനത്ത് ആയിരക്കണക്കിന് ഇരട്ടവോട്ട്, ചെന്നിത്തലയുടെ പരാതി ശരിവെച്ച് തിരഞ്ഞെടുപ്പ് കമ്മീഷണര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരട്ട വോട്ട് സ്ഥിരീകരിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഇരട്ട വോട്ട്, കള്ളവോട്ട് തുടങ്ങിയവ സംബന്ധിച്ച് ചില രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കളില്‍ നിന്ന് പരാതി ലഭിച്ചിരുന്നു. ഇതില്‍ ജില്ലാ കളക്ടര്‍മാര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ ഒരു പരിധിവരെ വാസ്തവമാണെന്ന് തെളിഞ്ഞു. ആയിരക്കണക്കിന് വ്യാജവോട്ടുകള്‍ കണ്ടെത്തിയെന്നും ടിക്കാറാം മീണ വ്യക്തമാക്കി.

‘ഇരട്ടവോട്ട് കാലാകാലങ്ങളായുള്ള പ്രശ്‌നങ്ങളാണ്. പലസ്ഥലങ്ങളിലും ബില്‍ഒമാര്‍ നേരിട്ട് പരിശോധന നടത്താത്തതാണ് വോട്ട് ഇരട്ടിക്കലിന് കാരണം. കാസര്‍കോട് കുമാരി എന്ന പേരില്‍ അഞ്ച് കാര്‍ഡ് കണ്ടെത്തി. ഇതില്‍ നാലെണ്ണം നശിപ്പിച്ചു. സംഭവത്തിന് ഉത്തരവാദിയായ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു.’

‘പോളിങ് ബൂത്തില്‍ പാര്‍ട്ടികള്‍ പലപ്പോഴും ഇലക്ഷന്‍ ഏജന്റുകളെ കിട്ടാറില്ല. ഈ പ്രശ്‌നം പരിഹരിക്കാന്‍ പാര്‍ട്ടികള്‍ക്ക് വേണമെങ്കില്‍ വോട്ടര്‍മാരെ തന്നെ ഇലക്ഷന്‍ ഏജന്റായി നിയോഗിക്കാം. ഇരട്ടവോട്ട്, കള്ളവോട്ട് സംബന്ധിച്ച് എല്ലാ മണ്ഡലങ്ങളിലും അന്വേഷണം നടത്തും.’

കാലങ്ങളായി ഈ പ്രശ്‌നങ്ങള്‍ സംസ്ഥാനത്തുണ്ട്. വോട്ട് ഇരട്ടിപ്പ് സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ കൃത്യസമയത്ത് ആരോപണം ഉന്നയിച്ചില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറങ്ങിപ്പോയെന്നും ഇപ്പോഴാണ് ഉണര്‍ന്നതെന്നും ടിക്കറാം മീണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: