നൂറു കിണറുകൾ കുഴിച്ച് മാതൃകയായി ചപ്പാരപ്പടവിലെ തൊഴിലുറപ്പ് സ്ത്രീ തൊഴിലാളികൾ

ചപ്പാരപ്പടവ് : കുഴിച്ചുതീർത്ത കിണറുകളുടെ എണ്ണത്തിൽ സെഞ്ചുറി തികച്ച് ചപ്പാരപ്പടവ് പഞ്ചായത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകൾ. നൂറ്റൊന്നാമത്തെ കിണർ നിർമാണം തുടങ്ങി. 2020-21 വർഷത്തിൽ 18 കിണറുകളാണ് കുഴിച്ചത്. പുരുഷൻമാരെപോലെ തന്നെ സ്ത്രീകൾക്കും വഴങ്ങുന്നതാണ് ആഴങ്ങളിലിറങ്ങിയുള്ള കിണർ പണിയെന്ന് കാട്ടിത്തരികയാണ് ഇവർ.

15 കോൽ താഴ്ചവരെയുള്ള കിണറുകൾ കുഴിക്കുന്നതിനാണ് ഇപ്പോൾ അനുമതി നൽകുന്നത്. പരിചയസമ്പന്നരായ പുരുഷ തൊഴിലാളികളുടെ സഹായങ്ങളും ഉപദേശങ്ങളും സ്വീകരിക്കാറുണ്ട്. കയറുപിടിച്ച് കയറാനും ഇറങ്ങാനും ആദ്യമൊക്കെ പ്രയാസപ്പെട്ടതായി തൊഴിലാളികൾ പറഞ്ഞു. ഇതിന് പരിഹാരമായി ഏണി ഉപയോഗിച്ചു.

തൊഴിലുറപ്പിലെ മറ്റ് പണികൾ പോലെയുള്ള നടപടിക്രമങ്ങൾ കിണർ കുഴിക്കുന്നതിനും ബാധകമാണ്. സുധ, ലത, രോഹിണി, പ്രീതി, ലീല തുടങ്ങിയ തൊഴിലാളികളുടെ നേതൃത്വത്തിലാണ് നിർമാണം. അസിസ്റ്റന്റ്‌ എൻജിനീയർ അർച്ചന, ഓവർസിയർ ശ്യാമള എന്നിവരുടെ സാങ്കേതികസഹായവും തൊഴിലാളികൾക്ക് ലഭിക്കുന്നുണ്ട്.

പെരുമ്പടവ്, എരുവാട്ടി, കരിങ്കയം, തടിക്കടവ്, മണിക്കൽ, മണാട്ടി, കുട്ടിക്കരി, കരുണാപുരം തുടങ്ങിയ സ്ഥലങ്ങളിലാണ് കിണറുകൾ കുഴിച്ചത്.

അടുത്തവർഷം 20 കിണറുകൾ കൂടി കുഴിക്കുമെന്നും ഒരു കിണറിന് ഒരുലക്ഷം രൂപ ഇതിനായി നീക്കിവെച്ചിട്ടുണ്ടെന്നും പഞ്ചായത്ത് സെക്രട്ടറി എ.വി. പ്രകാശൻ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: