ആലക്കോട് മൃഗാസ്പത്രിയിൽ ഡോക്ടറും ചികിത്സയുമില്ലാ എന്ന് നാട്ടുകാരുടെ പരാതി

ആലക്കോട് : നൂറുകണക്കിനു ക്ഷീരകർഷകരും മൃഗങ്ങളെ വളർത്തുന്നവരും ആശ്രയിക്കുന്ന ആലക്കോട് മൃഗാസ്പത്രിയിൽ ഡോക്ടറും ചികിത്സയുമില്ലാതായിട്ട് ഒരുവർഷമായി.
നിരവധി ക്ഷീരസഹകരണ സംഘങ്ങളും പാൽസംഭരണകേന്ദ്രങ്ങളുമുള്ള ആലക്കോട് മേഖലയിൽ മൃഗങ്ങൾക്ക് രോഗം ബാധിച്ചാൽ ചികിത്സയ്ക്ക് സൗകര്യമില്ലാത്ത ദുഃസ്ഥിതിയാണിപ്പോൾ. ഡോക്ടറില്ലാതായ ആദ്യ ആറുമാസത്തോളം ഉദയഗിരി മൃഗാസ്പത്രിയിലെ ഡോക്ടർക്ക് അധികചുമതലയുണ്ടായിരുന്നു.
പിന്നീട് ചപ്പാരപ്പടവ് പഞ്ചായത്തിലെ പെരുമ്പടവ് മൃഗാസ്പത്രിയിലെ ഡോക്ടർക്കായി ചുമതല. വിസ്തൃതമായ മേഖലയുള്ളതിനാൽ അവിടത്തെ തിരക്കൊഴിവാക്കി ആലക്കോട് ആസ്പത്രിയിൽ വരികയെന്നത് വിഷമമാണ്.
വീട്ടിൽ വളർത്തുന്ന പട്ടി, പുച്ച, പശു, ആട് തുടങ്ങിയവയ്ക്ക് രോഗംവന്നാൽ ചികിത്സയ്ക്ക് സൗകര്യമില്ലാത്തത് കർഷകർക്ക് വലിയ ദുരിതമാകുന്നു. കാലികളെയും മറ്റും ഇൻഷൂർ ചെയ്യാനും സർട്ടിഫിക്കറ്റ് കിട്ടാനും സൗകര്യമില്ലാത്തത് ബാങ്ക് വായ്പയുൾപ്പെടെ ആനുകൂല്യങ്ങൾ കിട്ടുന്നതിന് ക്ഷീരകർഷകർക്ക് തടസ്സമാകുന്നുണ്ട്. ആലക്കോട് മൃഗാസ്പത്രിയിലേക്ക് സ്ഥിരംഡോക്ടറെ നിയമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.