വ്യാപാര സ്ഥാപനങ്ങളിലെ തിരക്ക് നിയന്ത്രിക്കണം; പെട്രോള്‍ പമ്പുകളും ഗ്യാസ് ഏജന്‍സികളും ജാഗ്രത പാലിക്കണം: കോവിഡ് അവലോകന യോഗം

കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍, ക്ലിനിക്കുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ആളുകള്‍ കൂട്ടമായെത്തുന്നത് നിയന്ത്രിക്കാന്‍ ഉടമകള്‍ സംവിധാനമേര്‍പ്പെടുത്തണമെന്ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊറോണ അവലോകന യോഗം നിര്‍ദ്ദേശിച്ചു. കോവിഡ് 19 വൈറസ് പകരാന്‍ ഇടവരുന്ന രീതിയില്‍ ഒരേ സമയം കൂടുതല്‍ ആളുകള്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കകത്ത് ഒരുമിച്ചു കൂടുന്നത് ഒഴിവാക്കണം. എസി ഒഴിവാക്കി നല്ല രീതിയില്‍ വായുസഞ്ചാരം ഉറപ്പുവരുത്തണം. സ്ഥാപനങ്ങളില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും കൈകള്‍ സോപ്പോ ഹാന്‍ഡ് വാഷോ ഉപയോഗിച്ച് കഴുകുകയോ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുകയോ ചെയ്യാന്‍ സംവിധാനമൊരുക്കണം. സന്ദര്‍ശകര്‍ ഉപയോഗിക്കുന്ന ഇരിപ്പിടങ്ങളും പെരുമാറുന്ന സ്ഥലങ്ങളും ഇടയ്ക്കിടെ അണുവിമുക്തമാക്കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു.
അതേസമയം, കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ മുഴുവന്‍ പെട്രോള്‍ പമ്പുകളും ഗ്യാസ് വിതരണ ഏജന്‍സികളും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. പെട്രോള്‍ പമ്പുകളിലെ ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും ശുചീകരണ സംവിധാനങ്ങളൊരുക്കണം. വീടുകളിലും കടകളിലും മറ്റും പാചകവാതക സിലിണ്ടറുകള്‍ എത്തിക്കുന്ന വിതരണക്കാര്‍ ആളുകളില്‍ നിന്ന് നിശ്ചിത അകലം പാലിക്കുന്നതും കൈകള്‍ കഴുകി വൃത്തിയാക്കുന്നതും ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കണം.
ജില്ലയില്‍ കൂടുതല്‍ പേരില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങളുടെ ഭാഗത്ത് നിന്ന് കൂടുതല്‍ ജാഗ്രതയും സഹകരണവും ഉണ്ടാവണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.
ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, എസ്പി യതീഷ് ചന്ദ്ര, സബ് കലക്ടര്‍മാരായ ആസിഫ് കെ യൂസഫ്, എസ് ഇലാക്യ, എഡിഎം ഇ പി മേഴ്‌സി, അസിസ്റ്റന്റ് കലക്ടര്‍ ഡോ. ഹാരിസ് റഷീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: