ട്രെയിൻ യാത്രയിലൂടെ കോവിഡ് 19 പകരുന്നത് തടയാൻ കടുത്ത നടപടികളിലേക്ക് റെയിൽവേ; 25 വരെ ട്രെയിൻ ഗതാഗതം നിർത്തിവച്ചേക്കും

കൊച്ചി∙ രാജ്യത്തെ ട്രെയിൻ ഗതാഗതം 25 വരെ നിർത്തി വയ്ക്കാൻ സാധ്യത. റെയിൽവേ ബോർഡ് ചെയർമാൻ വി.കെ.യാദവ് സോണൽ ജനറൽ മാനേജർമാരുമായി നടത്തിയ വിഡിയോ കോൺഫറൻസിങ്ങിലാണു ഇതു സംബന്ധിച്ചു ധാരണയിലെത്തിയത്. നിലവിലുള്ള ട്രെയിൻ ഗതാഗത നിയന്ത്രണം ഇന്ന് രാത്രി 10ന് തീരുന്ന മുറയ്ക്കു അടുത്ത 72 മണിക്കൂർ ട്രെയിൻ സർവീസുകൾ പൂർണമായും നിർത്തി വയ്ക്കാനാണു ഉദ്ദേശിക്കുന്നത്.

ഇന്ന് രാത്രി 12ന് ശേഷം സർവീസുകളൊന്നും ആരംഭിക്കാൻ പാടില്ല. നിലവിൽ ഒാടിക്കൊണ്ടിരിക്കുന്ന ട്രെയിനുകൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കഴിഞ്ഞാൽ സർവീസ് അവസാനിപ്പിക്കും. റെയിൽവേ മന്ത്രി അനുമതി നൽകുന്ന മുറയ്ക്കു ഇതു സംബന്ധിച്ച ഉത്തരവിറങ്ങുമെന്നാണു സൂചന. ഈ നിയന്ത്രണം 25ന് ശേഷവും തുടരാനുള്ള സാധ്യതയുണ്ട്.

ട്രെയിൻ യാത്രയിലൂടെ കോവിഡ് 19 പകരുന്നത് ഒഴിവാക്കാനാണു കടുത്ത നടപടികളിലേക്കു റെയിൽവേ നീങ്ങുന്നത്. ഘട്ടം ഘട്ടമായി റെയിൽവേ സ്റ്റേഷനുകൾ ഒഴിപ്പിക്കാനും നിർദേശം നൽകും. ജനത കർഫ്യു പ്രഖ്യാപിച്ചിരിക്കുന്ന ഇന്നു നാനൂറോളം ട്രെയിനുകൾ മാത്രമാണു രാജ്യത്തു സർവീസ് നടത്തുന്നത്.

ജാർഖണ്ഡ്, ബംഗാൾ സർക്കാരുകൾ തങ്ങളുടെ സംസ്ഥാനങ്ങളിലേക്കുള്ള എല്ലാ ട്രെയിൻ സർവീസുകളും അടിയന്തരമായി നിർത്തി വയ്ക്കണമെന്നു റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുംബൈ–ജബൽപൂർ ഗോൾഡൻ എക്സ്പ്രസിലെ 4 യാത്രക്കാർക്കും ആന്ധ്ര സമ്പർക്ക് ക്രാന്തി എക്സ്പ്രസിലെ 8 പേർക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു.

ചികിൽസയിലുണ്ടായിരുന്ന രണ്ടു പേർ ബെംഗളൂരു–ഡൽഹി രാജധാനിയിൽ യാത്ര ചെയ്യുകയും ചെയ്തു. ഈ സാഹചര്യത്തിൽ ജനങ്ങൾ കഴിവതും ട്രെയിൻ യാത്ര ഒഴിവാക്കണമെന്നും ട്രെയിനുകളിലൂടെ കോവിഡ് 19 രോഗം പടരുന്ന സാഹചര്യം ഒഴിവാക്കണമെന്നും റെയിൽവേ അഭ്യർഥിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: