വെമ്പടി കോളനിയിലുള്ളവർക്ക് ആശ്വസിക്കാം; കുടിവെള്ളം ഇനി വീട്ടിലെത്തും

വെമ്പടി എസ് ടി കോളനിയിലുള്ളവർ വർഷങ്ങളായി അനുഭവിക്കുന്ന കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുന്നു. മാലൂർ ഗ്രാമപഞ്ചായത്ത് കോളനിയിൽ നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി അന്തിമഘട്ടത്തിലെത്തി.
കോളനിയിലെ ഏഴ് കുടുംബങ്ങൾക്കായി കുഴൽ കിണർ നിർമിച്ചു കഴിഞ്ഞു. പൈപ്പ് ഇടലും ടാങ്ക് നിർമാണവും പുരോഗമിക്കുകയാണ്. ഇതു പൂർത്തിയായി വൈദ്യുതി കണക്ഷൻ കൂടി ലഭിച്ചാൽ കുടുവെള്ളം വീടുകളിലെത്തും.
പഞ്ചായത്തിന്റെ 2019-20 വാർഷിക പദ്ധതിയിൽ എസ് ടി വിഭാഗത്തിനായി നീക്കി വെച്ച ഫണ്ടിൽ നിന്നും 5.16 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വർഷങ്ങളായി പ്രദേശത്ത് കുടിവെള്ള പ്രശ്നമുണ്ട്. രണ്ടു ദിവസം കൂടുമ്പോൾ വെള്ളവുമായി എത്തുന്ന വണ്ടിയായിരുന്നു ആശ്രയം. കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും മറ്റ് ആവശ്യങ്ങൾക്കുമായി ഈ വെള്ളം തികയാറില്ല. 600 രൂപ വണ്ടി വാടകയും നൽകണം. കുറച്ചകലെ പഞ്ചായത്തിന്റെ പൊതു കിണർ ഉണ്ടെങ്കിലും വേനൽക്കാലത്ത് അതും വറ്റി വരളും. പദ്ധതി യാഥാർഥ്യമാകുന്നതോടെ ഇതിനെല്ലാമാണ് പരിഹാരമാകുക. മാലൂർ പഞ്ചായത്ത് പ്രസിഡണ്ട് വി ഹൈമാവതി സ്ഥലം സന്ദർശിച്ച് നിർമ്മാണ പ്രവൃത്തി വിലയിരുത്തി.