വില്ലേജ് ഹട്ട് ഇനി അഴീക്കോടിനു സ്വന്തം

കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് വില്ലേജ് ഹട്ട് അഴീക്കോട് ഗ്രാമപഞ്ചായത്തിനു വിട്ടുനൽകി. ഇക്കഴിഞ്ഞ പഞ്ചായത്ത് ദിനാഘോഷത്തിനിടെയാണ് വില്ലേജ് ഹട്ട് അഴീക്കോടിനു വിട്ടുനൽകിയത്. 2009ൽ എസ് ജി എസ് വൈ പദ്ധതി പ്രകാരം ബ്ലോക്ക് പഞ്ചായത്ത് അഴീക്കോട് പഞ്ചായത്ത് അനുവദിച്ച പത്തൊമ്പതര സെന്റ് സ്ഥലത്താണ് കെട്ടിടം പണിതത്. എന്നാൽ ചില സാങ്കേതിക തടസം കാരണം വില്ലേജ് ഹട്ട് പ്രവർത്തിക്കാനായിരുന്നില്ല. കല്ലടത്തോട് നിർമിക്കുന്ന കെട്ടിടത്തിന്റെ ഭൂരിഭാഗം പ്രവൃത്തികളും പൂർത്തിയായി. ഇലക്ട്രിക് വർക്കുകൾ മാത്രമാണ് ബാക്കിയുള്ളത്. ഇതിന്റെ ടെണ്ടർ നടപടികളിലേക്ക് കടന്നു. ഇതിനായി 20.50 ലക്ഷം രൂപ പഞ്ചായത്ത് ഭരണസമിതി മാറ്റിവെച്ചിരുന്നു.

പ്രാദേശിക ഉൽപന്നങ്ങൾക്ക് കേന്ദ്രീകൃത വിപണി സാധ്യതമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും മാർച്ച് 31നകം കെട്ടിടം ഉദ്ഘാടനം ചെയ്യാൻ ശ്രമിക്കുമെന്നും അഴീക്കോട് പഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ് പറഞ്ഞു. കുടുംബശ്രീയേയും ചെറുകിട സംരംഭകരേയും കോർത്തിണക്കിയാകും വില്ലേജ് ഹട്ട് പ്രവർത്തിക്കുക. കുടുംബശ്രീയുടെ നേതൃത്വത്തിൽ നിരവധി സംരംഭക ഗ്രൂപ്പുകളും വ്യക്തിഗത വിഭാഗത്തിൽപെട്ട യൂനിറ്റുകളും അഴീക്കോട് പഞ്ചായത്തിൽ പ്രവർത്തിക്കുന്നുണ്ട്. ജൈവ പച്ചക്കറി, അച്ചാർ, ജാം, അരവ് മാവ്, പലഹാരങ്ങൾ തുടങ്ങിയ ഭക്ഷ്യ ഉൽപ്പന്നങ്ങളും വാഷിങ് പൗഡർ, ലോഷൻ, തുണിത്തരങ്ങൾ എന്നിവയുമാണ് വിവിധ കുടുംബശ്രീ യൂനിറ്റുകൾ ഉൽപ്പാദിപ്പിക്കുന്നത്. വില്ലേജ് ഹട്ട് യാഥാർഥ്യമായാൽ ഇവരുടെ പ്രവർത്തനം കെട്ടിടത്തിലേക്ക് മാറ്റാനാകുമെന്നാണ് പഞ്ചായത്തിന്റെ പ്രതീക്ഷ. ചെറിയ തുക മാത്രമാണ് വാടക ഇനത്തിൽ ഈടാക്കുക. ചെറുകിട കച്ചവടക്കാർക്കും മിതമായ നിരക്കിൽ മുറികൾ വാടകയ്ക്ക് നൽകും. 18 മുറികളുള്ള വില്ലേജ് ഹട്ട് ഇനി പഞ്ചായത്തിന്റെ പൂർണമായ നിയന്ത്രണത്തിലായിരിക്കും പ്രവർത്തിക്കുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: