കോവിഡ് 19 നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം ; മാക്കൂട്ടം -ചുരം പാതയിൽ നുറുകണക്കിന് യാത്രക്കാരും വാഹനങ്ങളും കുടുങ്ങി

0

ഇരിട്ടി: കർണ്ണാടക ആരോഗ്യവകുപ്പ് കേരളത്തിൽ നിന്നും കർണാടകത്തിലേക്ക് പ്രവേശിക്കുന്നതിന് കോവിഡ് 19 നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ ദുരിതത്തിലായത് അന്തർ സംസ്ഥാന യാത്രക്കാർ . തിങ്കളാഴ്ച മാക്കൂട്ടം ചുരം പാത വഴി കുടകിലേക്ക് പോകാനെത്തിയ നൂറുകണക്കിന് യാത്രക്കാരേയും വാഹനങ്ങളും മാക്കൂട്ടം ചെക്ക് പോസ്റ്റിൽ തടഞ്ഞു വെച്ചു. സർട്ടിഫിക്കറ്റ് ഇല്ലാതെ എത്തിയ വരെ തിരിച്ചയച്ചു. കർണാടക ആരോഗ്യ വകുപ്പ്, റവന്യു, പൊലീസ് എന്നിവരുടെ സംയുക്ത സംഘം മാക്കൂട്ടം വനം വകുപ്പ് ചെക്ക് പോസ്റ്റിന് സമീപം പ്രത്യേകം പന്തലുകൾ സ്ഥാപിച്ചാണ് പരിശോധന നടത്തുന്നത്. ബസുകളും ചരക്ക് ലോറികളും ഉൾപ്പെടെ ഇവിടെ പരിശോധിച്ച ശേഷം ടെസ്റ്റ് റിപ്പോർട്ട് നെഗറ്റീവ് ഉള്ള വരെ മാത്രമാണ് കടത്തി വിടുന്നത്. ഇതുമൂലം രാവിലെ ഈ പാത വഴി എത്തിയവർക്ക് മണിക്കൂറുകളോളം കാത്തുനില്‌ക്കേണ്ടി വന്നു. സർട്ടിഫിക്കറ്റ് ഇല്ലാത്ത വരെ വിടാനാവില്ലെന്ന കർശന നിലപാട് എടുത്തതിനെത്തുടർന്ന് പലരും യാത്ര പാതി വഴിയിൽ ഉപേക്ഷിച്ച് മടങ്ങി.
ആദ്യ ദിവസം എന്ന നിലയിൽ തിങ്കളാഴ്ച്ച ആർ ടി പി സി ആർ പരിശോധനാ ഫലം വേണ്ട ആന്റിജൻ പരിശോധന സർട്ടിഫിക്കറ്റ് മതി യെന്ന ഇളവ് നൽകിയിരുന്നു. വളരെ കുറച്ച് പേർക്ക് മാത്രമെ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നുള്ളു. പരിശോധനാ കേന്ദ്രത്തിൽ സൗജന്യ ആർ ടി പി സി ആർ പരിശോധന സൗകര്യം ക്രമീകരിച്ചിരുന്നു. ഇവിടെ പരിശോധന നടത്തിയാൽ രണ്ട് ദിവസം കഴിഞ്ഞ് മാത്രമാണ് റിസൾട്ട് കിട്ടുക . ഇതോടെ കർണാടകത്തിൽ നിന്ന് കേരളത്തിലേക്ക് ടാക്സി വാഹനങ്ങളിലും പൊതു ഗതാഗത വാഹനങ്ങളിലും വന്നവർക്ക് ഏറെ പ്രയാസം നേരിട്ടു. പേട്ട ഭാഗത്തു നിന്നും ടാക്സി പിടിച്ച് വന്നവരോട് ചെക്ക് പോസ്റ്റ് കടന്ന് വാഹനം പോയാൽ തിരിച്ചു വരുമ്പോൾ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന വെച്ചതോടെ യാത്രക്കാരെ പാതിവഴിയിൽ ഇറക്കി വിട്ടു. സ്ത്രീകളും കുട്ടികളും പ്രായമായവരുമെല്ലാം ഒരു കിലോമീറ്ററോളം നടന്നാണ് കേരളാ അതിർത്തിയായ കൂട്ടുപുഴയിൽ എത്തിയത്. കർണാടക ട്രാൻസ്‌പോർട്ടിന്റെ കണ്ണൂർ – മൈസൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബസും കേരളത്തിൽ നിന്ന് മടങ്ങുമ്പോൾ ചെക്ക് പോസ്റ്റിൽ പിടിച്ചിട്ടു. യാത്രക്കാർക്ക് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലും ജീവനക്കാർക്ക് ഇല്ലാത്തതായിരുന്നു കാരണം. സർട്ടിഫികറ്റ് കാര്യങ്ങൾ ക്രമീകരിച്ച ശേഷമാണ് ബസ് വിട്ടയച്ചത് .
മാക്കൂട്ടം ഉൾപ്പെടെ അതിർത്തി ചെക്ക് പോസ്റ്റുകൾ കടന്ന് കർണാടകത്തിലേക്ക് കടക്കണമെങ്കിൽ ചൊവ്വാഴ്ച്ച മുതൽ ആർടിപിസിആർ പരിശോധനയിൽ കോവിഡ് നെഗറ്റീവാണെന്ന സർട്ടിഫിക്കറ്റ് വേണം. 72 മണിക്കൂറിനുള്ളിൽ പരിശോധന നടത്തിയ സർട്ടിഫിക്കറ്റാണ് വേണ്ടതെങ്കിലും ഇരു ഭാഗത്തേക്കുമുള്ള യാത്രയ്ക്ക് ഉപയോഗിക്കാനായി 14 ദിവസം സമയ പരിധി അനുവദിച്ചിട്ടുണ്ട്. കുടക്‌ ജില്ലയിലെ മാക്കൂട്ടം, കുട്ട, സംബാജെ, കരിക്കെ എന്നിവിടങ്ങളിലാണ് അതിർത്തിയിൽ കോവിഡ് പരിശോധനയ്ക്കായി ചെക്ക് പോസ്റ്റ് തുറന്നിട്ടുള്ളത്. 24 മണിക്കൂറും പരിശോധനയുണ്ടാകും. മാക്കൂട്ടത്ത് വീരാജ്‌പേട്ട താലൂക്ക് ആശുപത്രി യിലെ ഡോ. സി.കെ. ദിപിതാ, ലാബ് ടെക്‌നിഷ്യൻ എം.ആർ. കൗശിക്, എച്ച്എസ് മമത, പി.വി. സുജാത എന്നിവരുടെ നേതൃത്വത്തിലുള്ള ആരോഗ്യ വകുപ്പ് സംഘവും വീരാജ്‌പേട്ട താലൂക്ക് റവന്യു ഇൻസ്‌പെക്ടർ സി.എ. പളങ്കപ്പ, വില്ലേജ് ഓഫിസർ കസ്തൂരി എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യു ഉദ്യോഗസ്ഥരുമാണ് പരിശോധക സംഘത്തിൽ ഉള്ളത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading