പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം സര്‍ക്കാരും ജനങ്ങളും ചേര്‍ന്ന കൂട്ടായ്മയുടെ വിജയം: മുഖ്യമന്ത്രി

ചെറുതാഴം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിട സമുച്ചയങ്ങള്‍
 നാടിന് സമര്‍പ്പിച്ചു

കേരളത്തിലെ പൊതു വിദ്യാലയങ്ങള്‍ കൈവരിച്ച മികവ് സര്‍ക്കാരും പൊതുജനങ്ങളും കൂട്ടായി പ്രവര്‍ത്തിച്ചതിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തിയ ചെറുതാഴം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ കെട്ടിട സമുച്ചയങ്ങളുടെയും സ്‌കൂള്‍ നവീകരണ പദ്ധതികളുടെയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു  അദ്ദേഹം.
ജനകീയ പങ്കാളിത്തത്തോടെയാണ് കേരളത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടത്തി വരുന്നത്. വിദ്യാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ന്ന്  മികവിന്റെ കേന്ദ്രങ്ങളായി മാറി. രാജ്യത്തെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനാവാത്ത നേട്ടങ്ങളാണ് ജനപങ്കാളിത്തത്തോടെ കേരളത്തില്‍ സാധ്യമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെയും വിവിധ ഏജന്‍സികളുടെയും സാമ്പത്തിക സഹായത്തോടെയും ജനകീയ പങ്കാളിത്തത്തോടെയുമാണ് ചെറുതാഴം ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിട സമുച്ചയങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയത്. 13 കോടി രൂപയുടെ പദ്ധതികളാണ് സ്‌കൂളില്‍ നടപ്പാക്കിയത്. കിഫ്ബി സഹായത്തോടെ അഞ്ച് കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഹയര്‍ സെക്കണ്ടറി പ്രൈമറി കെട്ടിട സമുച്ചയം മുഖ്യമന്ത്രി നേരത്തെ ഉദ്ഘാടനം ചെയ്തിരുന്നു. പ്ലാന്‍ ഫണ്ടില്‍ നിന്നും മൂന്ന് കോടി രൂപ ഉപയോഗിച്ചാണ് എച്ച് എസ് ബ്ലോക്ക് നിര്‍മ്മിച്ചത് . എം എല്‍ എ ഫണ്ട്,  ജില്ലാ പഞ്ചായത്തിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും  ഫണ്ടുകള്‍, ചെറുതാഴം സഹകരണ ബാങ്ക് നല്‍കിയ 25 ലക്ഷം രൂപ, പൂര്‍വ വിദ്യാര്‍ഥികളും രക്ഷിതാക്കളും ജനകീയ പങ്കാളിത്തത്തോടെ സമാഹരിച്ച ഒരു കോടി രൂപ എന്നിവ ഉപയോഗിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ പൂര്‍ത്തീകരിച്ചത്.
എല്ലാ ക്ലാസ് മുറികളിലും ആധുനിക ഫര്‍ണിച്ചര്‍, എല്‍ സി ഡി പ്രൊജക്ടര്‍, ലൈബ്രറി, ക്ലാസ് റൂം സൗണ്ട് സിസ്റ്റം, ശുദ്ധീകരിച്ച കുടിവെള്ള സംവിധാനം എന്നിവ സജീകരിച്ചിട്ടുണ്ട്. മികച്ച പഠന നിലവാരം പുലര്‍ത്തുന്നതിനായി കുട്ടികള്‍ക്ക് ഇന്നൊവേറ്റീവ് ലാബ്, റഫറന്‍സ് സെന്റര്‍, ലൈബ്രറി കം റിസര്‍ച്ച് സെന്റര്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. പ്രൈമറി, പ്രീ പ്രൈമറി ശിശു സൗഹൃദ ക്ലാസ് മുറികള്‍, പ്ലേ ഏരിയ എന്നിവയും ഒരുങ്ങിക്കഴിഞ്ഞു. സിഡ്‌കൊ തയ്യാറാക്കിയ ആധുനിക രീതിയിലുള്ള ഹയര്‍ സെക്കണ്ടറി ലാബ് സജ്ജീകരിക്കുന്ന പ്രവൃത്തി അന്തിമഘട്ടത്തിലാണ്. 53 ലക്ഷം രൂപ ചെലവിലാണ് നാല് വലിയ ഹാളുകളായി ഒരുക്കുന്ന ലാബ് പൂര്‍ത്തിയാവുന്നത്. 10 ലക്ഷം രൂപ ചെലവില്‍  ജിംന്യേഷ്യവും നിര്‍മ്മിക്കുന്നുണ്ട്. പ്രൈമറി ശാസ്ത്ര ലാബ്, അടുക്കള, 400 കുട്ടികള്‍ക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാന്‍ സൗകര്യമുള്ള ഡൈനിങ് ഹാള്‍ എന്നിവ പൂര്‍ത്തിയായി. കൂടാതെ നടപ്പാത, മൈതാനം, ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട് എന്നിവയുടെ ടെണ്ടര്‍ നടപടികളും പൂര്‍ത്തിയായിട്ടുണ്ട്.
ചടങ്ങില്‍ ടി വി  രാജേഷ് എംഎല്‍എ അധ്യക്ഷനായി.  കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിര്‍, ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ശ്രീധരന്‍, ജില്ലാ പഞ്ചായത്തംഗം സി പി ഷിജു, ഹയര്‍ സെക്കണ്ടറി എജുക്കേഷന്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. പി പി പ്രകാശന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍  ഡോ.സി രാമകൃഷ്ണന്‍, മാടായി ബിപിസി രാജേഷ് കടന്നപ്പള്ളി, കല്യാശേരി ബ്ലോക്ക് അസി.  എക്‌സികൂട്ടീവ് എഞ്ചിനീയര്‍ യു രാജീവന്‍, പിഡബ്ലുഡി അസി. എക്‌സി എഞ്ചിനീയര്‍ ഷൈല, ചെറുതാഴം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് സി എം വേണുഗോപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: