കനത്ത സുരക്ഷയില്‍ കെ.എ.എസ് പരീക്ഷ ഇന്ന്; ആദ്യ പരീക്ഷ എഴുതുന്നത് നാല് ലക്ഷം പേര്‍

തിരുവനന്തപുരം : കനത്ത സുരക്ഷകളോടെ കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സര്‍വീസിന്‍റെ പ്രാഥമിക പരീക്ഷ ഇന്ന് നടക്കും. മൂന്ന് സ്ട്രീമുകളിലുള്ള ഉദ്യോഗാര്‍ത്ഥികളാണ് പരീക്ഷക്കായി എത്തുക. 1535 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. 4,00,014 പേര്‍ പരീക്ഷ എഴുതുമെന്നാണ് പി.എസ്.സി പറഞ്ഞിരുന്നതെങ്കിലും ഇതുവരെ ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തത് 3,84,661 പേരാണ്.

രണ്ടു പേപ്പറുകളിലായി നടക്കുന്നതിനാല്‍ രാവിലെയും ഉച്ചക്കുമായാണ് കെ.എ.എസ് പ്രാഥമിക പരീക്ഷ സജ്ജീകരിച്ചിട്ടുള്ളത്. രാവിലെ 10 മുതല്‍ 12 വരെയും ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെയുമാണ് കെഎഎസ് പ്രാഥമിക പരീക്ഷ.

പരീക്ഷ എഴുതാനെത്തുന്നവര്‍ക്ക് ആദ്യ പരീക്ഷയ്ക്കു ശേഷം പുറത്തു പോകുന്നതിനു നിയന്ത്രണമില്ല. ഇവര്‍ ഉച്ചയ്ക്ക് 1.30നു മുന്‍പു തിരികെ എത്തിയാല്‍ മതിയാകും. രാവിലത്തെ പരീക്ഷ എഴുതാത്തവരെ ഉച്ചയ്ക്കു നടക്കുന്ന പരീക്ഷ എഴുതാന്‍ അനുവദിക്കില്ല.

പരീക്ഷാ ഹാളില്‍ വാച്ച്‌ നിരോധിച്ചതിനാല്‍ ഉദ്യോഗാര്‍ഥികള്‍ സമയമറിയാന്‍ പരീക്ഷാ കേന്ദ്രത്തിലെ ബെല്‍ ശ്രദ്ധിക്കണം. പരീക്ഷ തുടങ്ങുന്നതിനു മുന്‍പു മുതല്‍ അവസാനിക്കുന്നതു വരെ 7 തവണയാണു ബെല്ലടിക്കുക. വേനല്‍ക്കാലമായതിനാല്‍ ഹാളില്‍ ശുദ്ധജലം ലഭ്യമാക്കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്.

മൊബൈല്‍ ഫോണ്‍, വാച്ച്‌, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവ നിരോധിച്ചിരിക്കുകയാണ്. ചെറിയ ക്രമക്കേടു പോലും കണ്ടെത്തി നിയമനടപടി സ്വീകരിക്കുമെന്നതിനാല്‍ ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പുലര്‍ത്തണം.

ഉദ്യോഗാര്‍ഥികള്‍ക്കായി കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ബസ് സമയം ഉള്‍പ്പെടെ വിവരങ്ങള്‍ക്കു കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാം. ഫോണ്‍: 0471 2463799, 94470 71021.

https://chat.whatsapp.com/F9xMPeqRdEo13U8zx5AjRJ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: