ഫിഷറീസ് വകുപ്പിന്റെ നടപടി ശക്തമായപ്പോൾ ജില്ലയിൽ നിയമവിരുദ്ധ മീൻപിടിത്തം കുറഞ്

തലശ്ശേരി:ഫിഷറീസ് വകുപ്പിന്റെ നടപടി ശക്തമായപ്പോൾ ജില്ലയിൽ നിയമവിരുദ്ധ മീൻപിടിത്തം കുറഞ്ഞു. മറ്റുജില്ലകളെ അപേക്ഷിച്ച് ഇത്തരം മീൻപിടിത്തം വളരെ കുറവാണ്. രാത്രികാല ട്രോളിങ്ങും വെളിച്ചം തെളിച്ച് മീനുകളെ ആകർഷിച്ചുള്ള മീൻപിടിത്തവും നിയമവിരുദ്ധമാണ്. രണ്ടുമാസത്തിനിടെ മൂന്ന് രാത്രികാല ട്രോളിങ് മാത്രമാണ് പിടികൂടിയത്. വെളിച്ചം തെളിച്ചുള്ള മീൻപിടിത്തം തീരെയില്ല. കൃത്രിമ ആവാസവ്യവസ്ഥയുണ്ടാക്കുന്നതിനെതിരേ രണ്ടുമാസംമുമ്പ് ഫിഷറീസ് വകുപ്പ് നപടിയെടുത്തിട്ടുണ്ട്. എന്നാൽ, ഇവ മറ്റുജില്ലകളെ അപേക്ഷിച്ച് വളരെ കുറവാണ്. പുറംകടലിൽ പ്ലാസ്റ്റിക് കുപ്പികളും തെങ്ങിൻകുലച്ചിലും മറ്റും കെട്ടിയിട്ട് കൃത്രിമ ആവാസവ്യവസ്ഥയുണ്ടാക്കുന്നതാണ് ഈ രീതി. നിയമംമൂലം നിരോധിക്കപ്പെട്ട സ്രാവുകൾ, കടൽക്കുതിര, കടൽവെള്ളരി, ചിലയിനം ശംഖുകൾ എന്നിവ പിടിക്കുന്നതും തീരെയില്ല. നിശ്ചിത വലുപ്പം കുറഞ്ഞ മീനുകളെ പിടികൂടുന്ന സംഭവങ്ങളും കുറവാണ്. പിടികൂടുന്ന മീനുകളുടെ വലുപ്പം എത്രയായിരിക്കണമെന്ന് ഫിഷറീസ് വകുപ്പ് നിശ്ചയിച്ചിട്ടുണ്ട്. 10 സെന്റി മീറ്ററിൽ താഴെ വലുപ്പമുള്ള മത്തിയും 14 സെന്റിമീറ്ററിൽ താഴെ വലുപ്പമുള്ള അയലയും പിടികൂടാൻ പാടില്ല. മത്സ്യസമ്പത്തിന്റെ ചൂഷണം തടയുന്നതിന്റെ ഭാഗമായാണ് ഇവ രണ്ടും നിരോധിച്ചത്. രാപകലുള്ള നിയന്ത്രണമില്ലാത്ത മീൻപിടിത്തം മത്സ്യസമ്പത്തിനെ ബാധിക്കുന്നുവെന്ന പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനം.
2.5 ലക്ഷംവരെ പിഴ
നൂറ് കുതിരശക്തിക്ക് മുകളിലുള്ള എൻജിൻ ഘടിപ്പിച്ച ബോട്ടുകൾക്ക് 2.5 ലക്ഷം രൂപയാണ് നിയമവിരുദ്ധമായ മീൻപിടിത്തത്തിന് പിഴ ചുമത്തുന്നത്. 10 മുതൽ 100 വരെ കുതിരശക്തിയുള്ള എൻജിനുള്ളവയ്ക്ക് പിഴ ഒരുലക്ഷം രൂപയുമാണ്. ബോധവത്കരണം ശക്തമായതാണ് നിയമവിരുദ്ധ മീൻപിടിത്തം ജില്ലയിലെ മത്സ്യമേഖലയിൽ കുറയാൻ കാരണമായി ഫിഷറീസ് വകുപ്പ് അധികൃതർ കാണുന്നത്. ഒരുമാസംമുമ്പ് രാത്രിയിലെ ട്രോളിങ്ങിനിടെ പിടികൂടിയ ബോട്ട് തെക്കൻ ജില്ലയിൽനിന്നുള്ളതായിരുന്നു.