പ്രിയസുഹൃത്തിന് വിടനൽകി നാടൊന്നാകെ ഒഴുകിയെത്തി

പയ്യന്നൂർ:സനൂപിന്റെയും സുഹൃത്തുക്കളുടെയും നാട്ടിലെ പ്രധാന കേന്ദ്രമായിരുന്നു മമ്പലം കാനത്തെ ബ്രദേഴ്‌സ് ക്ലബ്ബ്. എല്ലാവരും ഒത്തുചേരുന്നതും ഇവിടെവെച്ചാണ്. കൊയമ്പത്തൂരിൽനിന്നെത്തിച്ച സനൂപിന്റെ മൃതദേഹം ആദ്യം പൊതുദർശനത്തിനെത്തിച്ചതും ഇവിടെയായിരുന്നു. കണ്ടങ്കാളി സ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ സനൂപിന്റെ ചേതനയറ്റ ശരീരം അവസാനമായി കാണാൻ സുഹൃത്തുകളും അധ്യാപകരും എത്തി.

ഒന്നിച്ചു പഠിച്ചുവളർന്ന എ.വി.അരുൺ, ഒ.കിരൺ, കെ.വി.ജിതിൻ, എ.വി.നിഖിൽ എന്നിവർക്കൊപ്പം സനൂപുമുണ്ടായിരുന്നു. അടുത്ത സുഹൃത്തുക്കളായി ജിതിനും നിഖിലും കോയമ്പത്തൂരിൽനിന്ന്‌ മൃതദേഹത്തെ അനുഗമിച്ചു. ബസ്സപകടത്തിൽ മരിച്ചവരുടെ കൂടെ സനൂപും ഉൾപ്പെട്ടിട്ടുണ്ടെന്ന് വിളിച്ചറിയച്ചത് നിഖിലായിരുന്നു. കഷ്ടപ്പാടുകളെ പ്രയത്നത്തിലൂടെ തരണം ചെയ്തായിരുന്ന സനൂപിന്റെ വളർച്ച. അതിൽ എല്ലാ കാലത്തും ഉറ്റ സുഹൃത്തുക്കളുടെ പിന്തുണയുണ്ടായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തിന് വിടനൽകാൻ കാനത്തെ ബ്രദേഴ്‌സ് ക്ലബ്ബിൽ എല്ലാവരുമെത്തി.

കാനം ബ്രദേഴ്‌സ് ക്ലബ്ബിലും വീട്ടിലും പൊതുദർശനത്തിനെത്തിച്ച മൃതദേഹത്തിൽ ഒട്ടേറെപ്പേർ ആദരാഞ്ജലികളർപ്പിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി., എം.എൽ.എ.മാരായ സി.കൃഷ്ണൻ, ടി.വി.രാജേഷ്, കളക്ടർ ടി.വി.സുഭാഷ്, നഗരസഭാ ചെയർമാൻ ശശി വട്ടക്കൊവ്വൽ, സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, ബി.ജെ.പി. സംസ്ഥാന സെൽ കോ ഓർഡിനേറ്റർ കെ.രഞ്ജിത്ത്, ടി.ഐ.മധുസൂദനൻ, സനൂപ്, ജോലിചെയ്തിരുന്ന കോണ്ടിനെന്റൽ ഗ്രൂപ്പ് പ്രതിനിധികൾ, കെ.എസ്.ആർ.ടി.സി. എം.ഡി.ക്കുവേണ്ടി പയ്യന്നൂർ ഡിപ്പോ എൻജിനീയർ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.

ഔദ്യോഗിക ചുമതലക്കാരനായി സഹപാഠി

കൊല്ലം ടി.കെ.എം. എൻജിനീയറിങ് കോളേജിൽ സനൂപിന്റെ അടുത്ത സുഹൃത്തും സഹപാഠിയുമായിരുന്നു ഒറ്റപ്പാലം സബ് കളക്ടർ അർജുൻ പാണ്ഡ്യൻ. ഒന്നിച്ച് പഠിച്ച പ്രിയസുഹൃത്തിന്റെ അന്ത്യയാത്രയ്ക്കുള്ള ഒരുക്കങ്ങളുടെ ഒൗദ്യോഗിക ചുമതല ലഭിച്ചത് അർജുനാണ്. ഉച്ചയോടെ കാനത്തെ വീട്ടിൽ സനൂപിന്റെ മൃതദേഹത്തിൽ അന്ത്യാഞ്ജലിയർപ്പിക്കാനും അദ്ദേഹമെത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: