സംസ്ഥാന മന്ത്രിസഭയുടെ ആയിരം ദിനാഘോഷം:  മെഗാ എക്‌സിബിഷനിൽ തിരക്കേറുന്നു; ഇന്ന് ഒഡീസി ഡാൻസും ഇശൽ നൈറ്റും

സംസ്ഥാന മന്ത്രിസഭയുടെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മെഗാ എക്‌സിബിഷനിൽ തിരക്കേറുന്നു. വിവിവ സർക്കാർ വകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും മിഷനുകളുടെയും സ്റ്റാളുകളാണ് എക്‌സിബിഷനിലുള്ളത്.  വൈദ്യുതി വകുപ്പ് ഒരുക്കിയ സ്റ്റാളിൽ പഴശ്ശി ഡാമിൽ പുതുതായി നിർമ്മിക്കുന്ന പവർ സ്റ്റേഷന്റെ മാതൃകയും പ്രവർത്തനവും പ്രദർശന കവാടത്തിൽ തന്നെ ഒരുക്കിയിരിക്കുന്നു. സ്റ്റാൾ സംസ്ഥാന വൈദ്യുതി ബോർഡ് ഡയറക്ടർ ഡോ  വി ശിവദാസൻ ഉദ്ഘാടനം ചെയ്തു. 

തൊഴിലും നൈപുണ്യവും വകുപ്പ് ഒരുക്കിയിരിക്കുന്ന സ്റ്റാളിൽ നിന്നും അതിഥി തൊഴിലാളികൾക്കായുള്ള ആവാസ് ഇൻഷുറൻസ് പദ്ധതിയിലേക്ക് സൗജന്യമായി രജിസ്റ്റർ ചെയ്യാം.  അതിഥി തൊഴിലാളികൾക്കായുള്ള ബയോമെട്രിക് കാർഡ് വിതരണവും സ്റ്റാളിൽ ലഭ്യമാണ്.  

കണ്ണൂരിലെ ടൂറിസത്തിന് പുത്തനുണർവേകുന്ന വയലപ്ര പാർക്ക്, പാലക്കയം തട്ട്,  ഏഴരക്കുണ്ട് എന്നിവയുടെ വിശേഷങ്ങൾ ജനങ്ങളിലെത്തിക്കുന്നതിന് ഡിടിപിസിയുടെ നേതൃത്വത്തിൽ പ്രദർശന ഹാളിൽ സ്റ്റാൾ ഒരുക്കിയിട്ടുണ്ട്.  വിനോദസഞ്ചാരകേന്ദ്രങ്ങളെ അടുത്തറിയാനും വിവരശേഖരണത്തിനും പ്രദർശന മേളയിൽ എത്തുന്നവർക്ക് സൗകര്യമുണ്ട്.  

സംസ്ഥാനത്തെ നികുതിദായകരെ ഓൺലൈൻ സംവിധാനത്തിന് കീഴിൽ കൊണ്ടുവരാനുള്ള പദ്ധതിയുടെ ഭാഗമായി രജിസ്‌ട്രേഷനും യൂസർ ഐഡി വിതരണവും റവന്യൂ ഡിപ്പാർട്ട്‌മെൻറ് സ്റ്റാളുകളിൽ ലഭ്യമാണ്.  ലൈഫ് മിഷനുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും നിർദ്ദേശങ്ങൾക്കും ലൈഫ് മിഷന്റെ സ്റ്റാളുണ്ട്. ആരോഗ്യവകുപ്പിന് കീഴിൽ ആരോഗ്യ ബോധവൽക്കരണ പ്രദർശനവും എക്‌സിബിഷന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട് . പ്രദർശനത്തിന് എത്തുന്നവർക്ക് മുണ്ടയാട് കോഴിവളർത്തൽ കേന്ദ്രത്തിൽ നിന്നുള്ള നാടൻ മുട്ടകൾ തുച്ഛമായ വിലയ്ക്ക് വാങ്ങാം. പ്രദർശനത്തോടനുബന്ധിച്ച് സ്റ്റാളുകളിൽ വിവിധ ഡിപ്പാർട്ട്‌മെന്റുകളുടെ നേതൃത്വത്തിൽ മത്സരങ്ങളും സംഘടിപ്പിക്കുന്നു. ഫെബ്രുവരി 27 വരെ രാവിലെ 10 മണിമുതൽ രാത്രി എട്ടുമണി വരെയാണ് പ്രദർശനം. ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് (ഫെബ്രു. 22) വൈകീട്ട് ആറ് മണിക്ക് ഒഡീസി ഡാൻസും രാത്രി ഏഴിന് ഇശൽ നൈറ്റും അരങ്ങേറും. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: