സുൽത്താൻ തോട് കനാലിന്റെ  നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു; ജലപാത 2020 ൽ കന്യാകുമാരി വരെയെത്തും:  മന്ത്രി കെ കൃഷ്ണൻകുട്ടി 

2020 ഓടെ ജലപാത കന്യാകുമാരി വരെ എത്തുമെന്നും കഴിഞ്ഞ ബജറ്റിൽ സർക്കാർ പദ്ധതിക്ക് വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നതെന്നും ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.  തിരുവനന്തപുരം-കാസർകോട് ജലപാതയുടെ ഭാഗമായ സുൽത്താൻ തോട് കനാലിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന അദ്ദേഹം.

ജലപാത യാഥാർഥ്യമാകുന്നതോടെ കുറഞ്ഞ ചെലവിൽ വളരെ ലാഭകരമായി ചരക്ക് നീക്കം നടക്കും. കർഷകന് മാത്രമല്ല ഉപഭോക്താവിനും ഇതിന്റെ ഗുണം ലഭിക്കും. ഡീസൽ പോലുള്ള ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത് ജലത്തിന് ദോഷകരമാകും എന്നതിനാൽ സോളാർ ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പാകുന്നത്. 2003ലെ  നിയമം ഉപയോഗപ്പെടുത്തിയാൽ പഞ്ചായത്തുകൾക്ക് തന്നെ മാലിന്യം തടയുന്നതിൽ വലിയ പങ്ക് വഹിക്കാൻ സാധിക്കും.  സംസ്ഥാനത്ത് 40 ശതമാനം ജനങ്ങൾക്ക് മാത്രമാണ് ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നത്. ഈ സർക്കാരിന്റെ കാലാവധിക്ക് മുൻപ് തന്നെ ഇത് 80 ശതമാനമാക്കാൻ സാധിക്കണമെന്നും മന്ത്രി പറഞ്ഞു. 

2.75 കോടി രൂപ ചെലവിലാണ് സുൽത്താൻ തോട് നവീകരണ പ്രവൃത്തികൾ നടത്തുന്നത്. കുപ്പം പുഴയിൽ വാടിക്കൽ ഭാഗത്ത് നിന്നാരംഭിച്ച് പെരുമ്പ പുഴയിലെ മൂലക്കീൽ ഭാഗവുമായി ബന്ധിപ്പിക്കുന്ന 3.85 കിലോമീറ്റർ കനാലാണ് നവീകരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഇരുകരകളിലെയും കോൺക്രീറ്റ് ഭിത്തികൾ ബലപ്പെടുത്തുകയും കര സൗന്ദര്യവൽക്കരിക്കുകയും ചെയ്യും. മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയാൻ വല സ്ഥാപിക്കും. പ്രധാന ടൂറിസം കേന്ദ്രമായി പ്രദേശത്തെ മാറ്റുക എന്ന ലക്ഷ്യവും പദ്ധതിക്കുണ്ട്. 

ടി വി രാജേഷ് എംഎൽഎ അധ്യക്ഷനായി. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി വി പ്രീത, മാടായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ സുഹറാബി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അൻസാരി തില്ലങ്കേരി, ആർ അജിത, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാർ, അംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ  തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: