ചാല അമലോത്ഭവ മാതാ ദേവാലയത്തിലെ ഈ തിരുനാൾ ഒരുമത്തിരുനാൾ

കണ്ണൂർ – കൂത്ത്പറമ്പ് റോഡിലെ ചാല ഗവ ഹയർ സെക്കണ്ടറി സ്കൂളിന് സമീപമുള്ള ഒരു ചെറിയ കൃസ്ത്യൻ ദേവാലയമാണ് അമലോത്ഭവ മാതാ ദേവാലയം… ഏകദേശം 20 കൃസ്ത്യൻ കുടുംബങ്ങൾ മാത്രമാണ് പള്ളിക്ക് പരിസരത്ത് താമസിക്കുന്നത്.. മതസൗഹാർദ്ദത്തിന്റെ മഹനീയ ഉദാഹരണമായിട്ടുള്ള ഈ പള്ളിയിൽ കഴിഞ്ഞ ശനിയാഴ്ച (Dec 15) ഒരപൂർവ്വ സംഗമം നടക്കുകയുണ്ടായി…

ഏകദേശം 150 വർഷം പഴക്കമുള്ള ഈ ദേവാലയത്തിന്റെ ചരിത്രം മതസൗഹാർദ്ദത്തിന്റെ മകുടോദാഹരണമാണ്..

രംഗം 1

150 വർഷം മുമ്പ് മഗലാപുരത്തു നിന്ന് ചായപ്പൊടി വിൽക്കാൻ ഈ പ്രദേശത്ത് വന്ന ഒരു കൃസ്ത്യൻ യുവാവ് ഇവിടെ വച്ച് പെട്ടന്ന് മരണപ്പെടുകയുണ്ടായി. മൃതദേഹം അടക്കം ചെയ്യുന്നത് സംബന്ധിച്ച് പ്രതിസന്ധി ഉടലെടുത്തപ്പോൾ അന്ന് ഈ പ്രദേശത്തെ നാട്ടുപ്രമാണിയും ജൻമിയുമായ ഏരത്ത് രയരോത്ത് കോരൻ നമ്പ്യാരെ സമീപിച്ചപ്പോൾ കോരൻ നമ്പ്യാർ യാതൊരു വൈമനസ്യവും കൂടാതെ ഈ പ്രദേശത്ത് സ്ഥലം അനുവദിക്കുകയുണ്ടായി. (മൃതദേഹം അടക്കം ചെയ്ത സ്ഥലം ഇന്നും കാണാവുന്നതാണ്)

തുടർന്ന് കൃസ്ത്യൻ സമുദായക്കാർ കോരൻ നമ്പ്യാരെ ഇവിടെ ഒരു പള്ളി പണിയാൻ അനുവാദം തരണമെന്ന് അപേക്ഷിച്ചപ്പോൾ 2.18 ഏക്കർ സ്ഥലം ഇഷ്ടദാനമായി നൽകുകയുണ്ടായെന്നും അതിലാണ് പള്ളി പണിതിട്ടുള്ളതെന്നും അഞ്ചരക്കണ്ടി റജിസ്ട്രാർ ഓഫിസിലെ രേഖകൾ സാക്ഷ്യപ്പെടുത്തുന്നു.. സ്ഥലം സംഭാവന സംബന്ധിച്ച വിവരങ്ങൾ പള്ളിയിൽ എഴുതി വച്ചിട്ടുമുണ്ടായിരുന്നതായി പഴമക്കാർ കൃത്യമായി ഓർക്കുന്നു…

രംഗം 2

വർഷം ഏറെ പിന്നിട്ടു… ഈ സംഭവം കാലത്തിന്റെ കുത്തൊഴുക്കിൽ വിസ്മൃതിയിലമർന്നു.. രണ്ട് സമുദായക്കാരും തമ്മിൽ പരിചയം പോലുമില്ലാത്ത അവസ്ഥയിലെത്തി (കോരൻ നമ്പ്യാരുടെ പിൻമുറക്കാർ പള്ളിയുടെ സമീപത്തല്ല താമസം എന്നത് തന്നെ കാരണം )

രംഗം 3

2017ൽ

കോരൻ നമ്പ്യാരുടെ പിൻ മുറക്കാർ ടി.പ്രകാശ് കുമാർ പ്രസിഡണ്ടും എ ആർ. ജിതേന്ദ്രൻ സെക്രട്ടറിയുമായി ഏരത്ത് രയരോത്ത് ബന്ധുജന സമിതി എന്ന പേരിൽ ഒരു കൂട്ടായ്മ സംഘടിപ്പിക്കുന്നു.. ഈ കൂട്ടായ്മയിൽ പങ്കെടുത്ത ചിലർ മുൻഗാമികൾ ചെയ്ത ഈ സൽപ്രവർത്തി സംബന്ധിച്ച് പരാമർശിക്കുകയും ഒരു സ്മരണിക ഇറക്കുന്നതിനായി ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ടോ എന്നറിയാൻ പള്ളി അധികൃതരുമായി ബന്ധപ്പെടുവാൻ തീരുമാനിക്കുകയും ചെയ്യുന്നു…

രംഗം 4

പള്ളി അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ തേടിയ വള്ളി കാലിൽ ചുറ്റി എന്നതായി അനുഭവം.. കോരൻ നമ്പ്യാരുടെ പിൻഗാമികളെ കണ്ടെത്താൻ അവർ പ്രത്യേക കുർബാന നടത്തിയെന്നും മാതാവിന്റെ ശക്തി ഒന്ന് കൊണ്ട് മാത്രമാണ് രണ്ടാഴ്ച കഴിയും മുമ്പ് നിങ്ങളെ ഇവിടെ എത്തിച്ചതെന്നും പറഞ്ഞപ്പോൾ എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു.. ദൈവമേ നീ എത്ര വലിയവൻ.. അന്നത്തെ ചെറു സംഗമം തീരുമാനമെടുത്തത് സമുഹത്തിന് സന്ദേശമായി മാതൃകയായി ഈ വർഷത്തെ തിരുനാൾ മഹോത്സവം രണ്ട് കുടുംബങ്ങളും ചേർന്ന് നടത്തണമെന്നും തിരുനാളിന് ഉയർത്തേണ്ട കൊടി എരത്ത് രയരോത്ത് കുടുംബ കാരണവർ ബിഷപ്പിന് നൽകണമെന്നും രണ്ട് പേരും ചേർന്ന് കൊടി ഉയർത്തണമെന്നും ഭാവിയിൽ ഇതൊരു കീഴ്വഴക്കമായി തുടരണമെന്നുമായിരുന്നു..

രംഗം 5

ആ ദിവസം സമാഗതമായി. ഡിസംബർ 15 ശനിയാഴ്ച വൈകുന്നേരം 5 മണി … ഇന്നാണ് തിരുനാളിന് കൊടിയുയർത്തേണ്ട ദിവസം.. മുഖ്യ രക്ഷാധികാരി എ. ആർ. രാജൻ നമ്പ്യാരുടെ നേതൃത്വത്തിൽ എത്തിയ കുടുംബാംഗങ്ങളെ ബിഷപ്പ് അലക്സ് വടക്കും തല തിരുമേനിയുടെ നേതൃത്വത്തിൽ അത്യാഹ്ലാദത്തോടെ സ്വീകരിച്ചു.. എവിടെയോ എങ്ങിനെയോ നഷ്ടപ്പെട്ട സഹോദരൻമാരുടെ അപൂർവമായ തിരിച്ചു കിട്ടൽ പോലെ എല്ലാവർക്കും അനുഭവപ്പെട്ടു.. പതാക കൈമാറിയ ശേഷം രണ്ട് പേരും കൂടി ഉയർത്തിയ ശേഷം ബിഷപ്പ് തന്റെ പ്രസംഗത്തിൽ വികാരഭരിതനായി.. വൈദിക ജീവിതത്തിലെ അനർഘനവും അവിസ്മരണീയവുമായ മുഹൂർത്തമാണ് ഇതെന്നും ഇന്നത്തെ ലോകത്തിന് സന്ദേശമാണ് ഈ സംഗമമെന്നും പറയുകയുണ്ടായി..

ചടങ്ങിൽ വച്ച് മുഖ്യരക്ഷാധികാരി രാജൻ നമ്പ്യാരെ ബിഷപ്പ് പൊന്നാടയണിച്ച് ആദരിക്കുകയും കോരൻ നമ്പ്യാരുടെ സന്തതി പരമ്പരകൾക്കായി പ്രത്യേക കുർബാന നടത്തുകയും പിൻഗാമികളെ എല്ലാവരേയും ആശിർവദിക്കുകയും ചെയ്യുകയുണ്ടായി.. വർത്തമാനകാല ലോകത്തിന് മാതൃകയായ ഈ സൗഹൃദം തുടരണമെന്നും ഇത് ഒരു കീഴ്വഴക്കമായി തുടരണമെന്നും പ്രതിജ്ഞ എടുത്താണ് മധുരം പങ്കിട്ട ഷോ എല്ലാവരും പിരിഞ്ഞത്..

(എ.ആർ. ജിതേന്ദ്രൻ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: