കണ്ണൂർ ജില്ലയിൽ 15790 കുടുംബങ്ങൾക്ക് പട്ടയം നൽകി: മന്ത്രി കെ രാജൻ

0

കണ്ണൂർ ജില്ലയിൽ രണ്ടര വർഷം കൊണ്ട് 15790 കുടുംബങ്ങൾക്ക് പട്ടയങ്ങൾ വിതരണം ചെയ്യാൻ കഴിഞ്ഞെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. കണ്ണൂർ മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിജിറ്റൽ റീ സർവേ മികച്ച രീതിയിൽ നടക്കുകയാണ്. കേരളം ഡിജിറ്റൽ റീ സർവേയിലേക്ക് പോകുന്നു. ഒമ്പത് മാസത്തിനകം 182000 ഹെക്ടർ ഭൂമിയാണ് കേരളത്തിൽ അളന്ന് തിട്ടപ്പെടുത്തിയത്. ഇത് ഇന്ത്യയുടെ ചരിത്രത്തിലെ അത്ഭുതമാണ്. ഇതിൽ 22000 ഹെക്ടർ ഭൂമി അളന്നു തീർത്ത് കണ്ണൂർ ജില്ലയിലാണ്. ആദ്യഘട്ടത്തിൽ ജില്ലയിലെ 15 വില്ലേജുകളിൽ ഒമ്പത് വില്ലേജുകളിൽ സർവേ നടപടികൾ പൂർത്തിയായി. ഏഴിടത്ത് പുരോഗമിക്കുകയാണ്. 2016ൽ അധികാരത്തിൽ വന്നതിന് ശേഷം സാമൂഹിക പെൻഷൻ 600 രൂപയിൽ നിന്ന് ഉയർത്തി 1600 രൂപയാക്കി. ഇതുവരെ 57603.4 കോടി രൂപ പെൻഷനായി വിതരണം ചെയ്യാനായി. കേന്ദ്രം കുടിശ്ശിക പിടിച്ചു വെച്ചതും അർഹതപ്പെട്ട വിഹിതം നൽകാത്തതും പെൻഷനടക്കമുള്ള കാര്യങ്ങളിൽ കാലതാമസമുണ്ടാകാൻ കാരണമാവുകയാണെന്നും മന്ത്രി രാജൻ പറഞ്ഞു. പ്രകടനപത്രിക പുറത്തിറക്കുകയും അതിന്റെ പ്രോഗ്രസ് റിപ്പോർട്ട് തയ്യാറാക്കി ജനങ്ങളെ അറിയിക്കുകയും ചെയ്യുന്ന ചരിത്രത്തിലെ ആദ്യ സർക്കാറാണിത്. കൊവിഡ് ലോകത്തെ പേടിപ്പിച്ച് നിർത്തിയപ്പോൾ കരുത്തോടെ ശാസ്ത്രീയമായി നേരിട്ടത് ഈ സർക്കാരാണെന്നും മന്ത്രി രാജൻ പറഞ്ഞു.

കണ്ണൂർ ജില്ലയിൽ ശുദ്ധജല വിതരണത്തിന് 3535 കോടി രൂപ അനുവദിച്ചു: മന്ത്രി റോഷി അഗസ്റ്റിൻ

കണ്ണൂർ ജില്ലയിൽ ശുദ്ധജല വിതരണത്തിന് 3535 കോടി രൂപ അനുവദിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കണ്ണൂർ മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരദേശ സംരക്ഷണത്തിന് 5400 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. 10 കേന്ദ്രങ്ങൾ അതിനായി തെരഞ്ഞെടുത്തു. കാർഷിക മേഖലയെ സഹായിക്കാൻ ഉതകുന്ന രീതിയിലേക്ക് ജലവിഭവ വകുപ്പിന്റെ പ്രവർത്തനം മാറാനുള്ള തയ്യാറെടുപ്പിലാണ്.
നവലിബറൽ നയങ്ങൾക്കെതിരെ സർവ്വ മേഖലയും സംരക്ഷിക്കാനാകുന്ന ഭരണമാണ് സർക്കാരിന്റേത്. ഉന്നത വിദ്യാഭ്യാസ രംഗം ഉണർവിന്റെ കേന്ദ്രങ്ങളായി. കേരളത്തിനു പുറത്തു നിന്നടക്കം വിദ്യാർഥികൾ കേരളത്തിലേക്ക് പഠനത്തിനായി വരാൻ തുടങ്ങിയെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

സർവ്വ മേഖലകളിലും സമഗ്ര വികസനം ലക്ഷ്യം: മന്ത്രി സജി ചെറിയാൻ

കേവലം ഒന്നോ രണ്ടോ മേഖലകളിലല്ല സർവ്വ മേഖലകളിലും സമഗ്ര വികസനമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ഫിഷറീസ്, സാംസ്‌കാരിക, യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ. കണ്ണൂർ മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജനപക്ഷത്താണ് കേരള സർക്കാർ. ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുകയാണ് ഈ സർക്കാരിന്റെ പ്രഖ്യാപിത നയം-മന്ത്രി പറഞ്ഞു. അതിന്റെ ഭാഗമായാണ് തീരദേശം, മലയോരം തുടങ്ങിയവയെ കേന്ദ്രീകരിച്ച് പ്രത്യേക അദാലത്തുകൾ നടത്തിയത്. ലഭിച്ച പരാതികളിൽ ഭൂരിഭാഗവും പരിഹരിക്കാൻ കഴിഞ്ഞിട്ടുമുണ്ട്. ഒരു പരാതിയും ഒരുപാട് കാലം ഫയലിൽ കിടക്കരുതെന്ന് നിർബന്ധമുള്ള മന്ത്രിസഭയാണിത്. തീരദേശ വികസനങ്ങൾക്കായി കോടികളാണ് ചെലവഴിച്ചത്. എന്നും തൊഴിലാളി പക്ഷത്താണ് സർക്കാർ നിന്നിട്ടുള്ളത്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതൽ കൂലി നൽകുന്ന സംസ്ഥാനം കേരളമാണ്. സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് ഇറങ്ങിച്ചെന്നാണ് ഈ സർക്കാർ പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d