അലകടലായി അഴീക്കോട്

ആദ്യം ഇളം കാറ്റു പോലെ, പിന്നെ അത് കൊടുങ്കാറ്റായി…അഴീക്കോട് മണ്ഡലം നവകേരള സദസ്സിലേക്കുള്ള ജനങ്ങളുടെ ഒഴുക്കിനെ ഇങ്ങനെ വിശേഷിപ്പിക്കാം. കാരണം ഇരുപത്തയ്യായിരത്തോളം പേരാണ് ചിറക്കല്‍ മന്ന സ്റ്റേഡിയം ജനനിബിഡമാക്കിയത്.
അഴീക്കോടിന്റെ ചരിത്രം പറയുന്ന ഇന്‍സ്റ്റാലേഷനുകള്‍ കണ്ടാസ്വദിച്ചാണ് ജനം മൈതാനത്തേക്ക് എത്തിയത്. മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ ആളുകള്‍ എത്തിത്തുടങ്ങി. അതോടെ ഡോ. സുമ സുരേഷ് ബാബുവിന്റെ വീണ ഫ്യൂഷന്‍, അമിത സൂരജിന്റെ വയലിന്‍ എന്നിവ സദസ്സിനെ സംഗീത സാന്ദ്രമാക്കി. നര്‍ത്തകി ഷൈജ വിനീഷും സംഘവും അവതരിപ്പിച്ച സ്വാഗതഗാനം, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് വജ്രജൂബിലി ഫെലോഷിപ്പ് വിദ്യാര്‍ഥികളുടെ നാടന്‍ പാട്ട്, അഴീക്കോട് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ തിരുവാതിര, നാറാത്ത് ചെഗുവേര ക്ലബ്ബിന്റെ ഒപ്പന, അഴീക്കോട് ചിലങ്കയുടെ കൈകൊട്ടിക്കളി തുടങ്ങിയവ വര്‍ണ്ണശോഭ പകര്‍ന്നു. 11 മണിയായതോടെ മൈതാനം നിറഞ്ഞൊഴുകി. അതോടെ മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, അഹമ്മദ് ദേവര്‍കോവില്‍, ജെ ചിഞ്ചുറാണി എന്നിവരെത്തി ജനങ്ങളെ അഭിസംബോധന ചെയ്തു. പിന്നാലെ മറ്റ് മന്ത്രിസഭാ അംഗങ്ങളുമെത്തി. കൈത്തറി മുണ്ട്, പൂക്കള്‍ എന്നിവ നല്‍കിയും ഷാള്‍ അണിയിച്ചും മണ്ഡലത്തിലെ സ്‌കൂള്‍ ലീഡര്‍മാര്‍ അവരെ സ്വീകരിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനിടെ കരഘോഷ പ്രവാഹം. ഒടുവില്‍ ഏവരോടും കൈവീശി യാത്ര പറഞ്ഞ് മന്ത്രിമാര്‍ മടങ്ങുമ്പോള്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ തിരിച്ചും കൈവീശി. വാഹനത്തില്‍ കയറിയതോടെ ജനങ്ങളുടെ ആവേശം മുദ്രാവാക്യം വിളികളായി മാറി.
ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കി 20 കൗണ്ടറുകള്‍ പരാതി സ്വീകരിക്കാന്‍ ഒരുക്കിയിരുന്നു. രാവിലെ ഏഴ് മണി മുതല്‍ ഉച്ചവരെ 1985 പരാതികള്‍ ലഭിച്ചു. പരാതി എഴുതി നല്‍കാനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും പ്രത്യേക ഹെല്‍പ്പ് ഡെസ്‌ക്കും ഒരുക്കിയിരുന്നു. സദസ്സിന് ശേഷവും വിവിധ കലാപരിപാടികള്‍ അരങ്ങേറി.
കേരളത്തിലേത് സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ വികസനം; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
എല്ലാ മേഖലകളിലെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രയോഗികമായ നടപടികളും നിലപാടുകളുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് തുറമുഖ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. അഴീക്കോട് മണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സര്‍വതല സ്പര്‍ശിയായ സാമൂഹ്യനീതിയിലധിഷ്ഠിതമായ വികസനമാണ് കേരളത്തില്‍ നടപ്പാക്കുന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കണ്ടും കേട്ടും പരിഹരിക്കുന്നതിനും അഭിപ്രായങ്ങള്‍ സ്വരൂപിക്കുന്നതിനുമാണ് സര്‍ക്കാര്‍ നവകേരള സദസ്സ് സംഘടിപ്പിക്കുന്നത്. ജനത നമ്മുടെ സര്‍ക്കാരിനെ എത്രമേല്‍ ഹൃദയത്തിലേറ്റുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയാണ് ഓരോ മണ്ഡലത്തിലെയും ജനപ്രവാഹം സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അര്‍ഹമായ വിഹിതം നല്‍കാതെ കേന്ദ്രം കേരളത്തെ ശ്വാസംമുട്ടിക്കുന്നു; മന്ത്രി കെ എന്‍ ബാലഗോപാല്‍
കേരളം വികസിച്ചുവെന്ന കാരണത്താല്‍ കേന്ദ്രം അര്‍ഹതപ്പെട്ട വിഹിതം വെട്ടികുറക്കുകയാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. അഴീക്കോട് മണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അര്‍ഹമായ കാര്യങ്ങള്‍ ലഭ്യമാക്കാതെ കേന്ദ്രം കേരളത്തെ ശ്വാസംമുട്ടിക്കുകയാണ്. എന്നാല്‍ ഇതിലൊന്നും തളരാതെ കേരളം മുന്നോട്ട് നീങ്ങുകയാണ്. ആളോഹരി വരുമാനം കൂടുതലുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. നീതി ആയോഗിന്റെ കണക്ക് പ്രകാരം 24 മേഖലകളില്‍ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ മുന്നിലാണ്. യു എന്‍ റിപ്പോര്‍ട്ടില്‍ ‘കേരളമോഡല്‍’ എന്ന പരാമര്‍ശം നമ്മുടെ അഭിമാന നേട്ടമാണ്. ദേശീയപാത, തീരദേശ ഹൈവേ, മലയോര ഹൈവേ എന്നിവയുടെ പ്രവൃത്തികള്‍ ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്. കേരളത്തിന്റെ ഭാവിയില്‍ ഏറ്റവും വലിയ മാറ്റമുണ്ടാക്കാന്‍ കഴിയുന്ന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖ പദ്ധതി. മന്ത്രി പറഞ്ഞു.
ഇത്തരത്തില്‍ ആരോഗ്യം, വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ജീവിത നിലവാരം, തൊഴില്‍, വ്യവസായം, അടിസ്ഥാന സൗകര്യ വികസനം എന്നിങ്ങനെ സമസ്ത മേഖലകളിലും കേരളം മുന്നിട്ടുനില്‍ക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. അതിനാലാണ് ഇത്രയും ആത്മവിശ്വാസത്തോടെ ജനങ്ങള്‍ക്ക് മുന്നില്‍ എത്തിച്ചേര്‍ന്ന് ഭാവിയിലെ വികസനപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സാധിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ നടത്തിയ താലൂക്ക്തല അദാലത്തില്‍ ലഭിച്ച ഭൂരിഭാഗം പരാതികളും തീര്‍പ്പാക്കാന്‍ കഴിഞ്ഞു. വര്‍ഷങ്ങളായി പരിഹരിക്കാന്‍ കഴിയാതെയിരുന്ന പ്രശ്‌നങ്ങള്‍ക്ക് പോലും പരിഹാരം കാണാന്‍ സാധിച്ചു. കേരളം ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളര്‍ച്ചക്കൊപ്പം ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. അതിനായാണ് നവകേരളത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി നവകേരള സദസ്സ് സര്‍ക്കാര്‍ ഒരുക്കിയത്. കഴിഞ്ഞ വര്‍ഷങ്ങളിലെ അനുഭവങ്ങള്‍ വിലയിരുത്തി ഇനി എങ്ങനെ മുന്നോട്ട് പോകണം എന്ന് ചര്‍ച്ച ചെയ്യാനുള്ള വേദിയായിരുന്നു കേരളീയവുമെന്ന് മന്ത്രി പറഞ്ഞു.