അനുമതിയില്ലാതെ ചെങ്കൽ ഖനനം: അഞ്ച് ലോറിയും കല്ലുവെട്ട് യന്ത്രവും പിടിച്ചു

ഇരിട്ടി: ഇരിട്ടി മേഖലയിൽ അനധികൃത ചെങ്കൽഖനനത്തിനും മണൽ കടത്തിനുമെതിരേ പോലീസ് നടപടി ശക്തമാക്കി. ഇരിട്ടി സി.ഐ. എ.കുട്ടികൃഷ്ണന്റെയും സി.ഐ. ദിനേശൻ കൊതേരിയുടേയും നേതൃത്വത്തിൽ മേഖലയിലെ വിവിധ ഭാഗങ്ങളിൽനിന്ന്‌ അനധികൃതമായി ചെങ്കൽ കയറ്റിയ അഞ്ചുലോറികൾ പിടികൂടി.

ജിയോളജി വകുപ്പിന്റെ അനുമതിയില്ലാതെ ഖനനം നടത്തിയ ചെങ്കല്ലുമായി പോയ ലോറിയാണ് പിടിച്ചെടുത്തത്. കുന്നോത്ത്, അത്തിത്തട്ട്, കോളിക്കടവ് എന്നിവിടങ്ങളിൽനിന്നാണ് ലോറികൾ പിടികൂടിയത്. ഒരു കല്ലുവെട്ട് യന്ത്രവും പോലീസ് കസ്റ്റഡിയിലെടുത്തു.

മേഖലയിൽ നിരവധി ചെങ്കൽ ക്വാറികളാണ് ജിയോളജി വകുപ്പിന്റെ അനുമതിയില്ലാതെ പ്രവർത്തിക്കുന്നത്. ഒരിക്കൽ ഖനനത്തിനുള്ള ലൈസൻസെടുത്താൽ അത് ഉപയോഗിച്ച് വ്യാപകമായി ഖനനം നടത്തുന്നുെവന്ന പരാതിയെ തുടർന്നാണ് പോലീസ് പരിശോധന ശക്തമാക്കിയത്. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

മണൽ കയറ്റിയ ലോറി ഇരിട്ടി ടൗണിൽവെച്ചാണ് പോലീസ് പിടികൂടിയത്. ഇരിട്ടി പാലത്തിലൂടെ കടന്ന മിനിലോറി സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മണൽ കടത്തുകയാണെന്ന് മനസ്സിലായത്. എസ്.ഐ.മാരായ ബേബി ജോർജ്, ബെനഡിറ്റ്, റെജി സ്കറിയ തുടങ്ങിയവരും സി.പി.ഒ. നിജേഷ് തില്ലങ്കേരി എന്നിവർ ചേർന്നാണ് ലോറി പിടികൂടിയത്.

കഴിഞ്ഞദിവസം വള്ളിത്തോട് വെച്ച് മണൽ കടത്തിയ ലോറി പിടികൂടി ഡ്രൈവറെ അറസ്റ്റുചെയ്തിരുന്നു. മേഖലയിലെ ബാവലി, ബാരാപോൾ പുഴകൾ കേന്ദ്രീകരിച്ച് വൻതോതിൽ മണൽകൊള്ള നടക്കുകയാണ്.

കടത്തുസംഘങ്ങളെ പിടിക്കാൻ റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ സ്ക്വാഡും രൂപവത്കരിച്ചിട്ടുണ്ട്. പുഴകളിലെ നിരൊഴുക്ക് കുറഞ്ഞതോടെ മണൽക്കടത്ത്‌ സംഘങ്ങൾ ശക്തമാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: