സർക്കാർ ജീവനക്കാരുടെ ശമ്പളം ഇനി പിടിക്കില്ല; മന്ത്രിസഭായോഗ തീരുമാനങ്ങൾ

ഇന്നത്തെ മന്ത്രിസഭായോഗത്തിൽ വളരെ സുപ്രധാന വിഷയങ്ങളിൽ തീരുമാനമെടുത്തു

സർക്കാർ ജീവനക്കാരുടെ ശമ്പളം ഇനി പിടിക്കില്ല; മന്ത്രിസഭായോഗ തീരുമാനങ്ങൾ
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിച്ചുവയ്‌ക്കുന്ന നടപടി ഇനിയില്ല. കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് നിശ്ചിത തുക പിടിച്ചുവച്ചിരുന്നു. എന്നാൽ, ഈ നടപടി ഇനി തുടരേണ്ടതില്ലെന്ന് മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചു. ശമ്പളത്തിൽ നിന്നു പിടിച്ച തുക അടുത്ത മാസം മുതൽ തിരിച്ചുനൽകാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമായത്. ജീവനക്കാരുടെ ശമ്പളം പിടിച്ചുവയ്‌ക്കുന്നതിനെതിരെ പ്രതിഷേധമുയർന്നിരുന്നു. സർവീസ് സംഘടനകൾ അടക്കം ഇതിനെതിരെ രംഗത്തെത്തി. വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് മുൻ നടപടിയിൽ നിന്ന് പിന്മാറാൻ സർക്കാർ തീരുമാനിച്ചത്.

സർക്കാർ ജോലികളിൽ മുന്നാക്ക സംവരണത്തിനു അംഗീകാരം

സർക്കാർ ജോലികളിൽ മുന്നാക്ക സംവരണത്തിനു മന്ത്രിസഭ അംഗീകാരം നൽകി. നിയമനങ്ങളിൽ സംവരണം നടപ്പാക്കാൻ പിഎസ്‌സി നിർദേശിച്ച ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. മുന്നാക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് 10 ശതമാനം സംവരണം ഇടതുമുന്നണിയുടെ പ്രകടന പത്രികയിലെ വാഗ്‌ദാനങ്ങളിലൊന്നായിരുന്നു. മുന്നാക്ക സംവരണം നടപ്പാക്കാന്‍ നേരത്തെ തീരുമാനമെടുത്തെങ്കിലും യാഥാർഥ്യമാകാൻ സര്‍വീസ് ചട്ട ഭേദഗതി കൂടി വേണ്ടിയിരുന്നു. സർവീസ് ചട്ടം ഭേദഗതി ചെയ്‌ത പിഎസ്‌സി നടപടിക്കാണ് മന്ത്രിസഭ ഇന്ന് അംഗീകാരം നൽകിയത്. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറത്തിറക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ സർക്കാർ ജോലികളിൽ മുന്നാക്ക സംവരണം നിലവിൽ വരൂ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: